Type Here to Get Search Results !

Bottom Ad

നീലേശ്വരത്തെ ചുവപ്പു നിലനിർത്താൻ ഇടത്, വലത്തോട്ട് തിരിക്കാൻ യു. ഡി.എഫ്.


നീലേശ്വരം: (www.evisionnews.in) കാസർകോട് ജില്ലയിൽ സി.പി.എം. ഭരിക്കുന്ന ഏക നഗരസഭയായ നീലേശ്വരത്ത് ഭരണത്തിനു തുടർ ച്ചയുണ്ടാക്കാൻ ഇടതു മുന്നണിയും ഏതു വിധേനയും ഭരണം പിടിച്ചെടുക്കാൻ വലതുപക്ഷവും ഗോദയിൽ ഇറങ്ങിയതോടെ ഇവിടെ പോരിനു മൂർച്ച ഏറുകയാണ്. എൽ.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർഥി കണ്ണൂർ യൂനിവേഴ്സിറ്റി മുൻ പരീക്ഷാ കണ്‍ട്രോളർ പ്രൊഫ. കെ.പി.ജയരാജൻ ആണെന്നതും ഈ നഗരസഭാ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നു. ഒട്ടേറെ സവിശേഷതകളാൽ ചരിത്രത്തിൽ ഇടം കൊണ്ട സ്ഥലമാണ് നീലേശ്വരം എന്നതും ഇവിടെ സ്മരണീയമാണ്.

1957ൽ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രി ഇ.എം.എസ്. നമ്പൂതിരിപ്പാട് മത്സരിച്ചു ജയിച്ച മണ്ഡലമാണ് നീലേശ്വരം. ദ്വയാംഗ മണ്ഡലമായ ഇവിടെ നിന്ന് കല്ലളൻ വൈദ്യരും ഇ.എം.എസിനൊപ്പം മത്സരിച്ചു നിയമസഭയിൽ എത്തിയിരുന്നു. കയ്യൂർ സമരത്തിന്റെ വിളഭൂമിയാണ് ഈ ചുവന്ന മണ്ണ്. ചിരസ്മരണ എഴുതിയ നിരഞ്ജന പഠിച്ചത് നീലേശ്വരം രാജാസ് സ്കൂളിലാണ്. പാടുന്ന പടവാൾ ടി.എസ്.തിരുമുമ്പിന്റെ കർമഭൂമിയും ഈ മണ്ണാണ്. വി.എസ്.ഓട്ടോ സ്റ്റാൻഡിലൂടെയും നീലേശ്വരം ഏറെ ശ്രദ്ധേയമാണ്.

32 വാർഡുകളാണ് ഇവിടെയുള്ളത്. എൽ.ഡി.എഫിന് 21 സീറ്റുണ്ട്. സി.പി.എമ്മിന് 20ഉം സി.പി.ഐ.യ്ക്ക് ഒന്നും. യു.ഡി.എഫിൽ കോണ്‍ഗ്രസ്സിനു എട്ടും, മുസ്ലിം ലീഗിന് മൂന്നും.

സി.പി.എമ്മിലെ വി.ഗൗരിയാണ് നിലവിലെ ചെയർപേഴ്സണ്‍. കോണ്‍ഗ്രസ്സിലെ ഇ.സജീറാണ്‌ പ്രതിപക്ഷ നേതാവിന്റെ ചുമതലകൾ നിർവ്വഹിച്ചിരുന്നത്. വാർഡുകളുടെ എണ്ണം നേരത്തേതു തന്നെയാണ്. ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു എൽ.ഡി.എഫ്.വോട്ടു തേടുമ്പോൾ ഭരണ പരാജയം ചൂണ്ടിക്കാട്ടിയാണ് വലതു മുന്നണി ജനങ്ങളെ സമീപിക്കുന്നത്. യു.ഡി.എഫിന്റെ ചെയർമാൻ സ്ഥാനാർഥി ആരെന്നത് ആയി വരുന്നതേയുള്ളൂ. വരും ദിവസങ്ങളിൽ സ്ഥാനാർഥികൾ ആരെന്നു അറിയുന്നതോടെ ഇവിടെ പോർക്കളം അടവുകളും ചുവടുകളും കൊണ്ട് മുഖരിതമാകും.

Keywords: neeleshwaram-ldf-udf

Post a Comment

0 Comments

Top Post Ad

Below Post Ad