കാസര്‍കോട്: (www.evisionnews.in) കേന്ദ്ര സര്‍വ്വകലാശാലയിലെ പുതിയ ബ്ലോക്കുകളുടെ ശിലയിടല്‍ ചടങ്ങ് ബി. ജെ. പി. യിലുടക്കി വന്‍ വിവാദമാകുന്നു. തിരുവനന്തപുരത്ത് നാഷണല്‍ ഹൈവെ അതോരിറ്റിയുടെ ചടങ്ങില്‍ സ്ഥലം എം. എല്‍. എമാരെ മാറ്റി നിര്‍ത്തി ബി. ജെ. പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ ആശംസ പ്രാസംഗികനാക്കിയതിനെ ചൊല്ലി ഉടലെടുത്ത അതേ മോഡല്‍ വിവാദമാണ് പെരിയ സര്‍വ്വകലാശാല ക്യാമ്പസിലും ജില്ലയിലെ രാഷ്ട്രീയ കേന്ദ്രങ്ങളിലും ആളിക്കത്തുന്നത്. സെപ്തംബര്‍ ്‌നാലിന് കേന്ദ്ര നിയമമന്ത്രി ഡി. വി.സദാനന്ദഗൗഡയാണ് ക്യമ്പസില്‍ പുതിയ അക്കാദമിക് ബ്ലോക്കുകള്‍ക്ക് ഉച്ച്ക്ക് പന്ത്രണ്ട് മണിക്ക് ശിലയിടുന്നത്.
ഈ ചടങ്ങില്‍ സ്ഥലം എം. എല്‍. എ ഒഴിച്ച് ജില്ലയിലെ നാലുപേരെയും ഒഴിവാക്കിയതായാണ് പരാതി. ഇവിടെയും ആശംസാ പ്രാസംഗികനായി ബി. ജെ. പി. സംസ്ഥാന അധ്യക്ഷനുണ്ട്. ഇതാണ് ചടങ്ങിനെതിരെ പ്രതിഷേധമുയരാന്‍ കാരണം. ഇതിനെതിരെ നാല് എം. എല്‍. എമാരും രേഖാമൂലം വൈസ് ചാന്‍സലര്‍ ഡോ. ജി ഗോപകുമാറിനെ കണ്ട് പരാതി നല്‍കിയതായി അറിയുന്നു. എന്നാല്‍
പരിപാടിയില്‍ ജനപ്രതിനിധികള്‍ക്ക് പുറമെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരനെ ആശംസാ പ്രാസംഗികനായി ക്ഷണിച്ചതിനെകുറിച്ച് വിവാദം ഉണ്ടാക്കേണ്ട കാര്യമില്ലെന്ന് വൈസ് ചാന്‍സലര്‍ ചൊവ്വാഴ്ച പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര മന്ത്രിസഭയ്ക്ക് നേതൃത്വം നല്‍കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാനത്തെ പ്രതിനിധി എന്ന നിലയിലാണ് വി. മുരളീധരനെ ആശംസാ പ്രാസംഗികനായി ക്ഷണിച്ചത്. ആ പാര്‍ട്ടിക്ക് ജനപ്രതിനിധികളില്ലെന്ന ഒറ്റക്കാരണത്താല്‍ മാറ്റിനിര്‍ത്തിയാല്‍ വികസനകാര്യത്തില്‍ കേന്ദ്രസര്‍വ്വകലാശാലയ്ക്ക് മുന്നോട്ടുപോകാന്‍ പ്രയാസമുണ്ടാകും. കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്താണ് ഇങ്ങനെയൊരു പരിപാടി നടത്തുന്നതെങ്കില്‍ ആശംസാ പ്രാസംഗികനായി തീര്‍ച്ചയായും കെ.പി.സി.സി. പ്രസിഡന്റ് ഉണ്ടായിരിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
കേന്ദ്ര നിയമമന്ത്രി ഉദ്ഘാടന പരിപാടിക്കെത്തുമ്പോള്‍ മെഡിക്കല്‍ കോളജിനായി നേരിട്ട് ശക്തമായ ആവശ്യം ഉന്നയിക്കുമെന്നും വി.സി. പറഞ്ഞു. തിരുവല്ലയിലും തിരുവനന്തപുരത്തും ആരംഭിച്ച കേന്ദ്രസര്‍വ്വകലാശാലയുടെ ഓഫ് ക്യാമ്പസുകള്‍ പെരിയയിലേക്ക് മാറ്റിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവല്ലയില്‍ 10 ഏക്കര്‍ സ്ഥലവും തിരുവനന്തപുരത്ത് അഞ്ച് ഏക്കര്‍ സ്ഥലവും ക്യാമ്പസുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. സര്‍വ്വകലാശാലയ്ക്ക് 'നാക്കി'ന്റെ അക്രഡിറ്റേഷന്‍ ലഭിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുണ്ട്. നാക്ക് സംഘം ഉടന്‍തന്നെ സര്‍വ്വകലാശാല സന്ദര്‍ശിക്കും. സര്‍വ്വകലാശാലയ്ക്ക് എ ഗ്രേഡ് ലഭിക്കില്ലെങ്കിലും ബി ഗ്രേഡ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വി.സി. ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
keywords: kasargod-national-university-problem

Post a Comment
0 Comments