കാസർകോട്: (www.evisionnews.in) മൊഗ്രാൽ പുത്തൂർ പഞ്ചായത്തിൽ മുസ്ലിം ലീഗ് - കോണ്‍ഗ്രസ് ബന്ധം പുന:സ്ഥാപിച്ചപ്പോൾ പുല്ലൂർ-പെരിയയിൽ ബന്ധം തകർന്നു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലാണ് സീറ്റു തർക്കത്തെ തുടർന്ന് മൊഗ്രാൽ പുത്തൂരിൽ ബന്ധം തകർന്നത്. ഇതിനെ തുടർന്ന് ഇവിടെ ലീഗും കോണ്‍ഗ്രസ്സും വെവ്വേറെ മത്സരിക്കുകയും കോണ്‍ഗ്രസ് സ്ഥാനാർഥികൾ മൊത്തം തോറ്റുപോകുകയും ലീഗ് സ്ഥാനാർഥികൾ എല്ലാവരും വിജയിക്കുകയും ചെയ്തു. തുടർന്ന് 11 സീറ്റുകളോടെ ലീഗ് ഒറ്റയ്ക്ക് ഭരിച്ചു. ലീഗിന് സ്വാധീനമുള്ള സീറ്റുകൾ, കോണ്‍ഗ്രസ് ആവശ്യപ്പെട്ടതാണ് അന്ന് പ്രശ്നമായത്. ഇത്തവണ ലീഗ് ജില്ലാ നേതൃത്വം നേരിട്ട് ഇടപെട്ടു പ്രശ്നം പരിഹരിക്കുകയായിരുന്നു. ധാരണ പ്രകാരം 5,8,9,13 വാർഡുകൾ കോണ്‍ഗ്രസ്സിന് നല്കും. എരിയാൽ ബ്ലോക്ക് ഡിവിഷനും കോണ്‍ഗ്രസ്സിന് നല്കി. ലീഗിന്റെ ഉറച്ച സീറ്റുകളാണ് ഇവ. ഇത് പ്രവർത്തകർക്കിടയിൽ അതൃപ്തി ഉണ്ടാക്കിയതായി റിപ്പോർട്ടുണ്ട്.
അതേസമയം കുണിയ വാർഡിനു പുറമേ അമ്പലത്തറ, പെരിയ ബസാർ വാർഡുകൾ ലീഗ് ആവശ്യപ്പെട്ടതാണ് പുല്ലൂർ പെരിയയിൽ ബന്ധം തകർത്തത്. ഇതോടെ തങ്ങൾക്കു സ്വാധീനമുള്ള എട്ടു സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ലീഗ് തീരുമാനിക്കുകയായിരുന്നു.

Post a Comment
0 Comments