കാസര്‍കോട്: (www.evisionnews.in) പോലീസുകാരന്‍ എസ്.ഐ ചമയുന്നതായി പരാതി. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സറ്റബിള്‍ കൃഷ്ണനെതിരെ വിദ്യാര്‍ത്ഥി ഡിജിപിക്ക് പരാതി നല്‍കി. ആലമ്പാടിയിലെ സാദിഖിന്റെ മകന്‍ അബ്ദുല്ല ഷാബില്‍ തഹ്ഷീറിനെയാണ് പോലീസുകാരന്‍ സ്‌റ്റേഷനില്‍ കൊണ്ടുപോയി അധിക്ഷേപിച്ചത്. സംഭവത്തെകുറിച്ച് തഹ്ഷീര്‍ പറയുന്നത് ഇങ്ങനെ
ഇക്കഴിഞ്ഞ 25ന് വൈകുന്നേരം ബന്ധുവിന്റെ കടയില്‍ നിന്ന് ആലമ്പാടിയിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടയില്‍ ആലമ്പാടിയിലെ എന്റെ വീടിന്റെ സമീപത്തുവെച്ച് ഞാന്‍ സഞ്ചരിക്കുകയായിരുന്ന ടൂ വീലറിന് പോലീസ് കൈകാണിച്ചു. രേഖകള്‍ പരിശോധിക്കാനോ കാര്യങ്ങള്‍ അന്വേഷിക്കാനോ തയാറാവാതെ എന്നെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. കൊണ്ടുപോയ പോലീസുകാരന്‍ തിരിച്ചുപോയപ്പോള്‍ ജഡി ചാര്‍ജ്ജുണ്ടായിരുന്ന കൃഷ്ണന്‍ എന്ന പോലീസുകാരന്‍ എന്റെ മേക്കിട്ട് കയറാനും മോശമായ പദങ്ങള്‍ ഉപയോഗിച്ച് ക്രൂരമായി പെരുമാറാനും തുടങ്ങി. ഒരു തെറ്റും ചെയ്യാത്ത എന്നെ നീ തെമ്മാടിയാണെന്നും ഭീകരവാദിയാണെന്നും പറഞ്ഞ് ആക്ഷേപിച്ചു. ഞാന്‍ ചെറുതായി താടി വളര്‍ത്തിയിട്ടുണ്ട്. ആ താടി തീവ്രവാദിയുടെതാണെന്ന് പറഞ്ഞ് തുടരെ തുടരെ വര്‍ഗ്ഗീ പരാമര്‍ശം നടത്തി. ക്രൂരപീഡനം മണിക്കൂറുകളോളം തുടര്‍ന്നപ്പോള്‍ സന്ധ്യ ബാങ്ക് വിളിച്ചു. എന്നെ നിസ്‌ക്കരിക്കാന്‍ പോകാന്‍ അനുവദിക്കണമെന്ന് പറഞ്ഞപ്പോള്‍ നീ നിസ്‌ക്കരിക്കേണ്ടെന്നും നിന്നെ വെറുതെ വിടില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി. ഒരു തെറ്റും ചെയ്യാത്ത ഞാന്‍ പോലീസുകാരന്റെ പെരുമാറ്റത്തിനുമുന്നില്‍ തളര്‍ന്നുപോയി. ഞാന്‍ ബാംഗ്ല്‍രുവിലെ അജരിയ കോളജില്‍ ബിബിഎ വിദ്യാര്‍ത്ഥിയാണ്. ഞാന്‍ പഠിക്കുകയാണെന്നും ഇന്നുവരെ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ആവര്‍ത്തിച്ചു പറഞ്ഞുവെങ്കിലും അയാള്‍ പിറുപിറുക്കല്‍ തുടരുകയായിരുന്നു. പോലീസുകാരന്റെ പ്രവര്‍ത്തി എന്നെയും കുടുംബത്തെയും മാനസീകമായി ഏറെ തളര്‍ത്തിയിരിക്കുന്നു. പിന്നീടാണ് അറിഞ്ഞത് ഈ പോലീസുകാരന്‍ സ്‌റ്റേഷനില്‍ എത്തുന്ന ഏല്ലാവരോടും വളരെ മോശമായാണ് പെരുമാറുന്നതെന്നും പ്രത്യേക മതവിഭാഗക്കാരോടും വര്‍ഗ്ഗീയ ചൊവയുള്ള വര്‍ത്തമാനങ്ങളാണ് പ്രയോഗിക്കുന്നതെന്നും സംഭവം അന്വേഷിക്കാനെത്തിയ എന്റെ അമ്മാവന്‍ മനാഫിനോടും ഇയാള്‍ തട്ടികയറി. സിഐയോട് സംസാരിക്കണമെന്ന് പറഞ്ഞപ്പോള്‍ എന്നെക്കാള്‍ വലിയ സിഐ ഇല്ലെന്ന് പറയുകയാണ് ചെയ്തത്. ഇതേ സമയത്താണ് ചെര്‍ക്കളയില്‍ സംഘര്‍ഷമെന്ന വിവരവുമായി വിളി വന്നത്. ഈ വിവരമറിഞ്ഞതോടെ മുസ്്‌ലിംകള്‍ക്ക് ഭ്രാന്തിളകിയിരിക്കുയാണോ എന്ന് പറഞ്ഞ് എന്നോട് ആക്രോശിക്കുകയും ചെയ്തു.
പോലീസുകാരന്റെ ക്രൂര വിനോദത്തിനെതിരെ തഹ്ഷീര്‍ ഡിജിപിക്ക് പുറമെ അഭ്യനന്തര മന്ത്രി, എം.എല്‍.എ, ജില്ലാ പോലീസ് മേധാവി എന്നിവര്‍ക്ക് പരാതി നല്‍കി.

Post a Comment
0 Comments