മുമ്പ് പലതവണയും പല വമ്പന്‍ പാരജയങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ടെങ്കിലും ശക്തമായ തിരിച്ചുവരവുകള്‍ നടത്തിയ താരമാണ് മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍. ഒന്നോ രണ്ടോ ചിത്രങ്ങള്‍ പരാജയമായാല്‍ അടുത്തത് തീര്‍ച്ചയായും ഒരു വലിയ ഹിറ്റ് തന്നെ ആയിരിയ്ക്കും എന്നതായിരുന്നു അവസ്ഥ എന്നത് മനസ്സിലാക്കാനാവും തൊണ്ണൂറുകളുടെ പകുതിമുതല്‍ ഇങ്ങോട്ടുള്ള മോഹന്‍ലാലിന്റെ ഗ്രാഫ് ശ്രദ്ധിച്ചാല്‍. സ്ഫടികവും, വര്‍ണപ്പകിട്ടും, ആറാംതമ്പുരാനും, നരസിംഹവും, ഉസ്താദും, രാവണപ്രഭുവും, ബാലേട്ടനും, ശിക്കാറും, എന്തിനേറെ മലയാളത്തിലെ സര്‍വ്വകാല കളക്ഷന്‍ റെക്കോര്‍ഡ് നേടിയ ചിത്രമായ ദൃശ്യം വരെ ഇത്തരത്തിലുള്ള മോഹന്‍ലാലിന്റെ ശക്തമായ തിരുച്ച് വരവിന്റെ ഉത്തമ ഉദാഹരണങ്ങള്‍ ആണ്.
എന്നാല്‍ ഇപ്പോഴിതാ മലയാളികളുടെ പ്രിയതാരം മോഹന്‍ലാല്‍ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്ത ഒരു കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. 2015ല്‍ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ 6 ചിത്രങ്ങളില്‍ എന്നും എപ്പോഴും, ലോഹവും മാത്രമാണ് ശരാശരി കളക്ഷന്‍ നേടിയത്. എന്നാല്‍ ഈ ചിത്രങ്ങളെ ലാലിന്റെ മുന്‍കാല വിജയങ്ങളുമായി തട്ടിച്ച് നോക്കുമ്പോള്‍ മികച്ച വിജയമെന്ന് പറയാനും സാധിക്കില്ല. ബാക്കി 4 ചിത്രങ്ങളും ബോക്‌സ് ഓഫിസില്‍ വീഴുകയായിരുന്നു. അതില്‍ വന്‍ പ്രതീക്ഷകളോടെ എത്തിയ ജോഷിയുടെ ലൈല ഓ ലൈലയും ഉള്‍പ്പെടും. റണ്‍ ബേബി റണ്‍ ടീം വീണ്ടുമൊന്നിക്കുന്നു എന്നതായിരുന്നു ലൈല ഓ ലൈലയുടെ ഏറ്റവും വലിയ സവിശേഷത. എന്നാല്‍ വന്‍ ബജറ്റില്‍ തയാറാക്കിയ ഈ ജോഷി ചിത്രം ആദ്യ ദിനത്തില്‍ തന്നെ വലിയ നെഗറ്റീവ് അഭിപ്രായങ്ങളാണ് സ്വന്തമാക്കിയത്. ഗ്രാഫിക്‌സിലെയും സംഘട്ടന രംഗങ്ങളിലെയും പോരായ്മകളും ചിത്രത്തിലെ മോഹന്‍ലാലിന്റെ ശരീരം ഇത്തരമൊരു പ്രമേയത്തിന് ചേരാതെ നിന്നതും പരാജയ കാരണമായി.
