കൊച്ചി: (www.evisionnews.in) വെളളാപ്പളളി നടേശന് മുന്‍കൂര്‍ജാമ്യം അനുവദിച്ച ഹൈകോടതി വിധിയേയും പ്രോസിക്യൂഷന്‍ കേസിന്റെ മെറിറ്റിനെ സംബന്ധിച്ചുള്ള ഹൈക്കോടതി പരാമര്‍ശത്തെയും രൂക്ഷമായി വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഫെയ്‌സ്ബുക്കിലിട്ട കുറിപ്പിലാണ് സുധീരന്‍ കോടതിയെ വിമര്‍ശിച്ചത്.
ഹൈക്കോടതി പരാമര്‍ശം തികച്ചും തെറ്റും അനവസരത്തിലുള്ളതും പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് സംബന്ധിച്ച കോടതിയുടെ അധികാരപരിധി ലംഘിച്ച് കൊണ്ടുള്ളതുമാണെന്നും വിഎം സുധീരന്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ പ്രസംഗം വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ പകയും വിദ്വേഷവും ഉണ്ടാക്കിയെന്ന ആരോപണത്തിന്റെ നിജസ്ഥിതി സംബന്ധിച്ച് പൊലീസ് വിവിധ മതവിഭാഗങ്ങളില്‍പ്പെട്ട ആളുകള്‍ ഉള്‍പ്പടെയുള്ളവരുടെ മൊഴി രേഖപ്പെടുത്താനും മറ്റ് വസ്തുതകളും തെളിവുകളും ശേഖരിക്കാനും നടപടികള്‍ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ കേസ് ഡയറി പോലും പരിശോധിക്കാതെ പ്രതിയുടെ ജാമ്യാപേക്ഷയുടെ മാത്രം അടിസ്ഥാനത്തില്‍ കോടതി കേസിന്റെ മെറിറ്റിനെ വിലയിരുത്തി നടത്തിയ പരാമര്‍ശം ഒട്ടും ശരിയായില്ല.അന്വേഷണം പ്രാരംഭഘട്ടത്തില്‍ മാത്രം എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശം കേസ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന അവസ്ഥയാണ് ഉണ്ടാക്കുന്നത്. ജാമ്യം അനുവദിക്കുമ്പോള്‍ കേസിന്റെ മെറിറ്റ് വിശകലനം ചെയ്യരുതെന്ന സുപ്രീംകോടതി വിധികള്‍ക്കെതിരാണ് ഇത്തരം പരാമര്‍ശമെന്നും വിഎം സുധീരന്‍ പറഞ്ഞു.
മതവിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. ജനുവരി 10 ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. പ്രസംഗം സര്‍ക്കാര്‍ നയങ്ങളോടുള്ള വിമര്‍ശനമാണെന്ന് കോടതി നിരീക്ഷിച്ചു. ഹാജരാകുന്ന അന്ന് മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്നും ജാമ്യം അനുവദിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് പി ഭവദാസനാണ് ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ആലുവയില്‍ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ കണ്ടതിനു ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്.

Post a Comment
0 Comments