Type Here to Get Search Results !

Bottom Ad

നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ ഉത്തരവാദി ഉമ്മന്‍ചാണ്ടി -പിണറായി

evisionnews

കാസര്‍കോട് (www.evisionnews.in): നിയമസഭയില്‍ ബി.ജെ.പി അക്കൗണ്ട് തുറന്നാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും കോണ്‍ഗ്രസിനുമായിരിക്കുമെന്ന് പിണറായി വിജയന്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ബി.ജെപിയും രഹസ്യ സഖ്യത്തിനും വോട്ടു മറിക്കലിനും കളമൊരുങ്ങിക്കഴിഞ്ഞതായും പിണറായി വിജയന്‍ കാസര്‍കോട്ട് പറഞ്ഞു. 

ബി.ജെ.പി കേരളത്തില്‍ വളരുകയാണെന്ന പ്രചാരണം ചില കേന്ദ്രങ്ങളുടെ ബോധപൂര്‍വമുള്ള സൃഷ്ടിയാണ്. ഈ പ്രചാരണത്തില്‍ കഴമ്പില്ല. മതനിരപേക്ഷത തകര്‍ക്കുന്ന സംസ്ഥാനത്തെ ബി.ജെ.പി നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടി സിപിഎമ്മും ഇടതു പക്ഷവുമാണ്. ഇതില്‍ ആര്‍ക്കും തര്‍ക്കമില്ല. ഇതിന്റെ തെളിവാണ് കഴിഞ്ഞ രണ്ടു ദിവസമായി നവകേരളയാത്രയെ വരവേല്‍ക്കാന്‍ അണിനിരക്കുന്ന അഭൂതപൂര്‍വ്വമായ ജനമുന്നേറ്റമെന്നും ആര്‍.എസ്.എസിന്റെയും വര്‍ഗ്ഗീയ ശക്തികളെയുടെയും കേരളത്തെ രക്ഷിക്കാനുള്ള ജനങ്ങളുടെ ഇച്ഛാശക്തിയാണ് ഇത് തെളിയിക്കുന്നതെന്നും പിണറായി വിശദീകരിച്ചു. 

യു.ഡി.എഫ് തകര്‍ന്നു കഴിഞ്ഞു. തകര്‍ന്നു തരിപ്പണമായ യുഡിഎഫിന് ഭരണത്തുടര്‍ച്ച സൃഷ്ടിക്കാനും കഴിയില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ സഹായിക്കാന്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാറാണ്. യുഡിഎഫ് സര്‍ക്കാര്‍ ഇത് അട്ടിമറിച്ചു. കാസര്‍കോടിന് അനുവദിച്ച ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളജ് പദ്ധതിക്ക് തുരങ്കം വെച്ചതും കേന്ദ്രസര്‍വകലാശാലയുടെ മെഡിക്കല്‍ കോളജ് തെക്കല്‍ ജില്ലയിലേക്ക് മാറ്റിയതും സംസ്ഥാന സര്‍ക്കാറിന്റെ അറിവോടു കൂടിയാണെന്നും പിണറായി പറഞ്ഞു. നവകേരള മാര്‍ച്ച് തുടങ്ങിയതോടെ യു.ഡി.എഫ് അങ്കലാപ്പിലായിക്കഴിഞ്ഞു. ഇതാണ് ഉമ്മന്‍ചാണ്ടിയുടെ സിപിഎം വിരുദ്ധ ലേഖനത്തിലും വിഎം സുധീരന്റെ ജല്‍പ്പനങ്ങളിലും കാണുന്നത്. 

കേരളം മാറണം. മാറിയേ തീരൂ. ഇതാണ് നവകേരള യാത്ര ഉയര്‍ത്തിപ്പിടിക്കുന്നത്. നാലുവരിപ്പാതയും ഗ്യാസ് ലൈനും മെട്രോയും ഐടി വികസനവും വിദ്യാഭ്യാസ കാര്‍ഷിക വ്യവസായ രംഗത്തെ സമൂലമായ മാറ്റത്തിന് എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ബഹുജന പങ്കാളിത്തത്തോടെ നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച് ഒരു പുതുപുത്തന്‍ കേരളം കെട്ടിപ്പടുക്കുമെന്നും പിണറായി പ്രഖ്യാപിച്ചു. 



Post a Comment

0 Comments

Top Post Ad

Below Post Ad