Type Here to Get Search Results !

Bottom Ad

കോടിയേരിക്ക് നാരായണ ഗുരുവിനെ കുറിച്ചറിയില്ല ; വെള്ളാപ്പള്ളി


കാസര്‍കോട് (www.evisionnews.in): ശ്രീനാരായണ ഗുരുവിനെക്കുറിച്ച് കോടിയേരി ബാലകൃഷ്ണന് ഒന്നുമറിയില്ലെന്നും അദ്ദേഹം ജീവിച്ചിരിപ്പുണ്ടെങ്കില്‍ തന്നെ ചാട്ടവാര്‍ കൊണ്ട് അടിക്കുമെന്നാണ് കോടിയേരി പറഞ്ഞത് അസംബന്ധമാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഒരു ഉറുമ്പിനെപ്പോലും നോവിക്കാത്ത ശ്രീനാരായണഗുരു ചാട്ടവാര്‍ പിടിക്കുമെന്ന കോടിയേരിയുടെ പ്രസ്താവന ഗുരുദേവനെ നിന്ദിക്കുന്നതിന് തുല്യമാണ്. ചാട്ടവവാര്‍ സംസ്‌കാരം കോടിയേരിയുടേതാണെന്നും തനിക്കെതിരെ ആരോപണങ്ങള്‍ എത്ര ഉയര്‍ന്നാലും പുതിയ പാര്‍ട്ടിയുണ്ടാക്കുന്ന ദൗത്യത്തില്‍ നിന്ന് പിന്മാറില്ലെന്നും എതിര്‍പ്പുകളെല്ലാം ശക്തി പകരുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. കാസര്‍കോട്ടെ ത്രിനക്ഷത്ര ഹോട്ടലില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഡിസംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് നടത്തും. ഈ പാര്‍ട്ടി എസ്.എന്‍.ഡി.പി എന്ന സംഘടനയുടെ പാര്‍ട്ടിയാകില്ല. ഇത് മതേതര പാര്‍ട്ടിയായിരിക്കും. ഒരു ക്രിസ്ത്യന്‍ പുരോഹിതനും എം.എം ബഷീര്‍ അടക്കമുള്ളവരും ഞങ്ങളുടെ നിലപാടുകളോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. താന്‍ ഈ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പോലുള്ള പ്രധാന സ്ഥാനങ്ങള്‍ വഹിക്കില്ല. 

പാര്‍ട്ടി പ്രഖ്യാപനം അഞ്ചിനുണ്ടാവുമെങ്കിലും രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം പാര്‍ട്ടി നിലവില്‍ വരും. പാര്‍ട്ടിയുടെ പേര് ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സമത്വമുന്നേറ്റ യാത്ര എസ്.എന്‍.ഡി.പിയുടെ മാത്രം യാത്രയല്ലെന്നും ഹിന്ദു കൂട്ടായ്മയുടെ യാത്രയാണെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് ഞങ്ങള്‍ എതിരല്ല. എന്നാല്‍ ഭൂരിപക്ഷ സമുദായത്തിന് കിട്ടേണ്ടത് കിട്ടണം. ഈ വാദം ഉന്നയിച്ചുള്ള യാത്രയാണിത്. ഇത് ബി.ജെ.പിക്ക് വേണ്ടിയുള്ള യാത്രയല്ല. യാത്രയെക്കുറിച്ച് ഇതുവരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ബി. മുരളീധരന്‍ പോലും തന്നോട് ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

വെള്ളാപ്പളളി നയിക്കുന്ന സമത്വ മുന്നേറ്റ യാത്രയുടെ പരിപാടി വിശദീകരിക്കാന്‍ വിളിച്ച ചേര്‍ത്ത പത്രസമ്മേളനത്തില്‍ അരയക്കണ്ടി സന്തോഷ്, കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി ബാബു തുടങ്ങിയവര്‍ സംബന്ധിച്ചു.


Keywords: Kasaragod-news-pressmeet-srinaraayana-guru

Post a Comment

0 Comments

Top Post Ad

Below Post Ad