Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ത്ഥി ലീഗ് നീക്കങ്ങള്‍ അറിഞ്ഞ ശേഷം


മഞ്ചേശ്വരം (www.evisionnews.in): സംസ്ഥാനത്തെ ബിജെപിയുടെ സാധ്യതാ പട്ടികയിലുള്ള നിയോജകമണ്ഡലമായ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥി ആരായിരിക്കണമെന്ന് തീരുമാനിക്കുന്നത് മുസ്ലിം ലീഗിന്റെ നീക്കങ്ങള്‍ അറിഞ്ഞ ശേഷം. ലീഗിന്റെ സ്ഥാനാര്‍ത്ഥി കരുത്തനാണെങ്കില്‍ ഇതിനെ വെല്ലാന്‍ കെല്‍പുള്ള നേതാവിനെതന്നെ പോര്‍ക്കളത്തിലിറക്കി മണ്ഡലം പിടിക്കാനാണ് ബിജെപിയുടെ തന്ത്രങ്ങള്‍. ഇതിന് ദക്ഷിണ കര്‍ണാടക ബിജെപിയുടെ അളവറ്റ സഹായവും മഞ്ചേശ്വരത്തെ ബിജെപി പ്രതീക്ഷിക്കുന്നു.

ഏറ്റവുമൊടുവില്‍ ജില്ലാ പ്രസിഡണ്ട് പദവിയില്‍ നിന്ന് വിരമിച്ച കെ സുരേഷ് കുമാര്‍ ഷെട്ടിയുടെ പേരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി പ്രചരിക്കുന്നത്. എല്‍.ഡിഎഫ് സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ ശങ്കര്‍ റൈ ആകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ഷെട്ടിയും റൈയും ഒരേ സമുദായാംഗങ്ങളാണ്. ഷെട്ടിക്ക് കിട്ടാവുന്ന ചില വോട്ടുകള്‍ ശങ്കര്‍ റൈക്ക് പിടിച്ചെടുക്കാനാവുമെന്നും ഇടതുപക്ഷം കണക്കുകൂട്ടുന്നു. ബിജെപി സംസ്ഥാന കമ്മിറ്റിയാണെങ്കില്‍ മഞ്ചേശ്വരത്ത് വീണ്ടുമൊരിക്കല്‍ കൂടി സുരേന്ദ്രനെ രംഗത്തിറക്കാനാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥി തുളുനാടന്‍ തന്നെ ആയിരിക്കണമെന്ന നിലയിലാണ് പ്രാദേശിക നേതൃത്വം.

മുസ്ലിം ലീഗിനാണെങ്കില്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയം ഒരു കീറാമുട്ടി തന്നെയാണ്. ജില്ലാനേതാവായ എംസി ഖമറുദ്ദീനെ മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനെതിരെ ലീഗിലെ പ്രാദേശിക വാദികള്‍ വാളോങ്ങി നില്‍ക്കുന്ന കാഴ്ചയാണെങ്ങും. പിബി അബ്ദുല്‍ റസാഖിനെ മാറ്റിയാല്‍ പകരം വരേണ്ടത് എന്‍.എ നെല്ലിക്കുന്നോ അല്ലെങ്കില്‍ മണ്ഡലത്തിലെ മറ്റേതെങ്കിലും നേതാക്കളോ ആകണമെന്നാണ് ഇവരുടെ ആവശ്യം. ജില്ലാ പഞ്ചായത്ത് അംഗമായിരിക്കെ എം.സി ഖമറുദ്ദീന്‍ മണ്ഡലത്തെ അവഗണിച്ചെന്നാണ് പാര്‍ട്ടിക്കുള്ളിലെ പരാതി. ഈ ആക്ഷേപം ഉയര്‍ത്തിപ്പിടിച്ച് നവമാധ്യമങ്ങളിലും പ്രചാരണം നടക്കുന്നുണ്ട്. ഖമറുദ്ദീന്‍ സ്ഥാനാര്‍ത്ഥിയായാല്‍ ചെര്‍ക്കളം അബ്ദുള്ള 2006ല്‍ സിപിഎം സ്ഥാനാര്‍ത്ഥിയോട് തോറ്റ ചരിത്രം ആവര്‍ത്തിക്കുമെന്നും ഭീഷണിമുഴക്കുന്നവരുണ്ട്. ഈ ഭീഷണി മുന്നില്‍ കണ്ട് കാസര്‍കോട് മണ്ഡലത്തില്‍ മത്സരിക്കാനാണ് ഖമറുദ്ദീന്റെയും അദ്ദേഹത്തെ പിന്തുണക്കുന്നവരുടെയും നീക്കങ്ങള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad