കേരളം ഇന്ന് 60 വയസിലേക്ക് കടക്കുകയാണ്. രാജവാഴ്ചയേയും നാട്ടുരാജ്യങ്ങളേയും വൈദേശിക ശക്തികളുടെ ഇടപെടലുകളെയും ഓര്‍മ്മകളാക്കി മാറ്റിയാണ് 1956 നവംബര്‍ ഒന്നിന് ഭാരതത്തിന്റെ തെക്കേ അറ്റത്ത് മലയാള നാട് പിറവികൊണ്ടത്. അന്ന് മുതല്‍ നവംബര്‍ ഒന്ന് കേരളപ്പിറവി ദിനം ആയി അറിയപ്പെട്ടും ആഘോഷിച്ചും തുടങ്ങി.
അറബിക്കടലില്‍ പരശുരാമന്‍ മഴു എറിഞ്ഞാണ് കേരളമുണ്ടായതെന്നാണ് ഐതീഹ്യം. കേരളം എന്നാല്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടത് എന്ന അര്‍ത്ഥമാണെന്നും അതല്ല, കേരം എന്നാല്‍ സംസ്‌കൃതഭാഷയില്‍ നാളികേരം എന്നതില്‍ നിന്ന് വന്നതാണെന്നും പറയുന്നവരുണ്ട്. ഇത്തരം വാദങ്ങള്‍ക്ക് ശാസ്ത്രത്തിന്റേയോ യുക്തിയുടേയോ ലഘു കണിക പോലുമില്ലെന്നതു വേറെ കാര്യം. ഇപ്പോള്‍ ഉത്തര കര്‍ണാടകയിലുള്ള ഗോകര്‍ണത്തെ കടലോരത്ത് കാലുറപ്പിച്ച് പരശുരാമന്‍ എറിഞ്ഞ മഴു അങ്ങ് തെക്കേ അറ്റത്തെ മൂന്ന് സമുദ്രങ്ങളുടെ സംഗമ കേന്ദ്രമായ കന്യാകുമാരിയില്‍ ചെന്ന് പതിച്ചുവെന്നും അങ്ങനെ ഗോകര്‍ണത്തിനും കന്യാകുമാരിക്കുമിടിയിലുള്ള പ്രദേശം കടലില്‍ നിന്ന് ഉയര്‍ന്ന വരികയായിരുന്നുവെന്നും ഇതാണ് ഭാര്‍ഗവ കേരളമെന്നുമാണ് ഐതീഹ്യങ്ങളും കെട്ടുകഥകളും ഉദ്പാദിപ്പിക്കുന്ന ഫാക്ടറികളില്‍ നിന്ന് പുറത്തുവിടുന്നത്.
എന്നാല്‍ ഐക്യ കേരളം രൂപം കൊള്ളുമ്പോള്‍ നമുക്ക് കന്യാകുമാരിയും ഗോകര്‍ണവുമില്ലാത്ത കേരളത്തെയാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഇക്കാലയളവില്‍ കേരളം സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക പൊതുജീവിത രംഗങ്ങളില്‍ വന്‍ മുന്നേറ്റങ്ങള്‍ക്കും ചില്ലറ തിരിച്ചടികള്‍ക്കും സാക്ഷ്യംവഹിക്കുകയുമുണ്ടായി. മതമേധാവിത്വത്തിനെതിരെ പൊരുതിയ കേരളം മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്ന ഉദ്‌ഘോഷണം ഏറ്റുവാങ്ങാനും തയാറായി. രാഷ്ടീയവും വിദ്യാഭ്യാസ പരവുമായ പ്രബുദ്ധതയിലൂന്നിയ കേരളത്തനിമ ഏറെ പ്രകീര്‍ത്തിക്കപ്പെട്ടു. കേരളം രാഷ്ട്രീയ പരീക്ഷണങ്ങളുടെ ലാബുകളായി മാറി. രാഷ്ട്രീയവും സാമുദായികവുമായ ഭിന്നതകള്‍ മറന്ന് വര്‍ഗ്ഗീയതയെ പ്രതിരോധിക്കാന്‍ കേരളം എന്നും മുന്നില്‍ നിന്നു. കേരളത്തിന്റെ ഈ തലയെടുപ്പാണ് ഇന്ന് ഉത്തരേന്ത്യയില്‍ അസഹിഷ്ണുതയുടെ വിഷവിത്തുകള്‍ വിതയ്ക്കുന്ന ശക്തികള്‍ക്കും പ്രഹരമായത്. ഇതും നമ്മുടെ മാത്രം സവിശേഷതയായ കേരള മോഡലുകളിലൊന്നാണ്. ഈ മോഡലാണ് ഇന്ത്യക്ക് യഥാര്‍ത്ഥ ദിശ ചൂണ്ടിക്കാണിക്കുന്ന ചൂണ്ടുപലക.
