Type Here to Get Search Results !

Bottom Ad

വര്‍ഷമൊഴിഞ്ഞതും പിറന്നതും അപകടമരണ വാര്‍ത്തയുമായി: മൂന്നു ദിവസത്തിനിടെ കാസര്‍കോട്ട് പൊലിഞ്ഞത് അഞ്ചു ജീവനുകള്‍


കാസര്‍കോട് (www.evisionnews.in): അപകടപരമ്പരയുടെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ കേട്ടാണ് കാസര്‍കോട്ടുകാര്‍ പുതുവര്‍ഷത്തില്‍ ഉണര്‍ന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടെ കാസര്‍കോട്ട് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ അഞ്ചു ജീവനുകളാണ് പൊലിഞ്ഞുപോയത്. 

ഹൊസങ്കാടി പൊസോട്ട് ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ വടകര സ്വദേശി ഹരിപ്രസാദാ (21)ണ് മരിച്ചത്. കര്‍ണാടക മൂഡബിദ്രിയില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ ഹരിപ്രസാദും സുഹൃത്തും ബൈക്കില്‍ നാട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഹരിപ്രസാദിനെ ഉടന്‍ മംഗളൂരു ആസ്പത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതിന് പിന്നാലെയാണ് ഉപ്പള സ്‌കൂളിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ മിനിലോറിയിടിച്ച് ആന്ധ്രാപ്രദേശ് സ്വദേശി ഷേഖ് അല്ലാബഹാന്‍ (31) മരിച്ചത്. വര്‍ഷങ്ങളായി ഉപ്പളയില്‍ താമസിക്കുന്ന ഇയാള്‍ താമസ സ്ഥലത്തേക്ക് പോവുന്നതിനിടെയാണ് അപകടമുണ്ടായത്. 

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ദേലമ്പാടി വാല്‍ത്താജെയിലെ മുഹമ്മദ് സിയാദ് (21) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്കായിരുന്നു അപകടം. ആറുവര്‍ഷമായി കണ്ണൂരില്‍ ഹോട്ടല്‍ ജീവനക്കാരനായ മുഹമ്മദ് സിയാദ് വല്‍ത്താജെയില്‍ നിര്‍മ്മിച്ച വീടിന്റെ പണികളെ കുറിച്ചന്വേഷിക്കാന്‍ രാവിലെ കണ്ണൂരില്‍ നിന്നെത്തിയതായിരുന്നു. തുടര്‍ന്ന് വീട്ടാവശ്യങ്ങള്‍ക്കായി മുള്ളേരിയയിലേക്ക് പോകുന്നതിനിടെയാണ് മരണം. 

ജില്ലയെ നടുക്കിയ മൂന്ന് മരണങ്ങളുടെ തുടര്‍ച്ചയായാണ്് പുതുവര്‍ഷ പുലര്‍ച്ചെ കറന്തക്കാടുണ്ടായ വാഹനപകടം. മംഗലാപുരത്ത് നിന്നും കണ്ണൂരിലേക്ക് ബിയറുമായി പോവുകയായിരുന്ന ലോറിയില്‍ പിറകില്‍ നിന്നും വന്ന പൂഴിലോറി ഇടിച്ചാണ് മലപ്പുറം സ്വദേശി പ്രഭാകരന്‍ (60) മരിച്ചത്. എടക്കാടുള്ള ഒരു ബന്ധുവിന്റെ മരണവിവരമറിഞ്ഞ് അങ്ങോട്ട് പോകാനായി ഉപ്പളിലെ താമസസ്ഥലത്ത് നിന്ന് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലേക്ക് വരുമ്പോഴായിരുന്നു അപകടം. മറ്റു വാഹനമൊന്നും ഇല്ലാത്തതിനാല്‍ ഉപ്പളയില്‍ നിന്ന് കണ്ണൂരേക്കുള്ള ലോറിയില്‍ ലിഫ്റ്റ് ചോദിച്ച് കയറിയതായിരുന്നു പ്രഭാകരനും മകന്‍ സുജീഷും. കറന്തക്കാട് എത്തിയപ്പോള്‍ ഇരുവരും ഇറങ്ങുന്നതിനിടെ പിറകില്‍ നിന്നും വരികയായിരുന്ന പൂഴി ലോറി ഇവര്‍ സഞ്ചരിച്ച ലോറിയില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡരികിലേക്ക് തെറിച്ചു വീണ ഇയാള്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. ഇതിന് പിന്നാലെ മള്ളങ്കൈയില്‍ ഓട്ടോ അപകടത്തില്‍പെട്ട് മജല്‍ സ്വദേശി അന്‍വറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. യാത്രക്കാരായ മൂന്ന് സ്ത്രീകള്‍ക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ബദിയടുക്കയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് പള്ളത്തടുക്കയിലെ അശോക (35)യ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പിന്നാലെ പെര്‍ളയില്‍ നിയന്ത്രണം വിട്ട് കാര്‍ റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് മംഗളൂരു കിന്നിംഗോളി സ്വദേശി കേശവഭട്ടിന് പരിക്കേറ്റിരുന്നു. 

ശനിയാഴ്ച രാവിലെ കല്ലിങ്കാലിലുണ്ടായ കാറപകടമാണ് അവസാനത്തേത്. റോഡുമുറിച്ചു കടക്കുന്നതിനിടെ കാര്‍ ഇടിച്ച് ബള്ളൂര്‍ കല്ലങ്കൈയിലെ സോമപ്പഗട്ടി (55)യാണ് മരിച്ചത്. പൈവളികെ പഞ്ചായത്തിലെ ജലനിധി ജോലിക്കായി വയനാട് പുതുപ്പള്ളിയില്‍ നിന്നെത്തിയ സംഘം സഞ്ചരിച്ച കാര്‍ ഇടിക്കുകയായിരുന്നു. 

Keywords; Kasaragod-news-road-accident-crash-hospital-

Post a Comment

0 Comments

Top Post Ad

Below Post Ad