ഒറ്റപ്പാലം: (www.evisionnews.in) പ്രശസ്ത മോഹിനിയാട്ട നര്‍ത്തകിയും കേരള കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമായ കലാമണ്ഡലം സത്യഭാമ(77) അന്തരിച്ചു. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്ഥാന സര്‍ക്കാരിന്റെ നൃത്തനാട്യപുരസ്‌കാരം ആദ്യമായി ലഭിച്ചത് സത്യഭാമയ്ക്കായിരുന്നു. ബാലെകളും നൃത്തനാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. 1993 ല്‍ കലാമണ്ഡലം പ്രിന്‍സിപ്പലായിരിക്കെ വിരമിച്ചു. 2014 ലില്‍ പത്മശ്രീ നല്‍കി രാജ്യം അവരെ ആദരിച്ചു. 1994 ലില്‍ കേന്ദ്ര സംഗീത നാടക അക്കാദമി അവാര്‍ഡ് ലഭിച്ചു
മൃതദേഹം ഉച്ചയ്ക്ക് രണ്ട് മണിക്ക് കലാമണ്ഡലത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം നാല് മണിക്ക് ഷൊര്‍ണൂര്‍ ശാന്തിതീരത്ത് സംസ്‌കരിക്കും.
മോഹിനിയാട്ടത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ വരുത്തി വേഷവിധാനത്തിലും കേശാലങ്കാരത്തിലും പരിഷ്‌കാരങ്ങള്‍ വരുത്തിയത് ശിഷ്യഗണങ്ങളുടെ പ്രിയപ്പെട്ട സത്യഭാമ ടീച്ചറായിരുന്നു. കഥകളിയില്‍ നിന്ന് മോഹിനിയാട്ടത്തെ മോചിപ്പിച്ച് പുതിയ അടവും ഭംഗിയുമുള്ള മുദ്രകളുണ്ടാക്കി ലളിതമാക്കിയത് സത്യഭാമയായിരുന്നു. മോഹിനിയാട്ട ശൈലിയില്‍ കണ്ണകി, ചണ്ഡാലഭിക്ഷുകി തുടങ്ങിയ നൃത്തനാടകങ്ങളും അവര്‍ ഒരുക്കി. 'മോഹിനിയാട്ടം: ചരിത്രം സിദ്ധാന്തം പ്രയോഗം' എന്നൊരു പുസ്തകവും അവര്‍ എഴുതിയിട്ടുണ്ട്. കലാമണ്ഡലത്തില്‍ പഠിച്ച് വളര്‍ന്ന് അവിടെ തന്നെ അധ്യാപികയായി ഒടുവില്‍ അവിടെ നിന്ന് പ്രിന്‍സിപ്പലായിട്ടാണ് അവര്‍ വിരമിച്ചത്.
ശ്രീകുമാരന്‍ തമ്പിയുടെ ബന്ധുക്കള്‍ ശത്രുക്കള്‍ എന്ന സിനിമയുടെ നൃത്തസംവിധാനം നിര്‍വഹിച്ചത് സത്യഭാമയായിരുന്നു. ആ ചിത്രത്തിലെ 'മലയാളിപ്പെണ്ണേ നിന്റെ മനസ്സ്' എന്ന് തുടങ്ങുന്ന ഗാനത്തിലെ മോഹിനിയാട്ട രംഗങ്ങള്‍ ചിട്ടപ്പെടുത്തിയത് ടീച്ചറായിരുന്നു.
ജീവിതരേഖ
1937 നവംബര്‍ 4ന് ജനിച്ചു. അച്ഛന്‍: തലശ്ശേരി കടമ്പാട്ട് കൃഷ്ണന്‍നായര്‍. അമ്മ: വേണാട്ട് അമ്മിണിയമ്മ. 1951 മുതല്‍ ആറുവര്‍ഷം കേരള കലാമണ്ഡലത്തില്‍വെച്ച് പെരുമാങ്ങോട്ടു വാരിയത്ത് കൃഷ്ണന്‍കുട്ടിവാരിയര്‍, അച്യുതവാരിയര്‍ എന്നിവരില്‍നിന്ന് ഭരതനാട്യവും പഴയന്നൂര്‍ തോട്ടശ്ശേരി ചിന്നമ്മുവമ്മയില്‍നിന്ന് മോഹിനിയാട്ടവും അഭ്യസിച്ചു. കലാമണ്ഡലം പത്മനാഭന്‍നായരില്‍നിന്ന് കഥകളിയിലെ പ്രധാന സ്ത്രീവേഷങ്ങളും പഠിച്ചു.
1976ല്‍ കേരള സംഗീത നാടക അക്കാദമിയുടെയും 1994ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും മോഹിനിയാട്ടത്തിനുള്ള അവാര്‍ഡ്, കേരള കലാമണ്ഡലം അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, കേന്ദ്ര സര്‍ക്കാറിന്റെ സീനിയര്‍ ഫെലോഷിപ്പ് എന്നിവ ലഭിച്ചിട്ടുണ്ട്. 2005ല്‍ കേരള സര്‍ക്കാറിന്റെ ആദ്യത്തെ നൃത്തനാട്യപുരസ്‌കാരവും 2014ല്‍ പത്മശ്രീയും ലഭിച്ചു. ഭര്‍ത്താവ്: പരേതനായ കലാമണ്ഡലം പത്മനാഭന്‍നായര്‍. മക്കള്‍: വേണുഗോപാലന്‍, ലതിക, രാധിക, ശശികുമാര്‍.
keywords: sathyabhama-ottappalam-demise-dancer


Post a Comment
0 Comments