Type Here to Get Search Results !

Bottom Ad

പുലിക്കുന്നിലെ കുന്നിടിക്കല്‍ ചന്ദ്രഗിരിപ്പാലത്തിന് ഭീഷണി

കെ.എസ് ഗോപാലകൃഷ്ണന്‍


കാസര്‍കോട്: (www.evisionnews.in) പ്രസ്‌ക്ലബ്ബ് ജംഗ്ഷനും ചന്ദ്രഗിരിപ്പാലത്തിനുമിടയില്‍ രാപ്പകല്‍ തുടരുന്ന അനധികൃത കുന്നിടിക്കല്‍ കടുത്ത പാരിസ്ഥിതി വിനാശവും ഭാവിയില്‍ ചന്ദ്രഗിരി റോഡുപാലത്തിന്റെ നിലനില്‍പ്പിന് ഭീഷണിയും സൃഷ്ടിക്കുമെന്ന ആശങ്ക പടരുന്നു. 

കാസര്‍കോട് -കാഞ്ഞങ്ങാട് സംസ്ഥാന പാതയ്ക്കു വേണ്ടി കെഎസ്ടിപി നിയോഗിച്ച ആന്ധ്രയിലെ കരാര്‍ കമ്പനിയും പരിസരത്തെ സ്വകാര്യ വ്യക്തികളുമാണ് കുന്നിടിച്ച് മണ്ണ് കടത്തി പുലിക്കുന്നിലാകെ നാശം വിതയ്ക്കുന്നത്. ഇതിനെതിരെ ചെറുവിരലനക്കാന്‍ ജില്ലാ ഭരണകൂടത്തിനും സംസ്ഥാന ഭൗമ -ഖനന വകുപ്പിനും പരിസ്ഥിതി വകുപ്പിനും കഴിഞ്ഞിട്ടില്ല. ചന്ദ്രഗിരി റൂട്ട് നിലവില്‍ വന്നതിനുശേഷം പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് കെഎസ്ടിപി റോഡ് വികസനത്തിനും റിയല്‍ എസ്‌റ്റേറ്റ് -ബില്‍ഡര്‍ ലോബികള്‍ വാണിജ്യ വ്യാപാര താല്‍പര്യം മുന്‍നിര്‍ത്തി കുന്നിടിക്കുന്നത്.


ചന്ദ്രഗിരിപ്പാലത്തിനും പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തിനുമിടയിലുള്ള പുഴയോട് ചേര്‍ന്നുള്ള ചെങ്കുത്തായ കുന്നും സ്വകാര്യ വ്യക്തി ജെസിബി ഉപയോഗിച്ച് ദിവസങ്ങളായി ഇടിച്ചു നിരത്തുകയാണ്. കുന്നിടിച്ച മണ്ണ് പുഴയോരത്തേക്കാണ് തള്ളിയിടുന്നത്. ഇത് മന:പൂര്‍വ്വമാണെന്നും ഭാവിയില്‍ പുഴ കൈയേറി സ്ഥലവിസ്തൃതി വര്‍ധിപ്പിക്കാനുമാണ് കുന്നിടിക്കലിന് പിന്നിലുള്ള ലക്ഷ്യമെന്ന് നാട്ടുകാര്‍ പറയുന്നു. പ്രസ്തുത സ്ഥലത്തെ ഈ കുന്നിടിക്കല്‍ ചന്ദ്രഗിരിപ്പാലത്തിന് ബലക്ഷയം ഉണ്ടാക്കുമെന്നും വിലയിരുത്തപ്പെടുന്നു.


പ്രസ്‌ക്ലബ്ബ് ജംഗ്ഷന്‍ പരിസരത്ത സ്വകാര്യഭൂവുടമ രാത്രി നേരങ്ങളിലാണ് കുന്നിടിച്ച് മണ്ണ് കടത്തുന്നത്. വ്യാഴാഴ്ച്ച മുതല്‍ അധികൃത കേന്ദ്രങ്ങള്‍ക്ക് പൊതുഅവധിയായതിനാല്‍ കുന്നിടിക്കല്‍ ശക്തമാകും. സ്ഥലത്തെ കുന്നിടിക്കല്‍ പുലിക്കുന്നിലെ പഴയ കലക്ട്രേറ്റ് കെട്ടിടത്തിനും പൊതുമരാമത്ത് ഓഫീസ് സമുച്ചയത്തിലെ കെട്ടിടങ്ങള്‍ക്കും വന്‍ഭീഷണി സൃഷ്ടിച്ചിട്ടുണ്ട്. പുലിക്കുന്നിലെ കസ്റ്റംസ് ഓഫീസ് റോഡും തകര്‍ച്ചയുടെ വക്കിലാണ്.

പുലിക്കുന്നിലെ നുള്ളിപ്പാടി ഗവ. യുപി സ്‌കൂളിന്റെ അതിരിനോട് ചേര്‍ന്ന് സ്വകാര്യ വ്യക്തി കുന്നിടിച്ച് മണ്ണ് കടത്തിയിട്ട് മാസങ്ങളായി. സ്‌കൂളിന്റെ അടിവാരം തോണ്ടുന്ന നടപടിയായിട്ടും സ്‌കൂള്‍ അധികൃതരും ഇതിനോട് നിസ്സംഗത പുലര്‍ത്തുകയാണ്. മണ്ണിടിച്ച സ്ഥലത്ത് സ്‌കൂളിന് സംരക്ഷണ മതില്‍ കെട്ടിപ്പൊക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.


Keywords; Kasaragod-news-pulikkunnu-land-demolishing-threaten-to-chandrigiri-bridge-kstp-news-collectrate-office-school-

Post a Comment

0 Comments

Top Post Ad

Below Post Ad