Type Here to Get Search Results !

Bottom Ad

സമത്വ യാത്രക്കിടയില്‍ വെള്ളാപ്പള്ളിക്കെതിരെ വൈദ്യുത മോഷണക്കുറ്റാരോപണവും


കൊച്ചി (www.evisionnews.in): വിഘനങ്ങള്‍ തീര്‍ത്ത് കാസര്‍കോട് മധൂരിലെ വിഘ്‌നേശ്വരനായ സിദ്ധിവാനായക ക്ഷേത്ര പരിസരത്ത് നിന്ന് സമത്വമുന്നേറ്റയാത്രയുമായി ശംഖുമുഖത്തേക്ക് പ്രയാണം തുടരുന്ന എസ്.എന്‍.ഡി.പി യോഗം സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആരോപണങ്ങള്‍ വിട്ടൊഴിയുന്നില്ല. ഏറ്റവുമൊടുവില്‍ വൈദ്യുതി മോഷണവുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ ഉടമസ്ഥതയില്‍ കണിച്ചുകുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറ് സ്ഥാപിച്ച ട്രാവന്‍കൂര്‍ റസിഡന്‍സി ഹോട്ടല്‍ സമുച്ചയത്തിലെയും അനുബന്ധമായുള്ള ബിയര്‍ വൈന്‍ പാര്‍ലറിലാണ് 2014 നവംബര്‍ 15ന് വൈദ്യുതി മോഷണം പിടികൂടിയത്. എഫ്.ഐ.ആറില്‍ ഒന്നാംപ്രതിയായ വെള്ളാപ്പള്ളി കേസ് കോടതിയില്‍ എത്തിയപ്പോള്‍ പ്രതിയല്ലാതായെന്നാണ് പുതിയ വിവരം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടാണ് കേസ് അട്ടിമറിച്ചതെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. 

പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഒന്നാംപ്രതിയായ വെള്ളാപ്പള്ളിയെയും രണ്ടാംപ്രതി പി.കെ ധനേശനെയും കേസില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. പ്രതിപ്പട്ടികയില്‍നിന്ന് വെള്ളാപ്പള്ളിക്കും ധനേശനും പകരം ഒന്നാം പ്രതിയായി ഹോട്ടല്‍ മാനേജര്‍ തണ്ണീര്‍മുക്കം ആറാം വാര്‍ഡില്‍ കാരിക്കല്‍ച്ചിറ ജയലാലും രണ്ടാംപ്രതിയായി എറണാകുളം പനങ്ങാട് ആര്‍ഇസി ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ പനമ്പള്ളിനഗര്‍ പുല്ലാവീട്ടില്‍ രാജനുമാണുള്ളത്. വെള്ളാപ്പള്ളിയെയും ധനേശനെയും കുറ്റപത്രത്തില്‍ സാക്ഷികളാക്കുക പോലും ചെയ്തില്ല. പ്രഥമവിവര റിപ്പോര്‍ട്ടിലെ പ്രതികളെ ഒഴിവാക്കി പുതിയ രണ്ടുപേരെ പ്രതിചേര്‍ത്തുവെന്നത് കുറ്റപത്രത്തില്‍ സൂചിപ്പിക്കുന്നില്ല. പുതുതായി ചേര്‍ക്കപ്പെട്ട പ്രതികളാണ് കുറ്റകൃത്യം നടത്തിയതെന്ന ഒരാളുടെയും മൊഴിയും കുറ്റപത്രത്തിലില്ല. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരുമാണ് സാക്ഷികള്‍. പ്രതികള്‍ ഒളിവിലായതിനാല്‍ അറസ്റ്റ് സാധ്യമായില്ലെന്നെ് കുറ്റപത്രത്തില്‍ പോലീസ് പറയുന്നു.