ഇക്കുറി കേരളം 60 ലേക്ക് കടക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിനിടെയാണ്. പഞ്ചായത്തീ രാജ് -നഗരപാലികാ നിയമത്തിലൂന്നി ത്രിതല ഭരണ സംവിധാനം കാര്യക്ഷമമായും ഫലപ്രദമായും നടത്തുന്ന സംസ്ഥാന ഇന്ത്യയില്‍ മറ്റൊരിടത്തുമില്ല. ഇതും കേരളത്തില്‍ അറുപതാണ്ടില്‍ നടന്ന മാറ്റങ്ങള്‍ക്കുള്ള തെളിവും കൂടിയാണ്.
ബ്രിട്ടീഷ് ആധിപത്യം അവസാനിച്ച 1947 ശേഷം ഐക്യകേരളത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ ശക്തിപ്പെട്ടതിനെ തുടര്‍ന്നാണ് കേരളം എന്ന സംസ്ഥാനത്തിന്റെ പിറവിക്ക് തുടക്കം. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുന സംഘടിപ്പിക്കാനുള്ള ഇന്ത്യാ ഗവണ്‍മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍, മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ എല്ലാ പ്രദേശങ്ങളേയും കൂട്ടിച്ചേര്‍ത്തു കൊണ്ട് 1956 നവംബര്‍ 1ന് കേരളസംസ്ഥാനം രൂപീകരിച്ചു.
കേരളപ്പിറവി ദിനത്തില്‍ മാതൃഭാഷയ്ക്ക് മലയാളികള്‍ എത്രത്തോളം പ്രാധാന്യം നല്‍കുന്നുവെന്നത് ഇവിടെ ഓര്‍ക്കേണ്ടതാണ്. മാതൃഭാഷയായ മലയാളത്തെ മറന്നു കൊണ്ടാണ് ഇന്ന് മലയാളികള്‍ ജീവിക്കുന്നത്. എന്നാല്‍ ആ ഭാഷയെ, മലയാളത്തെ ഇന്നും അംഗീകരിക്കപ്പെടാന്‍ ഇന്നാട്ടുകാര്‍ പെടാപ്പാടു പെടുകയാണ്. വിദ്യാരംഭനാളില്‍ ഹരിശ്രീ കുറിക്കുന്ന പിറ്റേന്ന് ഓടിക്കയറുന്നത് മലയാളത്തനിമ തീരേ ഇല്ലാത്ത സ്‌കൂളികളിലേക്കും മലയാള ഭാഷയെ അവഹേളിക്കുന്ന മലയാളികളായ പൊങ്ങച്ചക്കാരുടെ ഇടയിലേക്കുമാണ്. മലയാള ഭാഷ പഠിക്കുന്നത് ഒരു രണ്ടാംതരം പൗരത്വത്തിന്റെ ലക്ഷണമാണെന്ന പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. മാതൃഭാഷ എന്തിനു പഠിക്കണമെന്ന ചോദ്യം പോലും ഉയര്‍ത്തുന്നവരുണ്ട്.
എന്നാല്‍, മാതൃഭാഷ അമ്മിഞ്ഞപ്പാലിനോടൊപ്പം നമുക്ക് കിട്ടുന്ന ഒരു സിദ്ധിയാണെന്നും നമ്മെ കൂട്ടിയോജിപ്പിച്ചു നിര്‍ത്തുന്നത് മാതൃഭാഷയാണെന്നും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭാഷ വികാരമാകാം. വിചാരവുമാകാം. ഭാഷാ സ്‌നേഹം ഒരിക്കലും ഭാഷാ ഭ്രാന്താവരുത്. ഇതു തന്നെയാവട്ടെ കേരളപ്പിറവി ദിനത്തിലെ നമ്മുടെ പ്രതിജ്ഞ. കേരളം മലയാളികളുടെ മാതൃഭൂമി തന്നെയാണ്.
Keywords: Kasaragod-news-kerala-november-malabar-birthday

Post a Comment
0 Comments