തിരുവനന്തപുരം:(www.evisionnews.in) ക്ഷേത്രപരിസരത്തെ അന്യമതസ്ഥരുടെ കച്ചവടം ഒഴിപ്പിക്കുന്നത് സംബന്ധിച്ചുള്ള കുമ്മനം രാജശേഖരന്റെ പ്രസ്താവന കേരള ജനതയെ വിഭജിക്കുന്നതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മതാതീതമായ സൗഹൃദം പുലര്‍ത്തുന്ന കേരളത്തിന്റെ ചരിത്രത്തേയും പാരമ്പര്യത്തേയും വിസ്മരിച്ചുകൊണ്ട് കുമ്മനം നടത്തിയ പ്രസ്താവനകള്‍ അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ആളിക്കത്തുമെന്ന പ്രതീക്ഷിച്ച നിലയ്ക്കല്‍ വിഷയം പോലും സമചിത്തതയോടെ കൈകാര്യം ചെയ്യാന്‍ കേരളത്തിന് സാധിച്ചു. സഹിഷ്ണുതയും സഹകരണവും സഹവര്‍ത്തിത്വവുമാണ് പൂര്‍വികര്‍ നമുക്കു കൈമാറിയ ഏറ്റവും വലിയ സമ്പത്ത്. വിദ്വേഷം വിതയ്ക്കുന്നവരെ കേരളം പുറന്തള്ളുമെന്നും മുഖ്യന്ത്രി പറഞ്ഞു. പക്വതയുള്ള സമീപനമാണ് ബി.ജെ.പി നേതൃത്വത്തില്‍ നിന്നും പ്രതീക്ഷിച്ചത്. ആരാധനാലയങ്ങളുടെ പരിസരത്ത് അന്യമതസ്ഥരുടെ കച്ചവടം സംബന്ധിച്ച് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ അതു പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ പല ക്ഷേത്രങ്ങളിലും വെളിച്ചെണ്ണയും ശര്‍ക്കരയും എത്തിച്ചിരുന്നത് ക്രിസ്ത്യന്‍, മുസ്‌ലിം കുടുംബങ്ങളാണ്.ഈ പാരമ്പര്യം ഇപ്പോഴും തുടരുന്നു. ധാരാളം ക്ഷേത്രകമ്മിറ്റികളില്‍ അന്യമതസ്ഥര്‍ ഭാരവാഹികളാണ്. വാവര്‍ പള്ളി സന്ദര്‍ശിച്ചശേഷം അയ്യപ്പഭക്തര്‍ ശബരിമലയ്ക്കു പോകുകയും ധാരാളം അയ്യപ്പഭക്തര്‍ അര്‍ത്തുങ്കല്‍ പള്ളിയിലെത്തി മാല ഊരുകയും ചെയ്യാറുണ്ട്. സംസ്ഥാനത്തിന്റെ എല്ലായിടത്തും ഉത്സവങ്ങളിലും പെരുന്നാളുകളിലും എല്ലാവരും ഒന്നിച്ചാണു പങ്കെടുക്കുന്നത്. നമ്മുടെ പൂര്‍വികര്‍ വിശാലമനസോടെ സൃഷ്ടിച്ചെടുത്ത ഇത്തരം പാവനമായ സംസ്‌കൃതികളെയാണ് ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കുമ്മനത്തെപ്പോലുള്ളവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment
0 Comments