ഹൈടെന്‍ഷന്‍ കണക്ഷനിലെ വൈദ്യുതി അതീവ രഹസ്യമായി ലോ ടെന്‍ഷന്‍ കണക്ഷനുള്ള ബിയര്‍ വൈന്‍ പാര്‍ലറിലേക്ക് എത്തിച്ചായിരുന്നു വെള്ളാപ്പള്ളിയുടെ വൈദ്യുതി വെട്ടിപ്പ്. ഋഷിരാജ് സിങ്ങ് അടക്കമുള്ള പല വമ്പന്മാര്‍ക്കും പടികൊടുക്കാതെ വെള്ളാപ്പള്ളിയും കൂട്ടരും കാലങ്ങളായി ഗ്ലൈവദ്യുതി മോഷ്ടിക്കയായിരുന്നു. ഇതിനായി ഭൂമിക്കടിയിലൂടെ 80 മീറ്റര്‍ നീളത്തില്‍ കേബിള്‍ വലിച്ചിരുന്നു. യൂണിറ്റിന് മൂന്നര രൂപയോളമാണ് ഇതിലൂടെ ലാഭിച്ചത്.

ഇതുസംബന്ധിച്ച് കെ.എസ്.ഇ.ബി അര്‍ത്തുങ്കല്‍ സെക്ഷനില്‍ കേസെടുക്കുകയും വെള്ളാപ്പള്ളി നഷ്ടപരിഹാരമായി രണ്ടര ലക്ഷത്തിലേറെ രൂപ അടയ്ക്കുകയും ചെയ്തു. കെ.എസ്.ഇ.ബി നല്‍കിയ പരാതിയില്‍ അര്‍ത്തുങ്കല്‍ പൊലീസ് കഴിഞ്ഞ നവംബര്‍ 16ന് 7068211ാം നമ്പരായി പ്രഥമവിവര റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. വെള്ളാപ്പള്ളി ഒന്നാം പ്രതിയും ധനേശന്‍ രണ്ടാം പ്രതിയുമായുള്ളതാണ് എഫ്.ഐ.ആര്‍. 17ന് സ്ഥലം സന്ദര്‍ശിച്ച അര്‍ത്തുങ്കല്‍ എസ്.ഐ പി.കെ രാജേന്ദ്രന്‍ കൃത്യസ്ഥല മഹസര്‍ തയ്യാറാക്കിയെങ്കിലും പിന്നീട് അന്വേഷണം നിര്‍ത്തി. അടുത്തനാളിലാണ് ഇപ്പോഴത്തെ എസ്.ഐ വിക്രമന്‍ കേസന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ എട്ടിന് അദ്ദേഹം ചേര്‍ത്തല കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് അട്ടിമറിയുടെ വിചിത്രമായ തെളിവുള്ളത്. കൃത്യസ്ഥല മഹസര്‍ ഉള്‍പ്പെടുത്താതെയുള്ള കുറ്റപത്രം മജിസ്‌ട്രേട്ട് തിരിച്ചയച്ചു.

2003 ലെ ഇന്ത്യന്‍ വൈദ്യുതി ആക്ട്(ഭേദഗതി) പ്രകാരമാണ് കേസ്. മാരാരിക്കുളം വടക്ക് പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞ സെപ്റ്റംബര്‍ 17ന് തയ്യക്കിയ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് കുറ്റപത്രത്തിനൊപ്പം സമര്‍പ്പിച്ച രേഖകളില്‍പ്പെടും. അത് പ്രകാരം വെള്ളാപ്പള്ളി നടേശനാണ് കെട്ടിടങ്ങളുടെ ഉടമ. ഹോട്ടലിലെ വൈദ്യുതി കണക്ഷന്‍ വെള്ളാപ്പള്ളിയുടെയും ബിയര്‍ വൈന്‍ പാര്‍ലറിലേത് പൊഴിക്കല്‍ ധനേശന്റെയും പേരിലാണ്. കെ.എസ്.ഇ.ബി അധികൃതര്‍ പോലീസിന് നല്‍കിയ പരാതിയില്‍ ഇവരെയാണ് എതിര്‍ കക്ഷികളാക്കിയത്. തുടര്‍ന്ന് പോലീസ് സമര്‍പ്പിച്ച പ്രഥമവിവര റിപ്പോര്‍ട്ടില്‍ ഇവര്‍ പ്രതികളായി. എന്നാല്‍ ഇതെല്ലാം അട്ടിമറിച്ചാണ് പോലീസ് ഒരാണ്ടിനുശേഷം കുറ്റപത്രം തയ്യാക്കിയതും കോടതിയില്‍ സമര്‍പ്പിച്ചതും.


Keywods: Kerala-vellappalli-case-for-electric-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad