ന്യൂഡല്‍ഹി (www.evisionnews.in): സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയം സുപ്രീം കോടതി ശരിവെച്ചു. മദ്യനയം ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാനത്തെ ഹോട്ടല്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി ഇത്തരമൊരു വിധി പ്രസ്താവം നടത്തിയത്.
മദ്യനിയന്ത്രണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നയത്തില്‍ തീരുമാനം എടുക്കാന്‍ സര്‍ക്കാരിന് കഴിയുമെന്ന് കോടതി നിരീക്ഷിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തെ എതിര്‍ത്തുള്ള ബാറുടമകളുടെ ഹര്‍ജി തള്ളുന്നു എന്നാണ് ജഡ്ജി വിധി പ്രസ്താവത്തില്‍ പറഞ്ഞത്.
പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്കു മാത്രം ബാര്‍ ലൈസന്‍സ് നല്‍കിയാല്‍ മതിയെന്ന സംസ്ഥാന സര്‍ക്കാര്‍ നയം ചോദ്യം ചെയ്ത് ബാറുടമകള്‍ നല്‍കിയ ഒരുകൂട്ടം ഹരജികളില്‍ ജസ്റ്റിസുമാരായ വിക്രംജിത് സെന്‍, ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീംകോടതി ബെഞ്ചാണ് വിധി പറഞ്ഞത്. മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ, അറ്റോണി ജനറല്‍ മുകുള്‍ റോത്തഗി എന്നിവര്‍ ഉള്‍പ്പെടെ മുന്‍നിര അഭിഭാഷകരെയാണ് ബാറുടമകള്‍ വാദത്തിന് ഇറക്കിയിരുന്നത്. സര്‍ക്കാറിന് വേണ്ടി കപില്‍ സിബലും വി. ഗിരിയും ഹാജരായിരുന്നു.
കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് മന്ത്രി കെ.ബാബു പ്രതികരിച്ചു. വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കോടതി വിധി സാമൂഹ്യ പ്രതിബദ്ധതയുള്ളതാണെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞു. ഘട്ടങ്ങളായി മദ്യ ഉപയോഗം കുറച്ച് മദ്യനിരോധത്തിലേക്ക് നീങ്ങുന്നതിനു വേണ്ടിയാണ് ലൈസന്‍സ് പരിമിതപ്പെടുത്തിയതെന്ന വാദമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയത്. വിനോദസഞ്ചാര വികസനം കണക്കിലെടുത്താണ് പഞ്ചനക്ഷത്ര ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിലനിര്‍ത്തിയതെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു.
മദ്യവില്‍പ്പന എന്നത് മൗലിക അവകാശമല്ലെന്ന് കോടതി നേരത്തെ തന്നെ നിരീക്ഷിച്ചിരുന്നു. പൂട്ടിയ ബാറഉകള്‍ തുറക്കാനാകില്ലെന്നും പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകള്‍ക്ക് മാത്രമേ ബാര്‍ലൈസന്‍സ് ഉള്ളൂ എന്നും കോടതി പറഞ്ഞിരുന്നു. മദ്യ ഉപഭോഗം തീരുമാനിക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന്തന്നെയായിരുന്നു കോടതിയുടെ നിരീക്ഷണം.
സംസ്ഥാനത്തിന്റെ മദ്യനയം ഹൈകോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും ശരിവെച്ചതോടെയാണ് ബാറുടമകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മദ്യനയം പ്രകടന പത്രികയുടെ ഭാഗമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍. പ്രതാപന്‍ എം.എല്‍.എയും കേസില്‍ കക്ഷിചേര്‍ന്നിരുന്നു.
Keywords: Newdelhi-news-supreme-court-lines

Post a Comment
0 Comments