Type Here to Get Search Results !

Bottom Ad

ബെണ്ടിച്ചാല്‍ ഡിവിഷന് എന്നും ലീഗ് അനുകൂലമനസ്സ്


ചട്ടഞ്ചാല്‍: (www.evisionnews.in) അന്നും ഇന്നും എന്നും ഹരിതപതാകയെ മാത്രം നെഞ്ചേറ്റിയ പാരമ്പര്യമുള്ള കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിലെ ബെണ്ടിച്ചാല്‍ ഡിവിഷനില്‍ മത്സരം കനത്തതാണെങ്കിലും വിജയം ഇക്കുറിയും മുസ്ലിംലീഗിനൊപ്പം നില്‍ക്കുമെന്ന് അവസാനഘട്ട സൂചനകള്‍. 

സ്ഥാനാര്‍ത്ഥിത്വം കിട്ടാതായപ്പോള്‍ മുസ്ലിംലീഗ് വിട്ട മണ്ഡലം ജനറല്‍ സെക്രട്ടറി കട്ടക്കാല്‍ ഷാഫി ബെണ്ടിച്ചാല്‍ ഡിവിഷനിലെ മാതൃസംഘടനയെ വെല്ലുവിളിച്ചെത്തിയതോടെയാണ് ഡിവിഷനില്‍ മത്സരം മുറുകിയത്. പാര്‍ട്ടിയില്‍നിന്ന് പുറത്തുപോയ ഈ വിമത ശബ്ദത്തെ നേരിടുന്നത് മുസ്ലിം യൂത്ത് ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് ടി ഡി കബീര്‍ തെക്കിലാണ്. കബീറിനിത് കന്നിയങ്കമാണെങ്കിലും അളവറ്റ വിജയപ്രതീക്ഷയിലാണ് പ്രവര്‍ത്തനങ്ങള്‍ നീക്കുന്നത്. കട്ടക്കാല്‍ ഷാഫി എല്‍ ഡി എഫിന്റെയും ഐ എന്‍ എല്ലിന്റെയും പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിക്കുന്നത്. 

തെക്കില്‍, പുത്തരിയടുക്കം, മൂടംബയല്‍, ബെണ്ടിച്ചാല്‍, ബന്താട്, അണിഞ്ഞ, പൊയിനാച്ചി എന്നീ ഏഴു വാര്‍ഡുകളാണ് ബെണ്ടിച്ചാല്‍ ഡിവിഷനിലുള്ളത്. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായിരുന്ന കെ മൊയ്തീന്‍കുട്ടി ഹാജി, പാദൂര്‍ കുഞ്ഞാമു തുടങ്ങിയ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളുടെ പിന്‍ബലവും ഡിവിഷനില്‍ യു ഡി എഫിനുണ്ട്. മുസ്ലിംലീഗ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിന് മോശമില്ലാത്ത വേരോട്ടമുള്ള മണ്ണാണ് ബെണ്ടിച്ചാല്‍ ഡിവിഷന്‍. സി പി എമ്മിനാണെങ്കില്‍ അണിഞ്ഞ വാര്‍ഡില്‍ മാത്രമാണ് നേരിയ മേല്‍കൈയുള്ളത്. ടി ഡി കബീര്‍ ഇവിടെ വിജയം സുനിശ്ചിതമാക്കുന്ന പ്രധാന ഘടകം മുസ്ലിംലീഗിന് ഡിവിഷനിലുള്ള അതിരറ്റ സ്വാധീനമാണ്. ഇതില്‍ വിള്ളലുണ്ടാക്കാനാണ് കട്ടക്കാല്‍ ഷാഫിയുടെ ശ്രമം.

keywords: league-bendichal-division-election

Post a Comment

0 Comments

Top Post Ad

Below Post Ad