Type Here to Get Search Results !

Bottom Ad

പി ജയരാജനെ നിയമസഭാ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആലോചന


കണ്ണൂര്‍: (www.evisionnews.in)കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐ പ്രതിയാക്കിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കി മത്സരിപ്പിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ ആലോചന മുറുകി. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ കാരായി മോഡല്‍ മത്സരത്തിനാണ് ജയരാജനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ സിപിഎം ലക്ഷ്യമിടുന്നത്. പി ജയരാജന്‍ ഇപ്പോള്‍ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ ചികിത്സയിലാണ്.

കണ്ണൂര്‍ ജില്ലയിലെ സുരക്ഷിതമായ ഒരു നിയോജകമണ്ഡലത്തില്‍ ജയരാജനെ മത്സരിപ്പിച്ചേക്കും. ജയരാജന്‍ വിജയിച്ച് നിയമസഭാംഗമായാല്‍ സിബിഐ അദ്ദേഹത്തിനെതിരെ തുടരുന്ന അന്വേഷണ നടപടികളുടെ തീവ്രത കുറക്കാനും വ്യക്തിപരമായി അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടാകാനിടയുള്ള പീഡനങ്ങളില്‍ നിന്ന് പരിരക്ഷനേടാനും സ്ഥാനാര്‍ത്ഥിത്വത്തിലൂടെ കഴിയുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം.

ഫസല്‍ വധക്കേസില്‍ പ്രതികളായതിനെതുടര്‍ന്ന് കാരായി രാജനും കാരായി ചന്ദ്രശേഖരനും എറണാക്കുളത്തേക്ക് നാടുകടത്തപ്പെട്ടിട്ടുണ്ടെങ്കിലും ഇരുവര്‍ക്കും നാമനിര്‍ദ്ദേശ പത്രിക നല്‍കാനും വിജയിച്ചപ്പോള്‍ സത്യപ്രതിജ്ഞയടക്കമുള്ള ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും സിബിഐ കോടതി അനുമതി നല്‍കിയിരുന്നു. കതിരൂര്‍ വധക്കേസിന്റെ മുന്നോട്ടുള്ള ഘട്ടങ്ങളിലും ജയരാജന് ഈ ആനുകൂല്യം നല്‍കാന്‍ സിബിഐ നിര്‍ബന്ധിക്കപ്പെടുമെന്നും സിപിഎമ്മിന് ഉറപ്പുണ്ട്.

കാരായിമാര്‍ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ഇതിന്റെ ധാര്‍മ്മികത ചോദ്യം ചെയ്തു രാഷ്ട്രീയ എതിരാളികള്‍ സിപിഎമ്മിനെ കുരിശിലേറ്റാന്‍ ശ്രമം നടത്തിയെങ്കിലും രാജനും ചന്ദ്രശേഖരനും വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ചപ്പോള്‍ എതിരാളികളുടെ നാവടക്കിയെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇതേ സ്ഥിതി പി ജയരാജന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സൃഷ്ടിച്ചെടുക്കാനാണ് സിപിഎമ്മിന്റെ കരുതലോടെയുള്ള നീക്കങ്ങള്‍.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad