ന്യൂഡല്‍ഹി (www.evisionnews.in): സംസ്ഥാന സര്‍ക്കാറിന്റെ മദ്യ നയത്തിനെതിരെ ബാറുടമകള്‍ നല്‍കിയ ഹരജികളില്‍ സുപ്രീംകോടതി വിധി ഇന്ന്. പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സര്‍ക്കാര്‍ നയത്തിനെതിരെയുള്ള ഹരജികളില്‍ ജസ്റ്റിസുമാരായ വിക്രംജിത്ത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുക.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് മാത്രം ബാര്‍ അനുവദിച്ചത് വിവേചനമാണെന്ന് കാണിച്ചാണ് ബാറുടകള്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയത്. ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെ ലംഘനമാണിതെന്നും ബാറുടമകള്‍ വാദിക്കുന്നു. വിനോദസഞ്ചാര മേഖലയെ പരിഗണിച്ചു കൊണ്ടാണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തിയതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
എന്നാല്‍ മദ്യത്തിന്റെ ലഭ്യത ഘട്ടംഘട്ടമായി കുറച്ചുകൊണ്ട് സമ്പൂര്‍ണ നിരോധനത്തിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ലൈസന്‍സുകള്‍ പരിമിതപ്പെടുത്തിയതെന്നാണ് സര്‍ക്കാറിന്റെ വാദം. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ, അറ്റോണി ജനറല്‍ മുകുല്‍ റോഹ്തഗി അടക്കം പ്രമുഖരുടെ നിരയാണ് ബാറുടമകള്‍ക്ക് വേണ്ടി ഹാജരായത്. സംസ്ഥാന സര്‍ക്കാറിനുവേണ്ടി കപില്‍ സിബലും വി. ഗിരിയും ഹാജരായി. സംസ്ഥാനത്തിന്റെ മദ്യനയം ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ശരിവച്ചതോടെയാണ് ബാറുടമകള്‍ സുപ്രീം കോടതിയെ സമീപിച്ചത്. മദ്യനയം പ്രകടന പത്രികയുടെ ഭാഗമായിരുന്നെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും കേസില്‍ കക്ഷിചേര്‍ന്നിരുന്നു.
ക്രിസ്മസ് അവധിക്കുശേഷം ഇനി ജനുവരിയില്‍ മാത്രമേ കോടതി തുറക്കുകയുള്ളു. എന്നാല്‍ ജസ്റ്റിസ് ബിക്രംജിത് സെന്‍ ഈ മാസം 30ന് വിരമിക്കുന്ന സാഹചര്യത്തിലാണ് പ്രത്യേക സിറ്റിങ് നടത്തി കോടതി വിധി പുറപ്പെടുവിക്കുന്നത്.
Keywords:Newdelhi-news-supreme-court-order-bar-owner-s-petition

Post a Comment
0 Comments