Type Here to Get Search Results !

Bottom Ad

തദ്ദേശ ഭരണ തോല്‍വി: ഡിസിസി പ്രസിഡണ്ടിനെ മാറ്റണമെന്ന ആവശ്യം ശക്തം


കാസര്‍കോട് (www.evisionnews.in): ജില്ലയിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ഗ്രൂപ്പുകള്‍ മറന്ന് ഡി.സി.സി പ്രസിഡണ്ട് സികെ ശ്രീധരനെ നീക്കണമെന്ന ആവശ്യം ശക്തമാവുന്നു. ജില്ലയിലെ കോണ്‍ഗ്രസിന്റെ ഭൂരിഭാഗം അണികളുടെയും വികാരം മാനിക്കാന്‍ കെപിസിസി നിര്‍ബന്ധിതതമാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കാസര്‍കോടിനൊപ്പം ഡിസിസി സെക്രട്ടറി ആത്മഹത്യ ചെയ്ത വയനാട്ടിലും കെ സുധാകരനെതിരെ പടതുടരുന്ന കണ്ണൂരിലും കോഴിക്കോട്ടും മുസ്ലിംലീഗുമായി ഏറ്റുമുട്ടിയ മലപ്പുറത്തും തൃശൂരും ഡിസിസി പ്രസിഡണ്ടുമാര്‍ക്ക് സ്ഥാന ചലനമുണ്ടാകും.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 12 പഞ്ചായത്തുകളില്‍ കോണ്‍ഗ്രസ് പ്രസിഡണ്ടുമാരായിരുന്നു. ഇക്കുറി അത് മൂന്നിലൊന്നായി ചുരുങ്ങി നാലിലെത്തി. കഴിഞ്ഞ തവണ ബിജെപിക്ക് മൂന്നായിരുന്നുവെങ്കില്‍ ഇത് അഞ്ചായി വര്‍ധിച്ചു. കോണ്‍ഗ്രസിന്റെ പഞ്ചായത്തുകളെയാകെ സിപിഎം വിഴുങ്ങുകയായിരുന്നു. മീഞ്ച, ബദിയടുക്ക, കള്ളാര്‍, ബളാല്‍ പഞ്ചായത്തുകളിലാണ് കോണ്‍ഗ്രസിന്റെ കൊടി പാറിയത്. കഴിഞ്ഞ ഒറ്റക്ക് ഭരിച്ച പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ഇക്കുറി സിപിഎം ഒറ്റക്ക് ആധിപത്യമുറപ്പിച്ചതോടെ ബ്ലോക്ക് പഞ്ചായത്ത് ഭൂപടത്തില്‍ നിന്ന് കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടു. ഇത്തരമൊരു നാണക്കേട് ജില്ലാ പിറവിക്ക് ശേഷം കോണ്‍ഗ്രസിന് നേരിടേണ്ടി വന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി പറയുന്നു.




ഈ വൈകിയ വേളയിലെങ്കിലും ജില്ലാ കോണ്‍ഗ്രസില്‍ അടിമുടി ഉടച്ചുവാര്‍ക്കല്‍ നടത്തിയിട്ടില്ലെങ്കില്‍ അണികള്‍ ത്രിവര്‍ണപതാക കൈവിട്ട് കാവിക്കൊടിയേന്തുന്ന ദയനീയതക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും കോണ്‍ഗ്രസ് അണികള്‍ അഭിപ്രായപ്പെടുന്നു. കൂടാതെ വര്‍ഗ്ഗീയ ധ്രുവീകരണം അലതല്ലുന്ന കാസര്‍കോട് ജില്ലയില്‍ കോണ്‍ഗ്രസിന്റെ ബാക്കിയുള്ള മതേതരമുഖമെങ്കിലും ഉയര്‍ത്തിപ്പിടിക്കാന്‍ പുതിയ നേതൃത്വം വന്നേതീരൂമെന്ന അഭിപ്രായവും ശക്തമായിട്ടുണ്ട്. കെപിസിസി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന മേലത്തിന്റെ മുളിയാറിലും തൊട്ടടുത്ത കാറഡുക്കയിലും പരിസര പഞ്ചായത്തുകളിലും അണികള്‍ കോണ്‍ഗ്രസിനെ കൈവിട്ട് ഇതരപാര്‍ട്ടികളിലേക്ക് ഒഴുകുന്നത് നിലവിലുള്ള നേതൃത്വം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് പ്രവര്‍ത്തകര്‍ പരിഭവിക്കുന്നു. കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ കോണ്‍ഗ്രസ് നേതൃത്വം ബാര്‍കോഴക്കേസില്‍ തെന്നിവീണതും അണികള്‍ എടുത്തുകാട്ടുന്നു.


Post a Comment

0 Comments

Top Post Ad

Below Post Ad