Type Here to Get Search Results !

Bottom Ad

മുംബൈ ബലാത്സംഗക്കേസ്: പ്രതിക്കു വധശിക്ഷ


മുംബൈ: (www.evisionnews.in) ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിയറായിരുന്ന എസ്‌തേര്‍ അനൂഹ്യയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കു വധശിക്ഷ. 2014ല്‍ നടന്ന കൊലപാതകം അപൂര്‍വങ്ങളില്‍ അപൂര്‍വമെന്നു നിരീക്ഷിച്ചാണ് മുംബൈ പ്രത്യേക വനിതാ കോടതി ജഡ്ജി വൃഷാലി ജോഷി വിധി പ്രസ്താവിച്ചത്. ഗുണ്ടയായ ചന്ദ്രാഭന്‍ സനാപാണ് കേസിലെ പ്രതി.

2014 ജനുവരി അഞ്ചിനാണ് 23കാരിയായ എസ്‌തേറിനെ കുര്‍ള റെയില്‍വേ സ്റ്റേഷനില്‍നിന്നു കാണാതായത്. പതിനൊന്നു ദിവസത്തിനു ശേഷം മുംബൈയിലെ ദേശീയപാതയോരത്തുള്ള ചതുപ്പില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ചന്ദ്രാഭന്‍ മുംബൈയിലെ കവര്‍ച്ചക്കാരനാണ്. 

സംഭവദിവസം കുര്‍ള സ്റ്റേഷനിലെത്തിയ ചന്ദ്രാഭന്‍ കൊള്ളയടിക്കാനായി എസ്‌തേറിനെ തെരഞ്ഞെടുക്കുകയായിരുന്നു. സ്വദേശമായ ആന്ധ്രപ്രദേശിലെ മച്ചിലിപ്പട്ടണത്തുനിന്ന് അവധിക്കാലം കഴിഞ്ഞു മുംബൈയില്‍ മടങ്ങിയെത്തിയതായിരുന്നു എസ്‌തേര്‍. സ്റ്റേഷനില്‍ ട്രെയിനിറങ്ങിയ എസ്‌തേറിനെ മുന്നൂറു രൂപയ്ക്കു താമസസ്ഥലമായ അന്ധേരിയില്‍ എത്തിക്കാമെന്നു ചന്ദ്രാഭന്‍ വാഗ്ദാനം ചെയ്തു. ടാക്‌സി ഡ്രൈവറായിരിക്കുമെന്നു കരുതിയാണ് എസ്‌തേര്‍ ഒപ്പം പോയത്. പുറത്തെത്തിക്കഴിഞ്ഞപ്പോഴാണ് ചന്ദ്രാഭന് കാറോ ഓട്ടോറിക്ഷയോ ഇല്ലെന്നും ബൈക്കിലാണ് തനിക്കു ലിഫ്റ്റ് വാഗ്ദാനം ചെയ്തതെന്നും എസ്‌തേറിനു മനസിലായത്.

വിസമ്മതിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുകയും ബൈക്കില്‍ കയറാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. ഫോണില്‍ ബാലന്‍സ് ഇല്ലാതിരുന്നതിനാല്‍ ആരെയും വിളിച്ച് സഹായം അഭ്യര്‍ഥിക്കാനും കഴിഞ്ഞില്ല. ചെറുത്തുനിന്നപ്പോള്‍ തൊട്ടടുത്ത വിജനമായ സ്ഥലത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കല്ലുകൊണ്ട് തലയ്ക്കടിച്ചുകൊന്നു. എസ്‌തേറിന്റെ കൈവശമുണ്ടായിരുന്ന ബാഗുമായി ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു. 

എസ്‌തേറിനെ കാണാതായതിനെത്തുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കുര്‍ള സ്റ്റേഷനിലെ സിസിടിവിയില്‍ എസ്‌തേറും ചന്ദ്രാഭനും ഒന്നിച്ചു പുറത്തേക്കു പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. പൊലിസിന്റെ ക്രിമിനല്‍ രേഖകളിലുണ്ടായിരുന്നയാളായതിനാല്‍ പെട്ടെന്നു തിരിച്ചറിയാനും പിടികൂടാനും കഴിഞ്ഞു.

keywords: mumbai-rape-case-culprit-death-penalty

Tags

Post a Comment

0 Comments

Top Post Ad

Below Post Ad