കാസര്‍കോട് (www.evisionnews.in): കുഡ്‌ലു സര്‍വീസ് സഹകരണബാങ്കിന്റെ എരിയാലിലെ ശാഖയില്‍ തിങ്കളാഴ്ച നടന്ന പകല്‍കൊള്ളയില്‍ നഷ്ടപ്പെട്ടത് 905 പേരുടെ പണയ സ്വര്‍ണ്ണമെന്ന് ബാങ്ക് അധികൃതര്‍ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ലോക്കറില്‍ ഉപേക്ഷിച്ച സ്വര്‍ണ്ണം തിട്ടപ്പെടുത്തിയപ്പോഴാണ് നഷ്ടപ്പെട്ട പണയ സ്വര്‍ണ്ണത്തിന്റെ അളവും ഉടമയെയും വ്യക്തമായത്. കൂടാതെ 151 പേരുടെ നാലര സ്വര്‍ണ്ണം അവശേഷിച്ചതായും കണക്കെടുപ്പില്‍ വ്യക്തമായി. ഇതുസംബന്ധിച്ച് ബാങ്ക് അധികൃതര്‍ നോട്ടീസ് ബോര്‍ഡില്‍ ഉടമസ്ഥരുടെ പേരും സ്വര്‍ണത്തിന്റെ അളവും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് എരിയാലിലെ കുഡ്‌ലു സഹകരണ ബാങ്കില്‍ നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. മുഖമൂടിയണിഞ്ഞെത്തിയ അഞ്ചംഗസംഘം ബാങ്കിലേക്ക് ഇരച്ചു കയറുകയും ലോക്കല്‍ തുറന്ന് 12.6 കിലോ സ്വര്‍ണ്ണം കൊള്ളയടിക്കുകയുമായിരുന്നു. ലോക്കറിന്റെ മറ്റൊരു വലിപ്പ് തുറക്കാനാവാത്തതിനാല്‍ സംഘം ഇതുമായി വിടുകയായിരുന്നു.
ഇടപാടുകാരുടെ നഷ്ടപ്പെട്ട മുതല്‍ തിരിച്ചു കൊടുക്കുന്നത് വിവിധ രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തില്‍ ബാങ്ക് അധികൃതര്‍ കഴിഞ്ഞ ദിവസംരാവിലെ നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞിരുന്നു. ഇന്‍ഷ്യുറന്‍സ് തുക ലഭ്യമായാല്‍ ഇടപാടുകാരുടെ നഷ്ട്‌പ്പെട്ട മുതലുകള്‍ തിരിച്ചു നല്‍കുമെന്നാണ് ബാങ്ക അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഈ വാദം ഇടപാടുകാര്‍ തള്ളികയായിരുന്നു.
ബാങ്ക് അധികൃതരുടെ സുരക്ഷാ വീഴ്ചയാണ് കവര്‍ച്ചയ്ക്ക് സൗകര്യമൊരുക്കിയതെന്ന് വാര്‍ത്തകള്‍ പ്രചരിച്ച സാഹചര്യത്തില്‍ ഇന്‍ഷ്യുറന്‍സ് തുക ലഭ്യമാകില്ലെന്നത് ഇടപാടുകാര്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്. നേരത്തെ കവര്‍ച്ച നടന്നപ്പോഴും ഇതേ രീതിയിലാണ് അധികൃതര്‍ ഇടപാടുകാരെ സമാധാനിപ്പിച്ചത്. പക്ഷെ, സുരക്ഷാ വീഴ്ച ഉണ്ടായത് കാരണത്താല്‍ ഇന്‍ഷ്യുറന്‍സ് തുക ലഭിച്ചിരുന്നില്ല.
ചൊവ്വാഴ്ച ബാങ്കിലെത്തിയ സ്ത്രീകളില്‍ പലരും മാധ്യമങ്ങള്‍ക്കും തടിച്ചു കൂടി നാട്ടുകാരുടെ മുമ്പിലും പൊട്ടിക്കരയുകയായിരുന്നു. ആസാദ് നഗറിലെ പി.വസന്ത ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി ഒന്നരമാസംമുമ്പ് താലിമാല പണയംവെച്ചിരുന്നു. അതാണ് നഷ്ടപ്പെട്ടത്. കാന്‍സര്‍ രോഗിയായിരുന്ന ഭര്‍ത്താവ് പിന്നീട് മരിച്ചെന്നും അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ടു പറഞ്ഞു ചൗക്കിയിലെ ശോഭയ്ക്ക് 14 പവനാണ് നഷ്ടപ്പെട്ടത്. ഗള്‍ഫിലേക്ക് പോകുന്ന ഭര്‍ത്താവിന് പണത്തിനായിരുന്നു സ്വര്‍ണം വെച്ചത്. ഗള്‍ഫില്‍ ജോലിശരിയാവാതെ ഭര്‍ത്താവ് തിരിച്ചുവരികയുംചെയ്തു. സാധാരണക്കാരായ ആളുകളുടെ സ്വര്‍ണമാണ് ഏറെയും നഷ്ടമായത്.
കവര്‍ച്ച നടന്ന ദിവസം പണയം വെക്കാനെത്തിയ മഞ്ചത്തടുക്കയിലെ കമറുബാനുവിന്റെ 25 പവന്‍ സ്വര്‍ണവും കൊള്ളയടിക്കപ്പെട്ടിരുന്നു. ശ്വാസ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് മംഗലാപുരത്തെ ആശുപത്രിയിലുള്ള ഭര്‍ത്താവിന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിനാണ് മക്കളില്‍ ന്ിന്നും വാങ്ങിയ സ്വര്‍ണ്ണവുമായി ഖമര്‍ബാനും ബാങ്കിലെത്തിയത്. പണയം വെച്ച രേഖകള്‍ തയാറാക്കി കൊണ്ടിരിക്കുമ്പോഴാണ് കവര്‍ച്ച നടന്നത്. ബാങ്ക് ജീവനക്കാരിയായ ബിന്ദുവിന്റെ കഴുത്തിലുണ്ടായിരുന്ന മാലയും കൊള്ള സംഘം കൈക്കലാക്കിയിരുന്നു.

Post a Comment
0 Comments