തിരുവനന്തപുരം: (www.evisionnews.in) സംഘപരിവാറുകാര്‍ കേരളത്തിന്റെ അടുക്കളയിലും കയറി പരിശോധനയും തുടങ്ങിയെന്ന് സിപിഐഎം പിബി അംഗം പിണറായി വിജയന്‍. ഗോമാംസം വിളമ്പിയെന്ന് ആരോപിച്ച് ദില്ലി കേരളാ ഹൗസില്‍ സംഘപരിവാര്‍ ഒത്താശയോടെ ദില്ലി പൊലീസ് നടത്തിയ നടപടിക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്കില്‍ കുറിച്ചിട്ട പോസ്റ്റില്‍ പിണറായി ഇങ്ങനെ പറയുന്നു.
'നാളെ നാട്ടിലെ എല്ലാ അടുക്കളയിലും ഇവര്‍ അതിക്രമിച്ചു കയറും എന്ന മുന്നറിയിപ്പാണ് ദല്‍ഹിയിലെ കേരള ഹൗസില്‍ പശുവിറച്ചി വിളമ്പി എന്നാരോപിച്ച് നടത്തിയ മിന്നല്‍ പരിശേധന.
ഡല്‍ഹിയില്‍ പോത്തിറച്ചിക്ക് നിരോധനം ഇല്ല. കേരള ഹൗസില്‍ അത് പാകം ചെയ്ത് വില്‍ക്കുന്നതിന് തടസ്സവുമില്ല. വര്‍ഗീയ ഭ്രാന്തു മൂത്തവരുടെ വാക്ക് കേട്ട് ദല്‍ഹി പോലീസ് കേരള ഹൗസില്‍ നിയമവിരുദ്ധമായി കടന്നു കയറിയത്. സംഘപരിവാര്‍ അജണ്ടയുടെ ഭാഗമാണ്. കേരള ഗവര്‍മെന്റിന്റെ അധീനതയിലുള്ള സ്ഥലത്തുപോലും തങ്ങള്‍ എന്തും ചെയ്യും എന്നാണ് കേരളഹൗസിന്റെ ചുമതലയുള്ള റസിഡന്റ് കമീഷണറുടെ അനുമതിയില്ലാതെ ക്യാന്റീന്‍ റെയ്ഡ് ചെയ്ത ദല്‍ഹി പോലീസ് നല്‍കുന്ന മുന്നറിയിപ്പ്. ' പിണറായി വിജയന്‍ പറയുന്നു.
'മലയാളികളുടെ ഭക്ഷണം തങ്ങള്‍ നിശ്ചയിക്കും എന്നാണു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് ഈ നടപടിയിലൂടെ ഭീഷണിപ്പെടുത്തുന്നത്. മുഹമ്മദ് ആഖ്‌ലാക്കിനെ ഇടിച്ചു കൊന്നത് പോലെ, നാളെ ഏതു അടുക്കളയിലും കടന്നു ചെന്ന് അതിക്രമം കാട്ടാന്‍ തങ്ങള്‍ മടിക്കില്ല എന്നാണു സംഘപരിവാര്‍ ഇതിലൂടെ നല്‍കുന്ന സന്ദേശം. നമ്മുടെ അടുക്കളയും സ്വകാര്യതയും സ്വതന്ത്രമായ ജീവിതവും ഭീഷണിയുടെ നിഴലില്‍ ആക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ അതിശക്തമായി ചെറുക്കപ്പെടണം. ' ഫേസ്ബുക്കിലൂടെ പിണറായി ആവശ്യപ്പെട്ടു.
keywords: pinarayi-ride-kerala-house-delhi-police

Post a Comment
0 Comments