ചെന്നൈ: (www.evisionnews.in) ടിപ്പു സുല്‍ത്താനെക്കുറിച്ചുള്ള സിനിമയില്‍ അഭിനയിക്കരുതെന്ന് തമിഴ് സൂപ്പര്‍താരം രജനീകാന്തിന് ബി.ജെ.പിയുടെ ഭീഷണി. തമിഴ് വിരുദ്ധനായിരുന്ന ടിപ്പുവിന്റെ കഥ പറയുന്ന ചിത്രത്തില്‍ തമിഴ് നടന്‍മാര്‍ അഭിനയിക്കരുതെന്നാണ് ബി.ജെ.പിയുടെ മുന്നറിയിപ്പ്.
ടിപ്പു ഹിന്ദുക്കളെ ഉപദ്രവിച്ച ഭരണാധികാരിയാണ്. അദ്ദേഹത്തെ പുകഴ്ത്തുന്ന സിനിമ എടുക്കുന്നത് ചരിത്രത്തെ വളച്ചൊടിക്കലായിരിക്കുമെന്നും ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ പറഞ്ഞു.
കന്നഡ നിര്‍മ്മാതാവായ അശോക് ഖെനിയാണ് ടിപ്പു സുല്‍ത്താന്റെ കഥ പ്രമേയമാക്കി ചിത്രമെടുക്കാന്‍ രജനീകാന്തിനെ സമീപിച്ചത്. എന്നാല്‍ സിനിമ ചെയ്യുന്ന കാര്യത്തില്‍ രജനീകാന്ത് അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സ്‌ക്രിപ്റ്റ് പോലും ഇതുവരെ വായിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ഹിന്ദുമുന്നണി നേതാവ് രാമഗോപാലനാണ് ചിത്രത്തില്‍ രജനി അഭിനയിക്കുന്നതിനെതിരെ ആദ്യം രംഗത്ത് വന്നത്. ടിപ്പു സുല്‍ത്താന്റെ ആക്രമണം ഭയന്നാണ് തന്റെ മുന്‍ഗാമികള്‍ കോയമ്പത്തൂരില്‍ നിന്ന് പാലക്കാടേക്ക് കുടിയേറിയതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന എം.ജി.ആറിന്റെ ആത്മകഥയിലെ പരാമര്‍ശവും രാമഗോപാലന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചിത്രത്തില്‍ രജനി അഭിനയിക്കരുതെന്ന് ഹിന്ദു മക്കള്‍ കക്ഷിയും ആവശ്യപ്പെട്ടിരുന്നു.
keywords: rajani-kanth-threat-bjp-tippu-film

Post a Comment
0 Comments