Type Here to Get Search Results !

Bottom Ad

അക്കൗണ്ട് തുറക്കും, പത്തിലേറെ സീറ്റുകള്‍ നേടും, കേരളം പിടിക്കും -കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം (www.evisionnews.in): മൂന്നുമാസത്തിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി പത്തുമുതല്‍ പതിനഞ്ചോളം സീറ്റുകള്‍ നേടുമെന്ന് സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ 15 ശതമാനം വോട്ടുകള്‍ നേടിയിട്ടുണ്ട്. നാല്‍പതോളം മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിനും നാല്‍പതിനായിരത്തിനുമിടക്ക് വോട്ടുകളും ബിജെപി നേടിയെന്നും ഇത് സംസ്ഥാനത്തെ രാഷ്ട്രീയ കാലാവസ്ഥ തങ്ങള്‍ക്ക് അനുകൂലമാണെന്നതിന്റെ തെളിവാണെന്നും കുമ്മനം അവകാശപ്പെട്ടു. 

കേന്ദ്ര നേതൃത്വം കേരളത്തിലേക്ക് കെട്ടിയിറക്കിയ നേതാവല്ല താനെന്നും ജനാധിപത്യ പരമായ രീതിയിലാണ് തന്നെ പ്രസിഡണ്ടായി അവരോധിച്ചത്. പാര്‍ട്ടി അടിമുടി അഴിച്ചു പണിയാന്‍ ഉദ്ദേശിക്കുന്നില്ല. പാര്‍ട്ടി വിട്ടവരെയും അകന്നു നില്‍ക്കുന്നവരെയും തിരികെയെത്തിക്കും. ബൂത്ത് തലത്തില്‍ ജനകീയ സമിതി രൂപീകരിച്ച് പാര്‍ട്ടിയെ തെരഞ്ഞെടുപ്പിന് മുമ്പ് സുസജ്ജമാക്കും. വെള്ളാപ്പള്ളി ഉഴുതിട്ട മണ്ണില്‍ വിതക്കപ്പെട്ട വിത്തല്ല താനെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാനതെത ഹിന്ദുക്കളെയാകെ ഒരൊറ്റ കൊടിക്കീഴില്‍ സംഘടിപ്പിക്കലല്ല ബിജെപിയുടെ ദൗത്യം. ബിജെപി ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമാണ്. ഹിന്ദു സംഘാടനം ഹൈന്ദവ സംഘടനകള്‍ക്കുള്ളതാണെന്നും കുമ്മനം പറഞ്ഞു. എസ്എന്‍ഡിപിയുമായുള്ള സഖ്യം അബദ്ധമായിയെന്ന് കരുതുന്നില്ല. എന്‍എസ്എസുമായി ശത്രുതയില്ലെന്നും സുകുമാരന്‍ നായര്‍ ബിജെപിയുമായി ഏറ്റുമുട്ടിയിട്ടില്ലെന്നും കുമ്മനം വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad