Type Here to Get Search Results !

Bottom Ad

40 കോടിയുമായി ഗള്‍ഫില്‍ നിന്നും മുങ്ങിയ കാഞ്ഞങ്ങാട്ടുകാരന്‍ മംഗളൂരുവില്‍ പിടിയില്‍


കാഞ്ഞങ്ങാട് : (www.evisionnews.in) 40 കോടിയുമായി ഗള്‍ഫില്‍ നിന്നും മുങ്ങിയ കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശിയെ വഞ്ചിതരായ ഹൊസ്ദുര്‍ഗ് കടപ്പുറം സ്വദേശികള്‍ മംഗലാപുരത്ത് കൈയോടി പിടികൂടി. 

ഏഴുകോടിയാണ് ഇയാള്‍ കടപ്പുറം സ്വദേശികള്‍ക്ക് നല്‍കാനുള്ളത്. ഏഴുമാസത്തിനുള്ളില്‍ ഏഴുകോടി തിരിച്ചുകൊടുക്കാമെന്ന വ്യവസ്ഥയില്‍ ഇയാളെ ബുധനാഴ്ച്ച രാത്രി വിട്ടയച്ചു. സംഭവം സംബന്ധിച്ച് പോലീസില്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല. 

ഏഴു മാസത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ഇയാള്‍ ഒരു കൊല്ലം മുമ്പ് വാങ്ങിയ പെട്രോള്‍ പമ്പ് കടപ്പുറം സ്വദേശികള്‍ക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. ബാങ്കുകളില്‍ നിന്നും വായ്പയെടുത്തും ഗള്‍ഫിലെ സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ വാങ്ങിയുമാണ് വെള്ളിക്കോത്തുകാരന്‍ 40 കോടി സമാഹരിച്ചത്. ഈ പണം ഉപയോഗിച്ച് കാഞ്ഞങ്ങാട്ടും പരിസരങ്ങളിലും സ്ഥാപനങ്ങളും ഭൂസ്വത്തുക്കളും വാങ്ങിക്കൂട്ടി. അതിനിടെ ഒരു സുപ്രഭാതത്തില്‍ ഗള്‍ഫിലെ ഇയാളുടെ അരഡസനോളം വ്യാപാര സ്ഥാപനങ്ങള്‍ രഹസ്യമായി പൂട്ടി മുങ്ങുകയാണുണ്ടായത്. സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന മുപ്പതോളം തൊഴിലാളികളും ഇതോടെ പെരുവഴിയിലായി. 

ഗള്‍ഫ് രാജ്യങ്ങളില്‍ സ്ഥാപനവും മുനിസിപ്പല്‍ ലൈസന്‍സുമുണ്ടെങ്കില്‍ ബാങ്കുകള്‍ വായ്പ കൊടുക്കും. കടകളിലേക്കുള്ള സാധനങ്ങള്‍ മൊത്ത വ്യാപാരികളും അവധിച്ചെക്കിന്റെ ബലത്തില്‍ കടം കൊടുക്കാറുണ്ട്. ഇത്തരത്തില്‍ കടകളിലിറക്കിയ സാധനങ്ങള്‍ വില കുറച്ച് മൊത്തമായി മറിച്ചുവിറ്റ ശേഷമാണ് കടകള്‍ പൂട്ടി മുങ്ങിയത്. കേരളത്തിലെത്തി കൊച്ചിയിലും മംഗലാപുരത്തുമായി ഏതാനും ആഴ്ചകളായി ഒളിവില്‍ കഴിയുന്നതിനിടയില്‍ ഇയാളുടെ കുട്ടിക്ക് അസുഖം പിടിപെട്ടു. 

കുട്ടിയെ ഭാര്യ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയി ല്‍ ചികിത്സക്ക് എത്തിച്ചപ്പോഴാണ്  വെള്ളിക്കോത്തുകാരന്‍ കടപ്പുറം സ്വദേശികളുടെ പിടിയിലായത്. തുടര്‍ന്ന് കടപ്പുറത്തെ സംഘം പണം തട്ടിയ വിരുതനെ കാഞ്ഞങ്ങാട്ടെ രഹസ്യ സങ്കേതത്തില്‍ എത്തിച്ച് രേഖാമൂലം കരാറുണ്ടാക്കുകയായിരുന്നു. 
ഗള്‍ഫിലെ കടകളിലേക്ക് സാധനങ്ങള്‍ നല്‍കിയ ഇന്ത്യക്കാരായ മറ്റ് കച്ചവടക്കാരും വെള്ളിക്കോത്തുകാരനെ അന്വേഷിച്ചുവരികയാണ്. 15 കൊല്ലം മുമ്പ് ഹൊസ്ദുര്‍ഗിലെ ബേങ്ങച്ചേരി കോംപ്ലക്‌സില്‍ തുടങ്ങിയ സ്ഥാപനത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയ ശേഷമാണ് ഇയാള്‍ ഗള്‍ഫിലേക്ക് കടന്നത്.

Keywords: kanhangad-40-crore-cheating-caughted-in-mangalore

Post a Comment

0 Comments

Top Post Ad

Below Post Ad