രഞ്ജിത്തിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ മീശ പിരിച്ചെത്തുന്നു എന്നതായിരുന്നു ലോഹം റിലീസിംഗിനു മുമ്പുള്ള വന്‍ പ്രതീക്ഷകള്‍ക്ക് ഒരു കാരണം. പഴയ മീശ പിരിക്കല്‍ സിനിമകളെ പ്രതീക്ഷിച്ച് തിയറ്ററിലെത്തരുതെന്ന് സംവിധായകനും മറ്റും പലതവണ പറഞ്ഞിരുന്നെങ്കിലും അമിതമായ ഈ മാസ് പ്രതീക്ഷ ലോഹത്തിന് തിരിച്ചടിയായി. ആദ്യ ദിനങ്ങളില്‍ നല്ല കളക്ഷന്‍ നേടാനായെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ആ കളക്ഷന്‍ ആവര്‍ത്തിയ്ക്കാന്‍ കഴിയാതെ പോവുകയായിരുന്നു. ശിക്കാര്‍ എന്ന സൂപ്പര്‍ഹിറ്റിനു ശേഷം പത്മകുമാറിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ എത്തിയ കനല്‍ ഒരു പ്രതികാര കഥയാണ് പറഞ്ഞത്. കഥാപാത്ര സ്വഭാവത്തിലെ ആവര്‍ത്തന വിരസതയും കഥ പറച്ചിലിലെ വേഗക്കുറവും കനലിനെ ദോഷകരമായി ബാധിച്ചു. ഇന്ദ്രജിത്ത് നായക വേഷത്തിലെത്തിയ രസത്തില്‍ മോഹന്‍ലാലായി തന്നെ അദ്ദേഹം അതിഥി വേഷത്തിലെത്തി. ഏറെ പ്രാധാന്യമുള്ള ഒരു അതിഥി വേഷത്തെയാണ് ഈ ചിത്രത്തില്‍ ലാല്‍ അവതരിപ്പിച്ചതെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.
സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം മഞ്ജുവാര്യരും മോഹന്‍ലാലും ഒന്നിച്ച എന്നും എപ്പോഴും കുടുംബ പ്രേക്ഷകരുടെ പിന്തുണയോടെയാണ് ശരാശരി കളക്ഷന്‍ സ്വന്തമാക്കിയത്. എന്നാല്‍ ആദ്യ ദിവസങ്ങളിലെ കളക്ഷന്‍ അനുസരിച്ച് ഒരു ലോംഗ് റണ്‍ സ്വന്തമാക്കാന്‍ ചിത്രത്തിനായില്ല. ശരിയ്ക്കും പറഞ്ഞാല്‍ ദൃശ്യം എന്ന ചരിത്രവിജയചിത്രത്തിന് ശേഷം ഒരു തകര്‍പ്പന്‍ വിജയം ഒരുക്കാന്‍ താരത്തിന് ആയിട്ടില്ല. ദൃശ്യത്തിന് ശേഷം വന്ന പല ചിത്രങ്ങളിലും മോഹന്‍ലാല്‍ എന്ന നടന്‍ തന്റെ അവിസ്മരണീയ പ്രകടനം കാഴ്ചവെച്ചുവെങ്കിലും സംവിധാനത്തിലെ പാളിച്ചയും ബലമില്ലാത്ത തിരക്കഥയുമായിരുന്നു അവയില്‍ എല്ലാം വില്ലനായത്. 2013 ഡിസംബര്‍ 13 നായിരുന്നു ക്രിസ്തുമസ് ചിത്രമായി ദൃശ്യം പുറത്തിറങ്ങിയത്. പിന്നീടുള്ള ഈ 2 വര്‍ഷക്കാലവും അദ്ദേഹത്തിന് മികച്ച വിജയങ്ങളില്ല. ഒരു പക്ഷേ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ആദ്യ സംഭവമാണ് ഇതെന്ന് പറയാം
ഇത്തവണ്ണ മോഹന്‍ലാലിന് ക്രിസ്മസ് ചിത്രമില്ല. കഴിഞ്ഞ വര്‍ഷവും ക്രിസ്മസ് മല്‍സരത്തില്‍ നിന്ന് അദ്ദേഹം മാറി നിന്നിരുന്നു. ഇപ്പോള്‍ കഴിഞ്ഞ 3 മാസങ്ങളായി ലാല്‍ പുലിമുരുകനു വേണ്ടി നീക്കിവെച്ചിട്ടുള്ളത്. ഇനിയും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനുണ്ട്. ഏപ്രിലില്‍ പുറത്തിറങ്ങുമെന്ന ഈ ചിത്രം ഇതിനകം തന്നെ വലിയ വാര്‍ത്താ പ്രാധാന്യം നേടിയിട്ടുണ്ട്. പുലി മുരുകനിലൂടെ ആരാധകരുടെ പ്രിയപ്പെട്ട ലാലേട്ടന്‍ മികച്ച തിരിച്ചുവരവ് നടത്തുമെന്നാണ് കടുത്ത ലാല്‍ ആരാധകരുടെ ഒപ്പം മലയാളത്തിലെ കുടുംബ പ്രേക്ഷകരുടേയും പ്രതീക്ഷ.




Post a Comment
0 Comments