മഞ്ചേശ്വരം: (www.evisionnews.in) ഉപ്പള ടൗണില്‍ ചൊവ്വാഴ്ച രാത്രിയുണ്ടായ വെടിവെപ്പുമായി ബന്ധപ്പെട്ട് രണ്ടുപേരെ വധശ്രമക്കേസ് മഞ്ചേശ്വരം എസ്.ഐ അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ടയിലെ കാലിയ റഫീഖ്(48), ഉപ്പള ഹിദായത്ത് നഗറിലെ കസായി അലി (35) എന്നിവരെയാണ് അറസ്റ്റുചെയ്തത്. വാഗ്ണര്‍ കാറിന് വെടിയുതിര്‍ത്ത് കാലിയ റഫീഖിനെ വധിക്കാന്‍ ശ്രമിച്ചു എന്ന കേസിലാണ് കസായി അലിയെ അറസ്റ്റു ചെയ്തത്. അലി സഞ്ചരിച്ച ബൊലേറോ ജീപ്പിന് വെടിവെച്ചതിനാണ് കാലിയ റഫീഖിനെ അറസ്റ്റ് ചെയ്തത്.
വെടിയേറ്റ കാറുകള്‍ പോലീസ് കസ്റ്റഡിയിലാണ്. ഇവ തിരുവനന്തപുരത്തെ ബാലസ്റ്റിക് വിദഗ്ധര്‍ കുമ്പളയിലെത്തി പരിശോധിക്കും. രണ്ട് തോക്കുകള്‍ ഉപയോഗിച്ചതായാണ് പ്രാഥമിക നിഗമനം. റഫീഖിന്റെയും അലിയുടെയും വീടുകളില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും തോക്കുകളൊന്നും കിട്ടിയില്ല.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്കാണ് ഉപ്പളയിലെ ഒരു ഫഌറ്റിന് മുന്നില്‍ വെച്ച് വെടിവെപ്പ് നടന്നത്. ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങള്‍ തമ്മിലാണ് വെടിവെപ്പുണ്ടായത്. ടൗണില്‍ തുടരെത്തുടരെ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടാകുന്ന സംഘര്‍ഷങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ കരുത്തരായ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഗുണ്ടാ സംഘങ്ങള്‍ വ്യാപാരികളില്‍ നിന്നും വ്യവസായികളില്‍ നിന്നും ഹഫ്ത പിരിക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെടുന്നു.

Post a Comment
0 Comments