കാസര്‍കോട് :(www.evisionnews.in)ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അസി. എഞ്ചിനീയര്‍മാരുടെയും അസി, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാരുടെയും ഒഴിവുകള്‍ അടിയന്തിരമായി നികത്തണമെന്ന് ജില്ലാ വികസന സമിതിയോഗം ആവശ്യപ്പെട്ടു. ജില്ലാ കളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ അധ്യക്ഷത വഹിച്ചു. എംഎല്‍എ മാരായ പി.ബി അബ്ദുള്‍ റസാഖ് , എന്‍.എ നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍(ഉദുമ) ജില്ലാ പഞ്ചയാത്ത് പ്രസിഡണ്ട് അഡ്വ. പി പി ശ്യാമളാദേവി, നീലേശ്വരം നഗസഭാ ചെയര്‍പേഴ്‌സണ്‍ വി. ഗൗരി, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറടി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി എ ജി സി ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട് ടി.വി ഗോവിന്ദന്‍, എ ഡി എം എച്ച് ദിനേശന്‍, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ അരവിന്ദാക്ഷന്‍, വിവിധ വകുപ്പുകളിലെ ജില്ലാതല നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി. ഷാജി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കാസര്‍കോട് വികസന പാക്കേജിലെ നിര്‍വ്വഹണത്തിനായി അസി.എഞ്ചിനീയര്‍മാരെ കരാറടിസ്ഥാനത്തില്‍ നിയമിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇത് മറ്റ് പദ്ധതികളുടെ നിര്‍വ്വഹണത്തിനും ബാധകമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ദേശീയ പാതയിലെയും പൊതുപരാമത്ത് റോഡുകളിലെയും കുഴികള്‍ നികത്തുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണം. ദേശീയ പാതയിലെയും സംസ്ഥാന പാതകളിലെയും അടഞ്ഞുകിടക്കുന്ന ഓടകള്‍ വൃത്തിയാക്കണം. സ്വകാര്യ വ്യക്തികള്‍ ഓടകള്‍ തടസ്സപ്പെടുത്തി റോഡുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. പൊതുമരാമത്ത് റോഡുകളില്‍ അനധികൃതമായും അശാസ്ത്രീയമായും 97 ഹമ്പുകളും 8 ഡിവൈഡറുകളും ഉണ്ടെന്നും ഇവ നാട്ടുകാര്‍ നിര്‍മ്മിച്ചവയാണെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഇവയില്‍ ആവശ്യമായവ ശാസ്ത്രീയമായി പുനര്‍നിര്‍മ്മിക്കുന്നതിനും അനാവശ്യമായവ നീക്കം ചെയ്യുന്നതിനും 73,45,000 രൂപയ്ക്കുളള എസ്റ്റിമേറ്റ് അനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ട്. അശാസ്ത്രീയമായ ഹമ്പുകള്‍ അപകടം വരുത്തുകയാണെന്ന് ജനപ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. ഇവ ഉടന്‍ നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചു.
വിദ്യാഭ്യാസ വകുപ്പിലും ആരോഗ്യവകുപ്പിലും നിയമനം നടത്താവുന്ന മുഴുവന്‍ ഒഴിവുകളും പിഎസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്തതായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. വൃക്ക രോഗികള്‍, അര്‍ബുദ രോഗികള്‍ തുടങ്ങിയവരുടെ വരുമാന പരിധി കണക്കാക്കാതെ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് പ്രകാരം ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തും. റേഷന്‍ കാര്‍ഡ് പുതുക്കല്‍ പ്രക്രിയയില്‍ ഇത്തരം രോഗികള്‍ക്കാണ് മുന്തിയ പരിഗണന നല്‍കിയിട്ടുളളത്. രണ്ട്മാസത്തിനുശേഷം കാര്‍ഡ് പുതുക്കി ലഭിക്കുമ്പോള്‍ ഇത്തരം രോഗികള്‍ക്ക് ബിപിഎല്‍ കാര്‍ഡിന് സമാനമായ മുന്‍ഗണനാ കാര്‍ഡുകള്‍ ലഭിക്കുന്നതാണെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ യോഗത്തില്‍ അറിയിച്ചു.
ആര്‍എംഎസ്എ വിദ്യാലയങ്ങളുടെ അധ്യാപകരുടെ പ്രശ്‌നം പരിഹരിക്കുന്നതിനും കെ.ഇ.ആര്‍ അനുസരിച്ച് സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആനുപാതികമായി അധ്യാപകരെ നിയമിച്ച് ശമ്പളം നല്‍കണമെന്നും ആര്‍എംഎസ്എ ഫണ്ട് ട്രഷറിയില്‍ അടക്കുന്നതിന് സംവിധാനമൊരുക്കണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു. കാഞ്ഞങ്ങാട് നഗരത്തില്‍ കെഎസ്ടിപി റോഡ് വികസനത്തിനായി മുറിച്ചുമാറ്റിയ മരത്തടികളും അവശിഷ്ടങ്ങളും നീക്കം ചെയ്യാത്തത് മാലിന്യപ്രശ്‌നം രൂക്ഷമാക്കുന്നതായും യോഗത്തില്‍ ചൂണ്ടിക്കാട്ടി. റിവര്‍മാനേജ്‌മെന്റ് ഫണ്ടിലുള്‍പ്പെടുത്തി എംപി, എംഎല്‍എ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സംയുക്ത പ്രൊജക്ടുകളായി നടപ്പിലാക്കുന്ന ആറാട്ടുകടവ് - പിണ്ടിക്കടവ് നടപ്പാലങ്ങളുടെ നിര്‍മ്മാണം അടിയന്തിരമായി ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം നിര്‍ദ്ദേശിച്ചു.

Post a Comment
0 Comments