Type Here to Get Search Results !

Bottom Ad

കാസര്‍കോട് ലീഗിന് രണ്ട് മണ്ഡലങ്ങള്‍; മത്സരിക്കാന്‍ വന്‍ നിര

കെഎസ് ഗോപാലകൃഷ്ണന്‍



കാസര്‍കോട്: മലപ്പുറം കഴിഞ്ഞാല്‍ സംസ്ഥാനത്തെ മുസ്ലിം ലീഗിന്റെ ശക്തി കേന്ദ്രമാണ് കാസര്‍കോട് ജില്ല. ജില്ലയില്‍ യുഡിഎഫ് എന്നാല്‍ മുസ്ലിംലീഗാണ്. ചന്ദ്രഗിരിപ്പുഴക്ക് വടക്കുള്ള മഞ്ചേശ്വരം, കാസര്‍കോട് നിയോജകമണ്ഡലങ്ങള്‍ ലീഗിന്റെ കുത്തക സീറ്റുകള്‍ തന്നെയാണ്. ഇടക്കൊരിക്കല്‍ സിപിഎം ലീഗിനെ ഞെട്ടിച്ച് മഞ്ചേശ്വരം പിടിച്ചടക്കിയെങ്കിലും 2011ലെ തെരഞ്ഞെടുപ്പില്‍ തിരിച്ചുപിടിക്കുകയും ചെയ്തു.

കാസര്‍കോട് നിയോജക മണ്ഡലത്തിലെ ചിത്രം മറ്റൊന്നാണ്. 1970 മുതല്‍ 2011 വരെയുള്ള 11നിയമസഭാ തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തില്‍ പാറിപ്പറന്നത് ഹരിതപതാകയാണ്. ഇടക്കൊരിക്കല്‍, അതായത് 1979ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സിപിഎം പിന്തുണയോടെ ബിഎം അബ്ദുല്‍ റഹ്മാന്‍ അഖിലേന്ത്യാ ലീഗിന്റെ ബാനറില്‍ ജയിച്ചിരുന്നു. സി.ടി അഹമ്മദലിയെയാണ് ബിഎം അബ്ദുല്‍ റഹ്മാന്‍ പരാജയപ്പെടുത്തിയത്. 1977ല്‍ വിജയിച്ച ടിഎ ഇബ്രാഹിമിന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.

1980ല്‍ സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി നിലവില്‍വന്നു. സിപിഐയും ആര്‍എസ്പിയുമടക്കമുള്ള പാര്‍ട്ടികളും ഗ്രൂപ്പുകളും കോണ്‍ഗ്രസ് ബന്ധം വിട്ടാണ് എല്‍ഡിഎഫ് രൂപീകരിച്ചത്. ആ വര്‍ഷം നടന്ന തെരഞ്ഞെടുപ്പില്‍ സിടി അഹമ്മദലി വിജയിച്ചു. തുടര്‍ന്ന് 2006വരെ സിടി മണ്ഡലത്തെ നിയമസഭയില്‍ പ്രതിനധീകരിച്ചു. നീണ്ട 32വര്‍ഷം. അതിനിടയില്‍ സി.ടി മന്ത്രിയായും തിളങ്ങി. 2011ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ രാഷ്ട്രീയ ചിത്രം കീഴ്‌മേല്‍മറിഞ്ഞു. മുസ്ലിം ലീഗില്‍ ഇന്ത്യന്‍ നാഷണല്‍ ലീഗിലെ ഒരു വിഭാഗം ലയിച്ചതോടെയാണിത്.

