Type Here to Get Search Results !

Bottom Ad

ചെറുവത്തൂര്‍ ബാങ്ക് കൊള്ളയടിച്ചത് രാജധാനി ജ്വല്ലറി കവര്‍ച്ചയിലുണ്ടായ നഷ്ടം നികത്താന്‍


കാസര്‍കോട് (www.evisionnews.in): ചെറുവത്തൂര്‍ വിജയ ബാങ്ക് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതിയും കാഞ്ഞങ്ങാട് കല്ലഞ്ചിറ സ്വദേശിയുമായ അബ്ദുല്‍ ലത്തീഫിന്റെ ജീവിതം സിനിമാ കഥകളെ പോലും വെല്ലുന്നത്. കാഞ്ഞങ്ങാട് നഗരത്തിലെ രാജധാനി ജ്വല്ലറി കൊള്ളയടിച്ചതോടെയാണ് ലത്തീഫ് കൊള്ളസംഘത്തിന്റെ മുന്‍ നിരയിലേക്കെത്തുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചെറുതും വലുതുമായ തസ്‌കര സംഘങ്ങളുമായി അബ്ദുല്‍ ലത്തീഫ് നിരന്തരം ബന്ധപ്പെട്ടിരുന്നു. രാജധാനി കവര്‍ച്ചയ്ക്ക് ശേഷം ജയിലിലായതോടെ കൂടതല്‍ കള്ളന്മാരുമായി ബന്ധമുണ്ടാക്കാനും സൗഹൃദം വിപുലപ്പെടുത്താനും കഴിഞ്ഞു. 

കുടക് ജില്ലയിലും ലത്തീഫിന് വേരുകളുണ്ട്. കവര്‍ച്ചയ്ക്ക് ശേഷം കേരളം വിടുന്ന മിക്ക മോഷ്ടാക്കളും കുടകിലെ തോട്ടം മേഖലയില്‍ തൊഴിലാളികളായി പണിയെടുക്കാറുണ്ടെന്ന് പോലീസ് പറയുന്നു. ചില മോഷ്ടാക്കള്‍ കുടുംബ സമേതം കുടകില്‍ താമസമുറപ്പിച്ചിട്ടുണ്ട്. 

രാജധാനി കവര്‍ച്ചയ്ക്ക് ശേഷം കൊള്ളമുതല്‍ ഉപയോഗിച്ച് അബ്ദുല്‍ ലത്തീഫ് പലരുടെ പേരുകളിലായി നിരവധി ഭൂസ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയിരുന്നു. ചിലര്‍ക്ക് അഡ്വാന്‍സ് നല്‍കി കച്ചവടം ഉറപ്പിച്ചിട്ടുമുണ്ടായിരുന്നു. ഈ സ്വത്തുക്കളില്‍ ഭൂരിഭാഗവും വീണ്ടെടുത്ത് സര്‍ക്കാര്‍ അധീനതയിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിലുണ്ടായ നഷ്ടം നികത്താനാണ് ചെറുവത്തൂര്‍ ബാങ്ക് അബ്ദുല്‍ ലത്തീഫ് നേരിട്ട് ആസൂത്രണം ചെയ്ത് കൊള്ളയടിച്ചതെന്ന് പോലീസ് ഉറപ്പിച്ചിട്ടുണ്ട്. 

രാജധാനി കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം അബ്ദുല്‍ ലത്തീഫ് തന്റെ കാമുകിയെതന്നെ വിവാഹം കഴിച്ചു. കാഞ്ഞങ്ങാട്ടെ ഒരു പ്രമാണിയുടെ മകളാണ് യുവതിയെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊള്ള ആസൂത്രണം ചെയ്തതും പണം മുടക്കിയതും ലത്തീഫായിരുന്നു. മോഷ്ടിച്ച സ്വര്‍ണം ഇയാളുടെ കസ്റ്റഡിയിലാണ് വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചത്. എല്ലാ പ്രതികളും ഇപ്പോള്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. കൊള്ളമുതല്‍ സൂക്ഷിച്ചയാളുള്‍പ്പെടെ മൂന്നുപേരെകൂടി പിടികിട്ടാനുണ്ടെന്നായിരുന്നു പോലീസ് ഇതുവരെ പ്രചരിപ്പിച്ചത്. 

ബാങ്ക് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നില വാടകയ്‌ക്കെടുക്കാനും മൂന്നുമാസം പരിപാലിക്കാനുമായി ലക്ഷക്കണക്കിന് രൂപ കൊള്ളസംഘം ചെലവഴിച്ചിട്ടുണ്ട്. അബ്ദുള്‍ ലത്തീഫാണ് ഈ പണം ചെലവഴിച്ചത്. ഇയാളാണ് പ്രധാന ആസൂത്രകന്‍. ഇയാള്‍ ചെറുവത്തൂരില്‍ നാട്ടുകാരുടെ മുന്നില്‍ പ്രത്യക്ഷപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കവര്‍ച്ച നടന്ന ദിവസം ഇയാള്‍ ചെറുവത്തൂരില്‍ എത്തിയതായി കസ്റ്റഡിയിലുള്ളവര്‍ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കവര്‍ന്ന സ്വര്‍ണം പൂര്‍ണമായും ഇയാളെടുത്തെന്നും തങ്ങള്‍ക്ക് മുന്‍ നിശ്ചയിച്ച പ്രകാരമുള്ള പണം തന്നെന്നുമാണ് പിടിയിലായവര്‍ പറയുന്നതെന്നാണ് വിവരം. 

കടയുടെ ഫര്‍ണിഷിങ്ങിനെന്ന പേരില്‍ പണിക്കാരെ കണ്ടെത്തിയതും ലത്തീഫാണ്. വളരെ സമര്‍ഥമായാണ് കൊള്ള ആസൂത്രണം ചെയ്തതെന്നാണ് പോലീസ് പറയുന്നത്. കട വാടകയ്‌ക്കെടുക്കാന്‍ പരസ്യമായി ഒരാളെ ചുമതലപ്പെടുത്തുക, അയാള്‍ മൂന്ന് മാസത്തോളം നാട്ടുകാരുമായി ഇടപഴകുക. കൊള്ള നടന്നുകഴിഞ്ഞാല്‍ സ്വാഭാവികമായും അന്വേഷണം ഇയാളില്‍ കേന്ദ്രീകരിക്കുമെന്നും തനിക്ക് രക്ഷപെടാമെന്നുമാണ് പ്രധാന പ്രതി കരുതിയിട്ടുണ്ടാവുകയെന്ന് പോലീസ് പറഞ്ഞു. അതേസമയം സ്വര്‍ണം കിട്ടിയത് കുടകില്‍നിന്നാണെന്നും പോലീസ് വിശദീകരിക്കുന്നുണ്ട്. സ്വര്‍ണം എടുക്കുന്നത് നാട്ടുകാര്‍ കണ്ടതോടെ സംഭവം വഴിമാറ്റാനാണ് കുടക് കഥ പ്രചരിപ്പിക്കുന്നതെന്നും വാര്‍ത്തയുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ലത്തീഫുമായെത്തി ചെര്‍ക്കള ബേര്‍ക്കയിലെ പൊട്ടക്കിണറ്റില്‍നിന്ന് ചാക്കില്‍ പൊതിഞ്ഞ നിലയിലുള്ള സ്വര്‍ണം കണ്ടെത്തി.

Keywords: Kasaragod-news-cheruvathur-bank-robbery-police-case-



Post a Comment

0 Comments

Top Post Ad

Below Post Ad