Type Here to Get Search Results !

Bottom Ad

വിജയത്തോടെ ആഴ്‌സണല്‍ ഒന്നാമത്


ലണ്ടന്‍: (www.evisionnews.in)ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മികച്ച വിജയത്തോടെ ആഴ്‌സണല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഇന്നലെ പുലര്‍ച്ചെ അവസാനിച്ച മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ബേണ്‍സ്മൗത്തിനെയാണ് ആഴ്‌സണല്‍ കീഴടക്കിയത്. വിജയത്തോടെ 19 കളികളില്‍ നിന്ന് 39 പോയിന്റുമായാണ് ഗണ്ണേഴ്‌സ് ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. ഒരു മത്സരം കുറച്ചുകളിച്ച ലീസസ്റ്റര്‍ സിറ്റി 38 പോയിന്റുമായി രണ്ടാമത്. മറ്റൊരു സൂപ്പര്‍ പോരാട്ടത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്-ചെല്‍സി കളി ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

കഴിഞ്ഞ ദിവസം സതാംപ്ടനോട് മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് തകര്‍ന്നതിന്റെ ക്ഷീണമൊന്നും ഗണ്ണേഴ്‌സ് നിരയില്‍ കാണാനുണ്ടായിരുന്നില്ല. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും മുന്നിട്ടുനിന്ന ആഴ്‌സണല്‍ 27-ാം മിനിറ്റില്‍ ലീഡ് നേടുകയും ചെയ്തു. മെസ്യൂട്ട് ഓസില്‍ എടുത്ത കോര്‍ണര്‍ കിക്ക് നല്ലൊരു വലയിലൂടെ ഗബ്രിയേല്‍ പൗലിസ്റ്റ ബേണ്‍സ്മൗത്ത് വലയിലെത്തിച്ചു. ഇതിന് മുമ്പ് അഞ്ചാം മിനിറ്റില്‍ ബേണ്‍സ്മൗത്തിന് അവസരം ലഭിച്ചെങ്കിലും ബോക്‌സിന് പുറത്തുനിന്ന് ജൗഷ കിങ് പായിച്ച ഷോട്ട് പീറ്റര്‍ ചെക്ക് രക്ഷപ്പെടുത്തി. ലീഡ് നേടിയതോടെ ആക്രമണം കനപ്പിച്ച ആഴ്‌സണല്‍ മികച്ച അവസരങ്ങള്‍ തുറന്നെടുത്തെങ്കിലും ചേംബെര്‍ലെയ്‌നും ഗിറൗഡിനും ഗബ്രിയേലിനും ലക്ഷ്യം പിഴച്ചതോടെ ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ പിറന്നില്ല.

രണ്ടാം പകുതിയിലും ഗണ്ണേഴ്‌സിനായിരുന്നു ആധിപത്യം. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 63-ാം മിനിറ്റില്‍ ആഴ്‌സണല്‍ ലീഡ് ഉയര്‍ത്തി. ഗിറൗഡ് നല്‍കിയ അവസരത്തില്‍ നിന്ന് മെസ്യൂട്ട് ഓസിലാണ് ഇത്തവണ നിറയൊഴിച്ചത്. തുടര്‍ന്നും മികച്ച നീക്കങ്ങളിലൂടെ ആഴ്‌സണല്‍ കളം നിറഞ്ഞെങ്കിലും ലീഡ് ഉയര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇതിനിടെ ആഴ്‌സണല്‍ പ്രതിരോധത്തെ പൊളിച്ചെറിഞ്ഞ് ബേണ്‍സ്മൗത്ത് താരങ്ങളും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അക്ഷോഭ്യനായി നിന്ന പീറ്റര്‍ ചെക്കിനെ മറികടക്കാന്‍ കഴിയാതിരുന്നതോടെ ആശ്വാസഗോളെന്ന സ്വപ്‌നവും പൊലിഞ്ഞു.

മറ്റൊരു മത്സരത്തില്‍ പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ മൂന്ന് പോരാട്ടങ്ങള്‍ക്കുശേഷം മാഞ്ചസ്റ്റര്‍ സമനില പിടിച്ചു. ഓള്‍ഡ് ട്രഫോര്‍ഡില്‍ നടന്ന കളിയില്‍ ചെല്‍സിയുമായാണ് യുണൈറ്റഡ് ഗോള്‍രഹിത സമനില പാലിച്ചത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ ഭേദപ്പെട്ട പ്രകടനമാണ് യുണൈറ്റഡ് താരങ്ങള്‍ പുറത്തെടുത്തത്. എന്നാല്‍ പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും ചെല്‍സിയേക്കാള്‍ മികച്ചു നിന്നത് മാഞ്ചസ്റ്റര്‍ യുണൈറ്റഡായിരുന്നെങ്കിലും വെയ്ന്‍ റൂണിയടക്കമുള്ള താരങ്ങളുടെ ലക്ഷ്യബോധമില്ലായ്മ അവരെ സമനിലയില്‍ തളക്കുകയായിരുന്നു. എല്ലാ മത്സരങ്ങളിലുമായി തുടര്‍ച്ചയായ എട്ടാം മത്സരത്തിലാണ് യുണൈറ്റഡ് വിജയം നേടാന്‍ കഴിയാതെ കളം വിടുന്നത്. 1990ലാണ് യുണൈറ്റഡ് ഇതുപോലെ മോശം പ്രകടനം നടത്തിയത്.

മറ്റൊരു കളിയില്‍ ടോട്ടനം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വാറ്റ്‌ഫോര്‍ഡിനെ കീഴടക്കി മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ടോട്ടനത്തിന് വേണ്ടി ലമേലയും ഹ്യൂങ് മിനും ലക്ഷ്യം കണ്ടപ്പോള്‍ വാറ്റ്‌ഫോര്‍ഡിന്റെ ആശ്വാസഗോള്‍ ഇഗാലോയുടെ വക.

മറ്റ് കളികളില്‍ എവര്‍ട്ടണ്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് സ്‌റ്റോക്ക് സിറ്റിയോട് പരാജയപ്പെട്ടു. നോര്‍വിച്ച് 2-0ന് ആസ്റ്റണ്‍ വില്ലയെ പരാജയപ്പെടുത്തിയപ്പോള്‍ വെസ്റ്റ്‌ബ്രോം 1-0ന് ന്യൂകാസില്‍ യുണൈറ്റഡിനെയും വെസ്റ്റ് ഹാം 2-1ന് സതാംപ്ടനെയും അടിച്ചിട്ടു. ക്രിസ്റ്റല്‍ പാലസ്-സ്വാന്‍സീ സിറ്റി കളി ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.



Tags

Post a Comment

0 Comments

Top Post Ad

Below Post Ad