ഉപ്പള:(www.evisionnews.in) ലാവ്‌ലിന്‍ കമ്മീഷന്‍ വിവാദം കേരള രാഷ്ട്രിയത്തില്‍ ഇരമ്പുന്നതിനിടയില്‍ ഇവിടെ നിന്നാരംഭിച്ച പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിനെ അഭിസംബോധന ചെയ്ത പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ നടത്തിയത് ലാവ്‌ലിനില്‍ തൊടാതെയുള്ള പ്രംസംഗം. ലാവ്‌ലിന് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ ഹര്‍ജിയെ സംബന്ധിച്ച് വി.എസ് എന്തെങ്കിലും പരാമര്‍ശിക്കുമെന്ന പാര്‍ട്ടി അണികളുടേയും മാധ്യമ സംഘങ്ങളുടേയും ജനക്കുട്ടത്തിന്റയും പ്രതീക്ഷ തെറ്റിച്ചാണ് പത്തുമിനിറ്റോളം അദ്ദേഹം പ്രസംഗിച്ചത്.
പ്രസംഗത്തിലുടനീളം ബി.ജെ.പിയുടെ വര്‍ഗ്ഗീയ-ഫാസിസ്റ്റ് അജണ്ട തുറന്ന് കാട്ടിയാണ് വി.എസ് മുന്നേറിയത്.തന്റെ പതിവ് ശൈലിയിലുള്ള നീട്ടലും കുറക്കലും അംഗവിക്ഷേപങ്ങളും ഉപ്പളയില്‍ വി.എസ് പുറത്തെടുത്തില്ല.കേരളത്തിന്റെ പര്യായമായ മതനിരപേക്ഷതയും മതസൗഹാര്‍ദ്ദവും തകര്‍ക്കാനാണ് കുമ്മനം രാജശേഖരനെ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ടാക്കിയതെന്ന് വി.എസ് ആരോപിച്ചു. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതാണ്. കബളിപ്പിക്കുന്നതിന്റെയും വഞ്ചനയുടേയും മുഖമുദ്രയാണ് നരേന്ദ്രമോദിയുടെ സര്‍ക്കാര്‍. ബി.ജെ.പി ഇന്ത്യയില്‍ അനുദിനം തകരുന്ന കാഴ്ചയാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പുകളില്‍ പ്രകടമായത്. ഉമ്മന്‍ ചാണ്ടിയുടെ ദുര്‍ഭരണം കേരളത്തില്‍ അവസാനിപ്പിക്കാനുള്ള പശ്ചാത്തലം ഒരുക്കുകയാണ് പിണറായി നയിക്കുന്ന നവകേരളയാത്രയുടെ ലക്ഷ്യമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു

Post a Comment
0 Comments