കാസര്‍കോട് (www.evisionnews.in): ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 2651 സ്ഥാനാര്‍ത്ഥികളുടെ വിധി നിര്‍ണയിക്കുന്നത് 9,52,163 വോട്ടര്‍മാര്‍.
മൂന്ന് നഗരസഭകളിലായി 354 പേരാണ് നാളെ ജനവിധി തേടുന്നത്. ഇവരില്‍ 180 സ്ത്രീകളും 174 പുരുഷന്മാരുമുണ്ട്. ജില്ലയില്‍ ആകെയുള്ള 38 ഗ്രാമപഞ്ചായത്തുകളിലേക്ക് 1977 സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നുണ്ട്. ഇതില്‍ 1031 സ്ത്രീകളും 946 പുരുഷന്മാരുമാണ്. ജില്ലാ പഞ്ചായത്തിലെ 17 ഡിവിഷനുകളെ പ്രതിനീധീകരിക്കാന്‍ 60 പേരാണ് മത്സരരംഗത്തുള്ളത്. മത്സരാര്‍ത്ഥികളില്‍ 77 പേര്‍ സ്ത്രീകളും 33 പേര്‍ പുരുഷന്മാരുമാണ്. ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 133 സ്ത്രീകളും 127 പുരുഷന്മാരും ഉള്‍പ്പെടെ 260 പേര്‍ മത്സരിക്കുന്നുണ്ട്
തെരഞ്ഞെടുപ്പിനുള്ള എല്ലാവിധ ക്രമീകരണങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. രാവിലെ ഏഴ് മണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് അഞ്ചിന് അവസാനിക്കും. ജില്ലയില്‍ 1403 ബൂത്തുകളാണ് വോട്ടെടുപ്പിനായി ക്രമീകരിച്ചിട്ടുളളത്. 5642 ഉദ്യോഗസ്ഥര്‍ പോളിംഗ് ഡ്യൂട്ടി നിര്‍വഹിക്കാനുണ്ടാവും. അടിയന്തിരഘട്ടത്തില്‍ സേവനത്തിനായി 565 പേരെയും നിയോഗിച്ചിട്ടുണ്ട്. ഭാഷാ ന്യൂനപക്ഷപ്രദേശങ്ങളിലായി 406 പോളിംഗ് ബൂത്തുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
എത്തിച്ചേരാന്‍ പ്രയാസമുളളവയായി 23 പോളിംഗ് ബൂത്തുകളാണ് ഉളളത്. ഇവിടങ്ങളിലേക്ക് പ്രത്യേക സൗകര്യങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഒരുക്കുന്നുണ്ട്. 51 അതീവപ്രശ്‌ന ബാധിത ബുത്തുകളാണ് ജില്ലയിലുളളത്. ഇതില്‍ 44 എണ്ണത്തില്‍ വെബ്കാസ്റ്റിംഗ് സംവിധാനം ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം ഏര്‍പ്പെടുത്തുന്നുണ്ട്. ഏഴിടങ്ങളില്‍ വീഡിയോഗ്രാഫി സംവിധാനം ഒരുക്കും. ജില്ലയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമസമാധാനപാലനത്തിനായി 3030 അംഗ സേനയെ വിന്യസിപ്പിക്കും. ഇതില്‍ ആന്റി നെക്‌സല്‍ സേന, റെയില്‍വെ, വിജിലന്‍സ്, ഫയര്‍ഫോഴ്‌സ്, എക്‌സൈസ്, മോട്ടോര്‍ വെഹിക്കിള്‍സ്, ഫോറസ്റ്റ് തുടങ്ങിയ സേനാ വിഭാഗങ്ങള്‍ ഉള്‍പ്പെടും. 30 അംഗ ആന്റി നെക്‌സല്‍ സേനയെ മലയോരമേഖലകളിലെ ബൂത്തുകളില്‍ വിന്യസിക്കും. എട്ട് ഡി.വൈ.എസ്.പിമാരുടെ 20 പോലീസ് ഇന്‍സ്‌പെക്ടര്‍മാരും വിവിധ ബൂത്തുകളിലെ മേല്‍നോട്ടം വഹിക്കും.
ജില്ലയിലെ പോലീസ് സേനക്ക് പുറമെ പാലക്കാട്ട് നിന്ന് 950 സേനാംഗങ്ങളെയും മലപ്പുറത്ത് നിന്ന് 500 സേനാംഗങ്ങളെയും ജില്ലയിലെ ഡ്യൂട്ടിക്കായി നിയോഗിക്കും. രണ്ട് കമ്പനി കര്‍ണ്ണാടക പോലീസ് സേനയെയും ജില്ലയിലെ ക്രമസമാധാന പാലനത്തിനായി കൊണ്ടുവരുന്നുണ്ട്. നവംബര്‍ ഏഴിനാണ് വോട്ടെണ്ണലും വിധി പ്രഖ്യാപനവും നടക്കുക.
Keywords: Kasaragod-ection-vote-police-election

Post a Comment
0 Comments