ഐഎന്‍എല്‍ വിട്ടുവന്ന എന്‍.എ നെല്ലിക്കുന്നിനു വേണ്ടി സിടി സ്ഥാനമൊഴിഞ്ഞു കൊടുത്തു. ഇത് ജില്ലാ ലീഗിനുള്ളിലെ ചില ഗ്രൂപ്പുകള്‍ക്ക് അസംതൃപ്തിയുണ്ടാക്കിയെങ്കിലും മത്സരത്തില്‍ നെല്ലിക്കുന്ന് തന്നെ വിജയിക്കുകയായിരുന്നു. പാര്‍ട്ടിയിലെ ന്യൂജെന്‍ അദ്ദേഹത്തിനൊപ്പം നിന്നു. കുഞ്ഞാലിക്കുട്ടിയെപോലുള്ള ലീഗിലെ ഉല്‍പതിഷ്ണു വിഭാഗവും നെല്ലിക്കുന്നിനെ അകമഴിഞ്ഞ് തുണച്ചു. കാസര്‍കോട് കേന്ദ്രീകരിച്ച് ലീഗിനുള്ളില്‍ ഇത്തരമൊരു പുതുസമവാക്യങ്ങള്‍ രൂപപ്പെട്ടുവന്നതിനൊപ്പം പിബി അബ്ദുല്‍ റസാഖ് സിപിഎമ്മിനെ തോല്‍പ്പിച്ച് മഞ്ചേശ്വരം വീണ്ടെടുത്തു. 

2016 മെയ് മാസത്തില്‍ 15ാം നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന് കാഹളമുയര്‍ന്നു കഴിഞ്ഞു. സ്ഥാനാര്‍ത്ഥിയാരാകുമെന്നാണ് പരക്കെ ചര്‍ച്ച. പാര്‍ട്ടികളുടെ ഔദ്യോഗിക തലത്തില്‍ ഇതൊന്നും ചര്‍ച്ചാ വിഷയമല്ലെങ്കിലും പാര്‍ട്ടി അണികള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുഖ്യചര്‍ച്ചയാക്കി മാറ്റിക്കഴിഞ്ഞു. ഇടതിലും വലതിലും ബിജെപിയിലും ചര്‍ച്ച ഇതുതന്നെ.

മഞ്ചേശ്വരത്തും കാസര്‍കോട്ടും സീറ്റ് നിലനിര്‍ത്താന്‍ നിയോഗിക്കപ്പെടുന്നവര്‍ ആരാണെന്നാണ് ലീഗിലെ ചര്‍ച്ച. കാസര്‍കോട് മണ്ഡലത്തില്‍ നെല്ലിക്കുന്ന് ഇക്കുറി മാറുമെന്ന് ഒരു വിഭാഗം പ്രചാരണം നടത്തുമ്പോള്‍ നെല്ലിക്കുന്ന് തന്നെ തുടരുമെന്നാണ് പുറത്തുവരുന്ന ശക്തമായ സൂചനകള്‍. രണ്ടു ടേമെങ്കിലും ഒരാള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കണമെന്ന പൊതുവികാരമാണ് ഇതിനുപിന്നില്‍. അതേസമയം, തനിക്ക് സീറ്റ് നിഷേധിക്കപ്പെടുമെന്ന വേവലാതിയൊന്നും നെല്ലിക്കുന്നിനില്ല. അടുത്ത അഞ്ചു വര്‍ഷത്തേക്കുകൂടി തന്നെ പാര്‍ട്ടി എംഎല്‍എയായി നിയോഗിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അദ്ദേഹം. സംസ്ഥാന നേതൃത്വത്തില്‍ അദ്ദേഹത്തിലുള്ള വിശ്വാസം തന്നെ കാരണം. മഞ്ചേശ്വരത്തു നിന്ന് പിബിയെ കാസര്‍കോട്ടെത്തിക്കുമെന്നും അഭ്യൂഹമുണ്ട്. മൂന്നു തവണ നഗരസഭാ ചെയര്‍മാനായിരുന്ന ടിഇ അബ്ദുല്ലയുടെ പേരും ഉയരുന്നുണ്ട്. മുമ്പ് നടന്ന തെരഞ്ഞെടുപ്പ് വേളയില്‍ ടി.ഇക്കു വേണ്ടി ഫഌക്‌സ് ബോര്‍ഡും പ്രത്യക്ഷപ്പെട്ടിരുന്നു. കാസര്‍കോട്ട് സ്ഥാനാര്‍ത്ഥിയായി ലീഗിലെ ഒരു വിഭാഗം ഉയര്‍ത്തിക്കാട്ടുന്നത് എ അബ്ദുല്‍ റഹ്മാനെയാണ്. ട്രേഡ് യൂണിയന്‍ നേതാവായ അബ്ദുല്‍ റഹ്മാന്‍ എസ്.ടി.യുവിന് നീക്കിവെക്കുന്ന സീറ്റില്‍ പരിഗണിക്കപ്പെടുമെന്നാണ് ആ വിഭാഗത്തിന്റെ പ്രതീക്ഷ. 

