തൃശൂര്‍: (www.evisionnews.in) ഭാരതപുഴയോരത്തെ തിരുനാവായയിലെ കുഞ്ഞിമുഹമ്മദ് ഹാജിയുടെ പാടത്ത് വിളയുന്ന താമരപ്പൂക്കള്‍ ദേവന് പൂജാപുഷ്പമായി നിവേദിക്കപ്പെടുന്നു. ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രംം മുതല്‍ വടക്ക് കണ്ണൂര്‍ വരെയുള്ള വിവധ ക്ഷേത്രങ്ങളിലേക്ക് പൂജാപുഷ്പമായി ദേവിദേവന്മാര്‍ക്കുമുമ്പില്‍ സമര്‍പ്പിക്കപ്പെടുന്നതും കുഞ്ഞിമുഹമ്മദ് ഹാജിയുടെയും നാട്ടുകാരുടെയും കരലാളനയില്‍ വളരുന്ന താമരപ്പൂക്കളാണ്.
അന്യമതസ്ഥര്‍ക്ക് പ്രവേശനമില്ലെന്ന് ബോര്‍ഡെഴുതിവെച്ചിട്ടുണ്ടെങ്കിലും കുഞ്ഞിമുഹമ്മദ് ഹാജിയും മകന്‍ മുസ്തഫയും വളര്‍ത്തുന്ന താമരപ്പൂക്കള്‍ കണ്ടാല്‍ ശ്രീകോവിലില്‍ പോലും താനേ തുറക്കും. ദേവാലയങ്ങള്‍ മനുഷ്യനെ അകറ്റാനുള്ളതാണെന്ന് എഴുതിവെച്ച മനുഷ്യന് ഒരു മുസ്ലിം കര്‍ഷകന്‍ വിയര്‍പ്പൊഴുക്കി വിളയിക്കുന്ന താമരയെ ഒരിക്കലും അകറ്റിനിര്‍ത്താനാവില്ല.
കുഞ്ഞിമുഹമ്മദ് ഹാജിക്ക് വയസ്സിപ്പോള്‍ 90 അടുക്കും. എഴുപത് വര്‍ഷമായി താമര കൃഷി ചെയ്ത് വിപണനം തുടരുന്നു. കേരള്ത്തിന് പുറമെ തമിഴ്‌നാട്ടിലും ഹാജിയുടെ താമരപ്പൂക്കള്‍ക്ക് വന്‍ഡിമാന്റാണ്. താമരപ്പൂഒന്നിന് ഇപ്പോള്‍ ഒന്നര രൂപയോളം വിലകിട്ടും.
നേരത്തെ താമര കൃഷിയുടെ കുത്തക ഞങ്ങള്‍ക്കായിരുന്നു. ഇപ്പോള്‍ നിരവധി പേര്‍ ഈ രംഗത്തുണ്ട്. ഹാജിയുടെ മകന്‍ മുസ്തഫ പറയുന്നു. ഉപ്പയ്ക്ക് തീരെ വയ്യാതായി. ഇപ്പോള്‍ ഞാനും ഉമ്മയും സഹോദരങ്ങളുമാണ് ഈ രംഗത്ത്. കേരളത്തില്‍ രാഷ്ട്രീയ രംഗത്ത് താമരവിരിയുന്നില്ലെങ്കിലും ഒരു മുസ്ലിമിന്റെ പാടത്ത് വിളയുന്ന താമരപ്പൂക്കള്‍ ഹിന്ദുദേവതകള്‍ക്ക് പൂജാപുഷ്പമായി മാറുന്നത് മാനവ സാഹോദര്യത്തിന്റെയും ദൈവത്തിന് എല്ലാവരും തുല്യരാണെന്ന സമഭാവനയുടെയും ഉത്തമ നിദര്‍ശനമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
keywords: lotus-kunghi-muhammad-haji-house-cultivation

Post a Comment
0 Comments