Type Here to Get Search Results !

Bottom Ad

കര്‍ണാടകയിലും ദാദ്രി: പശുവിനെ വാങ്ങിയ കര്‍ഷകനെ മൃഗീയമായി തല്ലിച്ചതച്ചു


ഉഡുപ്പി (www.evisionnews.in): ദാദ്രി സംഭവത്തിനെതിരെ രാജ്യമൊട്ടുക്കും പ്രതിഷേധം ഉയരുന്നതിനിടയിലും പശുവിനെ ചൊല്ലി സംഘ്പരിവാര്‍ ശക്തികള്‍ അക്രമം അഴിച്ചുവിട്ട് ജനങ്ങളെ ഭയത്തിന്റ മുള്‍മുനയില്‍ നിര്‍ത്തുന്നു. ഏറ്റവുമൊടുവില്‍ ഉഡുപ്പി ജില്ലയിലെ തീരദേശ ജില്ലയില്‍ കാര്‍ക്കളയിലാണ് പശുക്കളെ വാങ്ങി സ്വന്തം പുരയിടത്തിലേക്ക് കൊണ്ടു പോകുകയായിരുന്ന ഇബ്രാഹിം കര്‍ഷകനെ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ഇരുമ്പ് ദണ്ഡും സൈക്കിള്‍ ചെയ്‌നും കൊണ്ട് തല്ലി വീഴ്ത്തിയത്. ഗുരുതരമായ പരിക്കുകളോടെ ഇബ്രാഹിം ആശുപത്രിയിലാണ്. ചൊവ്വാഴ്ച നടന്ന സംഭവം വെള്ളിയാഴ്ചയാണ് പുറത്തു വന്നത്. 

കാലിവളര്‍ത്തല്‍ തൊഴിലായ ഇബ്രാഹിമിനെ 30ഓളം വരുന്ന ബജ്രംഗദളുകാരാണ് മര്‍ദിച്ചത്. ഹിന്ദു കര്‍ഷകനില്‍ നിന്നും മൂന്നു പശുക്കളെയും രണ്ടു കിടാവുകളെയും വാങ്ങി മടങ്ങവെയാണ് ആക്രമണമുണ്ടായത്. 'ബജ്രംഗദള്‍ പ്രവര്‍ത്തര്‍ ചീത്തവിളിക്കുകയും ശകാരിക്കുകയും ചെയ്തു. ഹിന്ദുവായിട്ടും പശുവിനെ വില്‍ക്കുന്നതില്‍ തങ്ങള്‍ക്ക് ലജ്ജതോന്നുന്നെന്നു പറഞ്ഞായിരുന്നു ആക്രമണം. പോലീസ് വന്നപ്പോള്‍ എനിക്കെതിരെ മോഷണക്കേസ് കൊടുക്കാന്‍ ബജ്രംഗദള്‍ പ്രവര്‍ത്തകര്‍ കര്‍ഷകനുമേല്‍ സമ്മര്‍ദ്ദം ചെലുത്തി.' ഇബ്രാഹിം ആരോപിച്ചു.

പശുക്കളെ അറുക്കാന്‍ വേണ്ടിയാണ് കൊണ്ടുപോയതെന്ന ബജ്രംഗദളിന്റെ ആരോപണം ഇബ്രാഹിം നിഷേധിച്ചു. 'അഞ്ചു പശുക്കളില്‍ ഒന്ന് ഗര്‍ഭിണിയായിരുന്നു. ഇസ്‌ലാമില്‍ ഗര്‍ഭിണിയായ മൃഗത്തെ കൊല്ലുന്നത് പാപമാണ്.' അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി കന്നുകാലി വളര്‍ത്തലിലൂടെ ഉപജീവനം നയിക്കുന്നവരാണ് ഇബ്രാഹിമും കുടുംബവും. ബജ്രംഗദള്‍ ഉഡുപ്പി ജില്ലാ കണ്‍വീനര്‍ കെ.ആര്‍ സുനില്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഇത് 16ാമത്തെ 'ഗോ സംരക്ഷണ ഉദ്യമം' ആയിരുന്നെന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം രംഗത്തുവന്നത്. 'അവന്‍ ഒരിക്കലും മറക്കാത്ത വിധത്തിലുള്ള ഒരു ശിക്ഷ ഞങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇത് മറ്റുള്ളവര്‍ക്കും പാഠമായിരിക്കും.' സുനില്‍ മുന്നറിയിപ്പ് നല്‍കി.

സംഭവവുമായി ബന്ധപ്പെട്ട് 10 ബജ്രംഗദള്‍ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തിട്ടുണ്ട്. പെര്‍മിറ്റില്ലാതെ ജീപ്പില്‍ കന്നുകാലികളെ കടത്തിയെന്നതിന്റെ പേരില്‍ ഇബ്രാഹിമിനെതിരെയും കേസെടുത്തിട്ടുണ്ട്.


Keywords: Karnataka-uduppi-man-was-attacked-by-groups-police-case

Post a Comment

0 Comments

Top Post Ad

Below Post Ad