Type Here to Get Search Results !

Bottom Ad

നിയമസഭ: കുണ്ടാര്‍ രവീശ തന്ത്രിയെ കാസര്‍കോട്ട് സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി

കെ.എസ് ഗോപാലകൃഷ്ണന്‍

evisionnews

കാസര്‍കോട് (www.evisionnews.in): നിയമസഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി വിശ്വഹിന്ദുപരിഷത്ത് നേതാവും ഹിന്ദുഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ കുണ്ടാര്‍ രവീശ തന്ത്രിയെ രംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാന്‍ പാര്‍ട്ടിയില്‍ ആലോചനകള്‍ ശക്തമായി. സംസ്ഥാന പ്രസിഡണ്ടായി കുമ്മനം രാജശേഖരന്‍ അധികാരമേറ്റതിന് പിന്നാലെയാണ് കാസര്‍കോട് ജില്ലയിലെ തീവ്രഹിന്ദുത്വമുഖമായ രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കി മണ്ഡലം പിടിക്കാനുള്ള തന്ത്രങ്ങള്‍ക്ക് സംഘ്പരിവാര്‍ പണിപ്പുരയില്‍ ആക്കം കൂട്ടിയത്. ചന്ദ്രഗിരിപ്പുഴക്ക് വടക്കുള്ള നിരവധി ക്ഷേത്രങ്ങളുടെ താന്ത്രികാധികാരം കുണ്ടാര്‍ തന്ത്രി കുടുംബത്തിന് പരമ്പരാഗതമായുള്ളതാണ്. ഇത് പരമാവധി മുതലാക്കാനാണ് ബിജെപി നീക്കം. 

സംസ്ഥാന ബിജെപിയെ മറികടന്ന് നരേന്ദ്രമോദി -അമിത്ഷാ- മോഹന്‍ ഭാഗവത് അച്ചുതണ്ട് കുമ്മനത്തെ പ്രസിഡണ്ടാക്കി അവരോധിച്ച അതേശൈലിയില്‍ കാസര്‍കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി ജില്ലാ ബിജെപിയെ മറികടന്ന് രവീശതന്ത്രിയെ പ്രഖ്യാപിക്കാനാണ് ശ്രമങ്ങള്‍. രവീശതന്ത്രി സ്ഥാനാര്‍ത്ഥിയാവുകയാണെങ്കില്‍ ക്ഷേത്രനടത്തിപ്പുകാരും ഭാരവാഹികളും മണ്ഡലത്തില്‍ താമരവിരിയിക്കാന്‍ കിണഞ്ഞു പാടുപെടുമെന്നും കണക്കുകൂട്ടലുണ്ട്. 

ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തിലെ ചില ഘടകങ്ങളുമായി രവീശതന്ത്രിക്ക് ഉറ്റബന്ധമുണ്ട്. അതാണ് ആര്‍.എസ്.എസിന്റെ ലൗജിഹാദ് വിരുദ്ധ സെല്ലിന്റെ അമരത്ത് രവീശതന്ത്രിയെ എത്തിച്ചതിന് പിന്നില്‍. ഈ വിവരം ഡല്‍ഹി കേന്ദ്രമായുള്ള ഒരു ഓണ്‍ലൈന്‍ മാധ്യമം ഒളിക്യാമറാ ഓപ്പറേഷനിലൂടെ പുറത്തുവിട്ടിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.എ നെല്ലിക്കുന്ന് എതിര്‍ സ്ഥാനാര്‍ത്ഥി ബിജെപിയിലെ ജയലക്ഷ്മി ഭട്ടിനെ 9738 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് തോല്‍പ്പിച്ചത്. നെല്ലിക്കുന്നിന് 53068 വോട്ടും ജയലക്ഷിക്ക് 43330 വോട്ടും എല്‍.ഡി.എഫ് -ഐ.എന്‍.എല്‍ സ്ഥാനാര്‍ത്ഥി അസീസ് കടപ്പുറത്തിന് വെറും 16467 വോട്ടുകളുമാണ് ലഭിച്ചത്. 

ഇക്കഴിഞ്ഞ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലും ബി.ജെ.പി മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവെച്ചത്. കാറഡുക്ക, ബെള്ളൂര്‍, മധൂര്‍ ഗ്രാമപഞ്ചായത്തുകളുടെ ഭരണം ബി.ജെ.പിക്കാണ്. കുമ്പഡാജെയില്‍ ഒരു സീറ്റിനാണ് ഭരണം നഷ്ടപ്പെട്ടത്. കാസര്‍കോട് നഗരസഭയില്‍ വന്‍ മുന്നേറ്റം ബിജെപി സൃഷ്ടിച്ചിട്ടുണ്ട്. ചെങ്കളയിലെ നാരമ്പാടി, പൈക്ക, എടനീര്‍ മേഖലയിലും ബിജെപിക്ക് കരുത്തുണ്ട്. ബദിയടുക്കയില്‍ ഭരണം നഷ്ടപ്പെട്ടെങ്കിലും യുഡിഎഫിനേക്കാള്‍ ബിജെപിക്കാണ് വോട്ട് കൂടുതല്‍. ഈ അനുകൂലാവസ്ഥ എന്തുവില കൊടുത്തും മുതലാക്കാനാണ് ബിജെപിയുടെ ആലോചന. രവീശതന്ത്രിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ബിജെപിയില്‍ ചര്‍ച്ച മുറുകിയതിനൊപ്പം ഇടതു -വലതു മുന്നണി നേതൃത്വവും ഈ വിവരം അടക്കിപ്പിടിച്ച് ചര്‍ച്ചചെയ്യുന്നുണ്ട്.

Keywords: Kasaragod-news-niyamasabha-candidate-bjp-raveeshathandri




Post a Comment

0 Comments

Top Post Ad

Below Post Ad