മഞ്ചേശ്വരത്ത് കണ്ണുംനട്ട് പ്രബലന്മാര്‍ തന്നെ രംഗത്തുണ്ട്. പിബിയെ മാറ്റിയാല്‍ ജില്ലാ ജനറല്‍ സെക്രട്ടറി എംസി ഖമറുദ്ദീന്‍ എന്നാണ് പൊതുചര്‍ച്ച. സംസ്ഥാന നേതൃത്വത്തിനും അഭിമതനാണ്. ചുണ്ടിനും കപ്പിനുമിടയിലാണ് കഴിഞ്ഞ തവണ അദ്ദേഹത്തിന് സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടത്. പക്ഷെ പ്രാദേശിക വാദം കത്തിക്കയറുന്ന ഇടമായ മഞ്ചേശ്വരത്ത് ഇറക്കുമതി സ്ഥാനാര്‍ത്ഥിയെ അവതരിപ്പിക്കാന്‍ നേതൃത്വത്തിന് വിയര്‍പ്പൊഴുക്കേണ്ടിവരും. ഈ ഘട്ടത്തിലാണ് പ്രവാസി നേതാവ് എസ്.എ.എം ബഷീറിന്റെയും യൂത്ത് ലീഗ് നേതാവ് എകെഎം അഷ്‌റഫിന്റെയും തദ്ദേശഭരണത്തില്‍ പ്രാഗത്ഭ്യം തെളിയിച്ച എം അബ്ബാസിന്റെയും പേരുകള്‍ തെളിഞ്ഞു വരുന്നത്. ബഷീറും അഷ്‌റഫും അബ്ബാസും അവരവരുടെ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ചവരാണ്. മഞ്ചേശ്വരം മണ്ഡലത്തില്‍പെട്ട ഈ മൂവരില്‍ ആര്‍ക്ക് നറുക്ക് വീഴുമെന്ന് കാത്തിരുന്ന് കാണാം. ഇത്തരമൊരു സന്ദിഗ്ധാവസ്ഥ ലീഗിന് അഭിമുഖീകരിക്കേണ്ടിവന്നാല്‍ സാക്ഷാല്‍ സി.ടി അഹമ്മദാലിയെ രംഗത്തിറക്കി സ്ഥാനാര്‍ത്ഥിതര്‍ക്കം തീര്‍ക്കാന്‍ സംസ്ഥാന നേതൃത്വം ഒരുമ്പെട്ടാലും അത്ഭുതപ്പെടാനില്ല. 

കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ചൂടുപിടിക്കും മുമ്പ് കൊല്ലത്തെ ഇരവിപുരം ജില്ലയിലെ യുഡിഎഫ് രാഷ്ട്രീയത്തിലേക്ക് കയറിയിറങ്ങുന്നുണ്ട്. ഇരവിപുരം തിരുവിതാംകൂറിലെ മുസ്ലിംലീഗ് സീറ്റാണ്. ഈ സീറ്റ് യു.ഡി.എഫിലെ ഘടകകക്ഷിയായി മാറിയ ആര്‍.എസ്.പിക്ക് വിട്ടുകൊടുക്കേണ്ടിവന്നാല്‍ കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂരോ ഉദുമയോ മുസ്ലിം ലീഗ് ആവശ്യപ്പെടും. മന്ത്രിസഭയിലെ അഞ്ചാം മന്ത്രി മോഡലാക്കി ജില്ലയിലെ മൂന്നാം സീറ്റിനായി ഉന്നയിക്കപ്പെടുന്ന തന്ത്രമായിരിക്കും ഇത്. അങ്ങനെ സംഭവിച്ചാല്‍ തൃക്കരിപ്പൂരില്‍ എംസി ഖമറുദ്ദീനെയും ഉദുമയില്‍ സി.ടി അഹമ്മദലിയെയും പരിഗണിച്ചേക്കും. 

Keywords: Kasaragod-news-muslim-league-assembly-election-candidates



Post a Comment

0 Comments

Top Post Ad

Below Post Ad