കൊച്ചി:(www.evisionnews.in) ആലുവയിലെ യോഗത്തില്‍ മതവിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ പ്രസംഗിച്ചുവെന്ന കേസില്‍ എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. സര്‍ക്കാരിന്റെ വിശദീകരണം ആരാഞ്ഞ കോടതി ജാമ്യാപേക്ഷ മറ്റന്നാള്‍ പരിഗണിക്കും.
താന്‍ മതവിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ അല്ല സര്‍ക്കാരിനെ വിമര്‍ശിച്ചാണ് പ്രസംഗിച്ചതെന്നും രാഷ്ട്രീയ വിദ്വേഷമാണ് കേസിന് പിന്നിലെന്നുമാണ് ജാമ്യഹര്‍ജിയില്‍ വെള്ളാപ്പള്ളി പറയുന്നത്. തന്റെ പ്രസംഗം മൂലം സംസ്ഥാനത്തെ മതസൗഹാര്‍ദത്തിന് ഇതുവരെ കുഴപ്പമൊന്നുമുണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഐ.പി.സി 153ാം വകുപ്പ് സെക്ഷന്‍ എ പ്രകാരം ആലുവ പോലീസാണ് വെള്ളാപ്പള്ളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. പിഴയും മൂന്ന് വര്‍ഷം വരെ തടവും ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
കോഴിക്കോട്ട് മാന്‍ഹോളില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിനിടയില്‍ മരണമടഞ്ഞ നൗഷാദിന് സര്‍ക്കാര്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ചത് നൗഷാദ് മുസ്ലിം ആയതുകൊണ്ടാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവന. പ്രത്യേക മതത്തില്‍ പെട്ടവര്‍ മരിക്കുമ്പോള്‍ മാത്രമാണ് ഇവിടെ ആനുകൂല്യം ലഭിക്കുന്നതെന്നും അതിനാല്‍ ആ മത വിഭാഗക്കാരനായി മരിക്കാന്‍ കൊതി തോന്നുന്നുവെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. എറണാകുളത്തു നിന്ന് ഹാന്‍ഡ് ബോള്‍ മത്സരത്തിന് പോയപ്പോള്‍ മരണമടഞ്ഞ മൂന്ന് ഹിന്ദു വിദ്യാര്‍ഥികളുടെ കുടുംബത്തിന് സര്‍ക്കാര്‍ ഒരു പരിഗണനയും നല്‍കിയില്ലെന്നും വെള്ളാപ്പള്ളി ആലുവ മണപ്പുറത്ത് നടന്ന സമത്വ മുന്നേറ്റ യാത്രയുടെ സ്വീകരണ ചടങ്ങില്‍ പറഞ്ഞു. തുടര്‍ന്ന് വെള്ളാപ്പള്ളി തങ്ങിയിരുന്ന ഹോട്ടലില്‍ വെച്ച് നടത്തിയ പത്ര സമ്മേളനത്തിലും ഇതേ വാചകം ആവര്‍ത്തിച്ചിരുന്നു.
കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. കൂടാതെ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.യും കളമശ്ശേരി സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകനായ ജി. ഗിരീഷ് ബാബുവും വെള്ളാപ്പള്ളിക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

Post a Comment
0 Comments