Type Here to Get Search Results !

Bottom Ad

ഫാസിസ്റ്റുകളെ ഭയന്ന് കേരള ഹൗസില്‍ ഇനി ബീഫ് കറിയില്ല


ന്യൂഡല്‍ഹി: (www.evisionnews.in) ദില്ലി കേരളാ ഹൗസ് കാന്റീനിലെ ബീഫ് കറിയുടെ വിതരണം നിര്‍ത്തി. ബീഫിന് പകരം പശുവിറച്ചി വിളമ്പിയെന്നാരോപിച്ച് ഇന്നലെ ദില്ലി പൊലീസ് കേരളാ ഹൗസില്‍ റെയ്ഡ് നടത്തിയിരുന്നു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നതെന്നും കേരള ഹൗസിന് പൊലീസ് സംരക്ഷണം തേടിയിട്ടുണ്ടെന്നും ക്യാന്റീന്‍ കമ്മിറ്റി അറിയിച്ചു. ദില്ലി പൊലീസിന്റെ നടപടി തെറ്റാണെന്നും പൊലീസ് അല്‍പ്പം മിതത്വം പാലിക്കാമായിരുന്നെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കേരള ഹൗസ് കാന്റീനായ 'സമൃദ്ധിയില്‍' മലയാളി ഉള്‍പ്പടെയുള്ള സംഘം പൊലീസിനെ തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടന്നത്. വിളമ്പുന്നത് പശുവിറച്ചിയാണെന്ന് ആരോപിച്ച് മൂന്ന് യുവാക്കള്‍ എത്തിയതോടെയാണ് സംഭവത്തിന് തുടക്കമായത്. വില വിവര പട്ടികയില്‍ ബീഫ് എന്നത് മലയാളത്തിലും മറ്റുള്ള ഭക്ഷണ സാധനങ്ങള്‍ ഇംഗ്ലീഷിലുമാണ് എഴുതി വച്ചിരിക്കുന്നത്. പട്ടിക യുവാക്കള്‍ മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയതും സംഘര്‍ഷത്തിന് കാരണമായി. സംഘത്തില്‍ ഒരു മലയാളിയും രണ്ടു കര്‍ണാടക സ്വദേശികളുമാണ് ഉണ്ടായിരുന്നത്.

കര്‍ണാടക സ്വദേശിയായ യുവാവ് വൈകിട്ട് നാലരയോടെ വീണ്ടും കാന്റീനിലെത്തി ഫോട്ടോ എടുക്കാന്‍ ശ്രമിച്ചതോടെ ജീവനക്കാരുമായി വാക്കേറ്റമുണ്ടായി. ഇയാളെ കേരളാ ഹൗസ് വളപ്പിന് പുറത്തെത്തിച്ച ശേഷം പൊലീസ് കാന്റീനിലെത്തി പരിശോധന നടത്തുകയായിരുന്നു. അടുക്കളയില്‍ കയറി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ക്യാന്റീനില്‍ പോത്തിറച്ചി മാത്രമാണ് വിളമ്പുന്നതെന്നും പശു ഇറച്ചി ഉപയോഗിക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

keywords: fascist-kerala-house-police-beef-out-of-menu

Tags

Post a Comment

0 Comments

Top Post Ad

Below Post Ad