ബീജിങ്: (www.evisionnews.in) നൊബേല്‍ ജേതാവ് രവീന്ദ്രനാഥ് ടാഗോറിന്റെ ‘സ്‌ട്രേ ബേഡ്‌സ്’ എന്ന കവിതാസമാഹാരത്തിന്റെ പരിഭാഷ ചൈനീസ് പ്രസാധകര്‍ പിന്‍വലിച്ചു. ഈ കൃതിയുടെ അസഭ്യച്ചുവയുള്ള പരിഭാഷയ്‌ക്കെതിരെ സാഹിത്യവിമര്‍ശകരില്‍ നിന്നും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നുവന്ന സാഹചര്യത്തിലാണിത്.
ചിത്രത്തിന്റെ പരിഭാഷ, ‘മതനിന്ദ’യും ‘സാംസ്‌കാരിക ഭീകരവാദവും’ ആണെന്ന വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. ചൈനീസ് വായനക്കാര്‍ക്കിടയില്‍ ഏറെ ജനപ്രിയമായ ടാഗോര്‍ കൃതിയാണ് സ്‌ട്രേ ബേഡ്‌സ്. നേരത്തെ ഇറങ്ങിയ പരിഭാഷാ പതിപ്പുകള്‍ വലിയ തോതില്‍ വിറ്റഴിഞ്ഞിരുന്നു. ഫെങ് താങ് എന്ന എഴുത്തുകാരന്റെ പുതിയ വിവര്‍ത്തനമാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.
ഫെങ്ങിന്റെ പരിഭാഷ ഏറെ വിവാദങ്ങള്‍ക്കു വഴിവെച്ച സാഹചര്യത്തില്‍ സെജിയാങ് വെന്‍സി പബ്ലിഷിങ് ഹൗസ് വിവര്‍ത്തനം പിന്‍വലിക്കുന്നതായി അറിയിക്കുകയായിരുന്നു. പുസ്തകമേളകളില്‍ നിന്നും, വെബ്‌സൈറ്റുകളില്‍ നിന്നും പുസ്തകം പിന്‍വലിക്കുന്നതിനൊപ്പം വിറ്റഴിഞ്ഞ പുസ്തകങ്ങള്‍ തിരിച്ചുവിളിക്കുമെന്നും പ്രസാധകര്‍ അറിയിച്ചു.
സാംസ്‌കാരിക ഭീകരവാദത്തിന്റേയും വംശീയതയുടേയും അതിപ്രസരമാണ് വിവര്‍ത്തനത്തില്‍ കാണുന്നതെന്ന വിമര്‍ശനമാണ് കൃതിയ്‌ക്കെതിരെ ഉയര്‍ന്നത്. കൃതിയില്‍ ടാഗോര്‍ പരാമര്‍ശിച്ച പല കാര്യങ്ങളും തെറ്റായാണ് വിവര്‍ത്തനത്തില്‍ ഫെങ് വ്യാഖ്യാനിച്ചത്. ടാഗോറിന്റെ ക്ലാസിക്കിനെ നിന്ദിയ്ക്കുകയാണ് വിവര്‍ത്തകനെന്നാണ് ചൈനീസ് സാഹിത്യലോകത്തിന്റെ വിലയിരുത്തല്‍. ടാഗോര്‍ ലോകത്തെ ഏറ്റവും മഹാന്മാരായ എഴുത്തുകാരിലൊരാളും ചൈനക്കാര്‍ക്ക് ഏറെ പ്രിയപ്പെട്ടവനുമാണെന്ന് ഒരു പ്രമുഖ ചൈനീസ് പത്രം എഴുതി.
ടാഗോറിന്റെ യഥാര്‍ത്ഥ കൃതിയെ യാന്ത്രികമായി വിവര്‍ത്തനം ചെയ്യുന്നതിനു പകരം താന്‍ വ്യക്തിപരമായ രീതി പരീക്ഷിക്കുകയാണ് ചെയ്തതെന്നാണ് ഫെങ്ങിന്റെ വിശദീകരണം. അതിനിടെ പുസ്തകം ബുക്ക്സ്റ്റാളുകളില്‍ നിന്ന് പിന്‍വലിക്കുമെന്ന് പ്രസാധകര്‍ പ്രഖ്യാപിച്ചതോടെ ചിലയാളുകള്‍ ഈ പുസ്തകം വാങ്ങാനുള്ള അവസാന അവസരം എന്ന കടകളിലെത്തുന്നുണ്ട്.

Post a Comment
0 Comments