ലുധിയാന: (www.evisionnews.in) അസഹിഷ്ണുതാ പരാമര്‍ശത്തിന്റെ പേരില്‍ ആമിര്‍ഖാനെ തല്ലുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ശിവസേനയുടെ വാഗ്ദാനം. ശിവസേനയുടെ പഞ്ചാബ് ഘടകമാണ് ഇത്തരമൊരു പ്രസ്താവനയുമായി രംഗത്ത് വന്നിരിക്കുന്നത്. ലുധിയാനയില്‍ ആമിര്‍ഖാന്‍ താമസിക്കുന്ന എംബിഡി റാഡിസണ്‍ ബ്ലൂ ഹോട്ടലിനു മുമ്പില്‍ ശിവസേനാപ്രവര്‍ത്തകരുടെ പ്രതിഷേധത്തിനിടയിലാണ് ശിവസേനയുടെ പഞ്ചാബ് ചെയര്‍മാനായ രാജീവ് ടാണ്ടന്റെ പരാമര്‍ശം.
ഡാങ്കള്‍ എന്ന പുതിയ ചിത്രത്തിന്റെ പ്രചരണവുമായി ബന്ധപ്പെട്ടാണ് ആമിര്‍ ലുധിയാനയിലെ ഹോട്ടലിലെത്തിയത്. ആമിര്‍ഖാനെ തല്ലുന്ന രാജ്യസ്‌നേഹിയായ ആള്‍ക്ക് ഓരോ തല്ലിനും ഒരു ലക്ഷം രൂപ വീതം നല്‍കും. ഹോട്ടലിലെ ജോലിക്കാരോ മാനേജരോ സിനിമാപ്രവര്‍ത്തകരോ ആരായാലും ഒരു ലക്ഷം രൂപ നല്‍കുമെന്നും രാജീവ് പറഞ്ഞു.
ചില സംഭവങ്ങള്‍ നടന്നപ്പോള്‍ ഇന്ത്യ വിടുന്നതാണ് നല്ലതെന്ന് ഭാര്യ കിരണ്‍ റാവു അഭിപ്രായപ്പെട്ടതാണ് ആമിര്‍ഖാനെതിരെ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. മക്കളേയും കുടുംബത്തേയും ഓര്‍ത്തുള്ള ആശങ്ക മൂലമാണ് ഭാര്യ രാജ്യം വിടാമെന്ന് അഭിപ്രായപ്പെട്ടതെന്ന് ആമിര്‍ വ്യക്തമാക്കി. അസഹിഷ്ണുതയ്ക്കെതിരെ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയുള്ള പ്രതിഷേധത്തെ താനും പിന്തുണയ്ക്കുകയാണ്. അസഹിഷ്ണുതയ്ക്ക് എതിരെ പ്രതിഷേധിക്കാനുള്ള മാര്‍ഗമാണിതെന്നും ആമിര്‍ ഖാന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ആമിറിനെ എതിര്‍ത്ത് ബിജെപി സഹയാത്രികരായ അനുപം ഖേര്‍ ഉള്‍പ്പടെയുള്ള നടന്മാരും ബിജെപിയും കേന്ദ്രസര്‍ക്കാരും രംഗത്തെത്തി.
അതേ സമയം, ആമിര്‍ ഖാന് പിന്തുണയുമായി കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള കക്ഷികളും രംഗത്ത് വന്നു. ഇതിനിടെ താന്‍ രാജ്യം വിടില്ലെന്നും ഇന്ത്യക്കാരനായി ഇരിക്കുന്നതില്‍ അഭിമാനിക്കുന്നതായും ആമിര്‍ പറഞ്ഞു.
Keywords: aamir-khan-shivsena

Post a Comment
0 Comments