മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): ഇ സാക്ഷരതാ പദ്ധതിയിലൂടെ സമ്പൂര്‍ണ്ണ സാക്ഷരതാ പഞ്ചാത്താക്കി മാറ്റുക എന്നതാണ് പുതിയ ഭരണസമിതി പ്രധാനമായും ലക്ഷ്യമിടുന്നതെന്ന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍. ഇവിഷന്‍ nte പ്രസിഡണ്ട് പറയട്ടെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് അനുബന്ധ സ്ഥാപനങ്ങളില്‍ ഏകജാലക സംവിധാനം നടപ്പാക്കും. പഞ്ചായത്ത് പരിധിയിലുള്ള സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ഇന്റനെറ്റ് വഴി ബന്ധിപ്പിച്ച് ഒരു കുടക്കീഴില്‍ ലഭ്യമാകുന്ന രീതിയില്‍ സജ്ജീകരിക്കുമെന്നും അദ്ദേഹം മുഖാമുഖത്തില്‍ പറഞ്ഞു.
പഞ്ചായത്തിന്റെ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികളാണ് പുതിയ ഭരണസമിതി നടപ്പാക്കുന്നത്. ആരോഗ്യം, ശുചിത്വം മേഖലകള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം വിദ്യാഭ്യാസം, കാര്‍ഷികം, കായികം തുടങ്ങിയ മേഖലകളിലും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കും. അറവ് മാലിന്യമാണ് പഞ്ചായത്ത് നേരിടുന്ന മുഖ്യപ്രശ്‌നം. ഇത് പരിഹരിക്കാന്‍ സംയുക്തയോഗം ചേര്‍ന്ന് വേണ്ട നടപടികള്‍ കൈകൊള്ളും. അയല്‍പഞ്ചായത്തുമായി ചേര്‍ന്ന് ക്ലീന്‍ പഞ്ചായത്താക്കി മാറ്റും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രത്യേക പദ്ധതി തയാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കും. കാര്‍ഷിക മേഖലയില്‍ ഊന്നല്‍ നല്‍കിയുള്ള വികസന പദ്ധതികള്‍ക്ക് പഞ്ചായത്ത് രൂപം നല്‍കും. തണ്ണിമത്തന്‍, കോവക്ക, മൊഗ്രാല്‍പയര്‍ തുടങ്ങിയ നാടന്‍ കൃഷികളെ സംരക്ഷിക്കും. പുതിയ കൃഷികളെ പ്രോത്സാഹിപ്പിക്കും. കൃഷിമേഖല ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി കര്‍ഷകരുടെ വിവരങ്ങള്‍, കൃഷി രീതികള്‍ അടങ്ങിയ കര്‍ഷക കാര്‍ഡ് സംവിധാനം നടപ്പാക്കും. ഇതിലൂടെ ആനുകൂല്യങ്ങള്‍ വിതരണം ചെയ്യും. മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാര മാര്‍ഗങ്ങള്‍ നടപ്പിലാക്കും. സ്ഥിരവരുമാനമുണ്ടാക്കാന്‍ നൂതന പദ്ധതികള്‍ ആവിഷ്‌കരിക്കുക വഴി ഇവരുടെ ജീവിതനിലവാരം ഉയര്‍ത്തും.
എരിയാലില്‍ സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കും. ഗ്രാമകേന്ദ്രങ്ങളില്‍ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തും. കളിക്കാര്‍ക്ക് വേണ്ടി പ്രത്യേക ക്യാമ്പുകളുള്‍പ്പടെ ആവശ്യമായ സഹായങ്ങള്‍ നല്‍കും. ജനസമ്പര്‍ക്കം മോഡല്‍ നടപ്പാക്കി ജനകീയ പഞ്ചായത്താക്കും. ആനുകൂല്യങ്ങളും അപേക്ഷകളിലെ തുടര്‍നടപടികളും എസ്എംഎസ് മുഖേന സന്ദശമെത്തിക്കുന്ന സംവിധാനം ഏര്‍പ്പെടുത്തുമെന്നും പ്രസിഡണ്ട് വിശദീകരിച്ചു.

Post a Comment
0 Comments