Type Here to Get Search Results !

Bottom Ad

കലാശക്കൊട്ടിന് മണിക്കൂറുകള്‍ ബാക്കി


കാസര്‍കോട്: (www.evisionnews.in) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നവംബര്‍ രണ്ടിന് നടക്കുന്ന ഒന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും നടത്തിവരുന്ന പരസ്യപ്രചാരണത്തിന് മണിക്കൂറുകള്‍ക്കകം തിരശ്ശീല വീഴും. 

എല്‍ ഡി എഫും യു ഡി എഫും ബി ജെ പിയും സ്വതന്ത്രരുമെല്ലാം കൊട്ടിക്കലാശം ആവേശത്തിമര്‍പ്പില്‍ അമര്‍ത്താനുള്ള ബഹുമുഖമായ പരിപാടികളാണ് ശനിയാഴ്ച വൈകിട്ട് അഞ്ചുമണിവരെ നടത്താനിരിക്കുന്നത്. തൃക്കരിപൂര്‍ മുതല്‍ മഞ്ചേശ്വരം വരെയുള്ള വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ത്ഥികളെയും ചിഹ്നങ്ങളും അണിനിരത്തി ശക്തിപ്രഘടനങ്ങള്‍ കാഴ്ചവെക്കാനാണ് തയ്യാറെടുക്കുന്നത്.

എളേരി, പാണത്തൂര്‍, രാജപുരം, വെള്ളരിക്കുണ്ട്, ബളാല്‍, ചെറുവത്തൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട്, ബേക്കല്‍, ഉദുമ, പൊയിനാച്ചി, ചട്ടഞ്ചാല്‍, കാസര്‍കോട്, കുമ്പള, ഉപ്പള എന്നിവിടങ്ങളിലാണ് വിവിധ പാര്‍ട്ടികളുടെ പ്രചാരണപ്രവര്‍ത്തനങ്ങളുടെ കൊട്ടിക്കലാശത്തിന് വേദിയാകുന്നത്. 

ത്രിതല, നഗരസഭാ തിരഞ്ഞെടുപ്പിന് എങ്ങും പ്രചാരണം കൂടുതല്‍ കൊഴുപ്പേകുന്നു. ശനിയാഴ്ച വൈകിട്ട് നടക്കുന്ന കലാശക്കൊട്ടിന്റെ മുന്നോടിയായി സംഗീത സാന്ദ്രമാക്കിയ പ്രചാരണ വാഹനങ്ങള്‍ തലങ്ങും വിലങ്ങുമായി നഗരത്തിലും തീരപ്രദേശങ്ങളിലും അരങ്ങുതകര്‍ക്കുകയാണ്. 

കവലകളിലും തെരുവോരങ്ങളിലും ഇടതു-വലതു മുന്നണികളും സ്വതന്ത്രരുമൊക്കെ മത്സരത്തിന്റെ മാറ്റുരക്കുന്ന വശ്യമായ ബാനറുകളും പോസ്റ്ററുകളും ഒരിക്കല്‍കൂടി വര്‍ണ്ണാഭമാക്കിയിട്ടുണ്ട്. 

ഗ്രാമ ജില്ലാ പഞ്ചായത്തുകളിലെ സ്ഥാനാര്‍ത്ഥികള്‍ അവസാനത്തെ വോട്ടഭ്യത്ഥനയുമായി സംഘങ്ങളായി വീടുകള്‍ കയറിയിറങ്ങുന്നതും വെള്ളിയാഴ്ച വേറിട്ടൊരു കാഴ്ചയായി. 

വാഹനങ്ങളില്‍ ദഫ് മുട്ടിന്റെയും ഗായക സംഘത്തിന്റെയും അകമ്പടിയും വോട്ടഭ്യര്‍ത്ഥനയും മാറ്റുകൂട്ടുകയാണ്. നഗരസഭയിലെ വാര്‍ഡുകളിലെ ഓരോ വോട്ടര്‍മാരെയും നേരില്‍കണ്ട് തങ്ങളുടെ പോക്കറ്റിലെ വോട്ടുകള്‍ ഉറപ്പുവരുത്താന്‍ അവസാനത്തെ പ്രവര്‍ത്തനങ്ങളും വെള്ളിയാഴ്ച നടത്തിക്കഴിഞ്ഞു. മലയോരങ്ങളിലും തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിന് കൂടുതല്‍ ചൂടേറിയിരിക്കുകയാണ്.

കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി, കൊല്ലം, തിരുവനന്തപുരം എന്നീ ഏഴ് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഏഴ് ജില്ലകളിലെ 395 ഗ്രാമപഞ്ചായത്തുകളിലെ 6794 വാര്‍ഡുകള്‍, 69 ബ്ലോക്ക് പഞ്ചായത്തുകളിലെ 866 ഡിവിഷനുകള്‍, 152 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍, 31 മുനിസിപ്പാലിറ്റികളിലെ 1123 വാര്‍ഡുകള്‍, നാലു കോര്‍പറേഷനുകളിലെ 285 വാര്‍ഡുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ അഞ്ചിന് പത്തനം തിട്ട, കോട്ടയം, ആലപ്പുഴ, എറണാക്കുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്. ഈ ജില്ലകളില്‍ മൂന്നിന് പ്രചാരണം സമാപിക്കും.


keywords: local-body-election-kasaragod
Tags

Post a Comment

0 Comments

Top Post Ad

Below Post Ad