കാസര്‍കോട് (www.evisionnews.in): ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാന്‍ തൊഴിലുടമ ബാങ്ക് ഗ്യാരന്റി നല്‍കണമെന്ന നിയമം കര്‍ശനമാക്കി. ഇതോടെ ഗള്‍ഫ് സ്പനം പൊലിഞ്ഞ നൂറുകണക്കിനാളുകളാണ് ദിവസങ്ങളെണ്ണി കാത്തിരിക്കുന്നത്.
പത്താം ക്ലാസ് പാസാകാത്തവരാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നതിന് കര്‍ശന നിയമം വന്നതോടെ ദുരിതത്തിലായിരിക്കുന്നത്. രണ്ടു വര്‍ഷം മുമ്പ് വരെ വിസയുടെ കോപ്പിയോ വിസ സ്റ്റാമ്പ് ചെയ്ത പാസ്‌പോര്‍ട്ടോ ഉണ്ടെങ്കില്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ എമ്പസി അറ്റസ്റ്റ് ചെയ്ത വര്‍ക്ക് പെര്‍മിറ്റ്, തൊഴില്‍ നല്‍കുന്ന കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പ് ഡിക്ലറേഷന്‍ എന്നിവ കൂടി ഹാജറാക്കിയാലേ എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുവെന്നാണ് കേന്ദ്ര വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കുന്നത്.
എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കേറ്റ് ഇല്ലാത്തവര്‍ക്ക് പാസ്‌പോര്‍ട്ടിന് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നത് പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രേഷന്‍ ഓഫീസില്‍നിന്നാണ്. കേരളത്തില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലെ എമിഗ്രേഷന്‍ കേന്ദ്രങ്ങളില്‍ നിന്നാണ് എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നത്. സൗദിയിലേക്ക് എമിഗ്രേഷന്‍ ലഭിക്കാന്‍ മുംബൈയില്‍ നിന്നും വിസ സ്റ്റാമ്പിംഗ് നടത്തേണ്ടതുമുണ്ട്. എന്നാല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഗള്‍ഫ് മലയാളികള്‍ ആശങ്കയിലാണിപ്പോള്‍. വിസ ലഭിച്ചിട്ടും ഗള്‍ഫിലേക്ക് കടക്കാന്‍ കഴിയാതെ കുടുങ്ങിക്കിടക്കുന്നവര്‍ ട്രാവല്‍സുകളും എമിഗ്രേഷന്‍ ഓഫീസുകളും കയറിയിറങ്ങുകയാണ്.
വിദേശത്തേക്ക് പോകണമെങ്കില്‍ തൊഴില്‍ വിസയ്ക്ക് എമിഗ്രേഷന്‍ ആക്ട് പ്രകാരം എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ബന്ധമാണ്. എന്നാല്‍ എമിഗ്രേഷന്‍ ക്ലിയറന്‍സ് നിര്‍ത്തിവെച്ചതോടെ വിസ ലഭിച്ചിട്ടും ഗള്‍ഫിലേക്ക് കടക്കാന്‍ കഴിയാതെ ദിനങ്ങളെണ്ണി കാത്തിരിക്കുകയാണ് കാസര്‍കോട്ടെയും ഇതര ജില്ലകളിലേയും പ്രവാസികള്‍. നേരത്തെ പോയിരുന്നവരില്‍ പലരുടെയും വിസാ കാലാവധി അവസാനിച്ചിട്ടുമുണ്ട്. ഇവര്‍ക്ക് ഇനി ഗള്‍ഫിലേക്ക് പോകാന്‍ വീണ്ടും എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കണം.
നേരത്തെ ബിരുദമുള്ളവര്‍ക്ക് മാത്രം നല്‍കിയിരുന്ന എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാനുള്ള ചുരുങ്ങിയ യോഗ്യത എസ്.എസ്.എല്‍.സിയാക്കിയത് ഇ അഹമ്മദ് വിദേശകാര്യസഹമന്ത്രിയായിരുന്നപ്പോഴാണ്. എന്നാല്‍ ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി പുതിയ കേന്ദ്രസര്‍ക്കാര്‍ ഗള്‍ഫ് യാത്ര മുടക്കുകയാണെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കുന്നതിനുള്ള തടസങ്ങള്‍ ഒഴിവാക്കി ഗള്‍ഫ് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ ഉണ്ടാക്കണമെന്നാണ് ജനപ്രതിനിധികളോട് പ്രവാസി കുടുംബങ്ങള്‍ ആവശ്യപ്പെടുന്നത്.
Keywords: Kasaragod-kerala-emigration-clearance-gulf-emigration-news-central-gov

Post a Comment
0 Comments