കാസര്‍കോട് (www.evisionnews.in): ഡെങ്കിപ്പനിക്ക് പിന്നാലെ ജില്ലയില്‍ വൈറസ് രോഗമായ തക്കാളിപ്പനിയും പടരുന്നു. പുല്ലൂര്‍ പെരിയ, അജാനൂര്‍ പഞ്ചായത്തുകളില്‍ മഴ മാറിയതോടെ ഡെങ്കിപ്പനി കുറഞ്ഞു തുടങ്ങിയിരുന്നു. അതിനിടയിലാണ് ഇവിടങ്ങളില്‍ തക്കാളിപ്പനി വ്യാപകമായത്. വൈറസ് പടര്‍ത്തുന്ന ഈ പനിയോടൊപ്പം ചുവന്ന കുരുക്കളും കാണുന്നുണ്ട്. കുട്ടികളിലാണ് തക്കാളിപ്പനി കൂടുതലായും കാണപ്പെടുന്നത്. എന്നാല്‍ ഈ പനി അപകടകരമല്ലെന്നാണ് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നത്.
കൈകാലുകള്‍ക്ക് ചൊറിച്ചിലും വായ്ക്കകത്ത് കുരുക്കളും പ്രത്യക്ഷപ്പെടുമെങ്കിലും ഒരാഴ്ച കൊണ്ട് ഭേദമാക്കാനാവുമെന്ന് പെരിയ സി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. അഭിലാഷ് പറഞ്ഞു. പടരുന്ന രോഗമായതിനാല്‍ അസുഖം പിടിപെട്ട കുട്ടികളെ അങ്കണ്‍വാടികളിലും മറ്റ് പഠനകേന്ദ്രങ്ങളിലും വിടുന്നത് ഒഴിവാക്കണം. നിലവില്‍ പുല്ലൂര്‍ പെരിയയില്‍ അമ്പതോളം കുട്ടികള്‍ക്ക് തക്കാളിപ്പനി പിടിപെട്ടിട്ടുണ്ട്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ പഞ്ചായത്തില്‍ മുപ്പതോളം ഡെങ്കിപ്പനികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ ഡെങ്കിപ്പനി കുറഞ്ഞതായി ആരോഗ്യ വകുപ്പധികൃതര്‍ അറിയിച്ചു. നിലവില്‍ കരിച്ചേരി, ആനന്ദാശ്രമം പി.എച്ച്.സികളുടെ കീഴില്‍ വരുന്ന പ്രദേശങ്ങളില്‍ രണ്ട് എലിപ്പനി ബാധിതരെ കണ്ടെത്തിയിട്ടുണ്ട്.
Keywords: Kasaragod-news-tomato-in-disrtrict-

Post a Comment
0 Comments