തിരുവനന്തപുരം: (www.evisionnews.in) തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നടപടികൾ വിശദീകരിക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ വിളിച്ച സർവകക്ഷി യോഗത്തിൽ സമവായമായില്ല. തിരഞ്ഞെടുപ്പ് അടുത്ത മാസം വേണമെന്ന് എൽഡിഎഫും ബിജെപിയും ആവശ്യപ്പെട്ടു. എന്നാൽ തിരഞ്ഞെടുപ്പ് നവംബറിൽ നടത്താമെന്ന് യുഡിഎഫ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് കമ്മിഷൻ വൈകിട്ട് മൂന്നു മണിക്ക് വാർത്താസമ്മേളനം വിളിച്ചുചേർത്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് എങ്ങനെ, എപ്പോൾ നടത്തുമെന്ന പ്രഖ്യാപനം ഉണ്ടായേക്കും. ശബരിമല സീസണു മുൻപ് നടത്തണമെന്ന നിർദ്ദേശവും കമ്മിഷൻ പരിഗണിക്കും.
തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പതിവു നടപടി ക്രമത്തിന്റെ ഭാഗമായാണു തിരഞ്ഞെടുപ്പു കമ്മിഷൻ സർവകക്ഷിയോഗം വിളിച്ചത്. തിരഞ്ഞെടുപ്പു തീയതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രാഷ്ട്രീയ കക്ഷികളുടെ അഭിപ്രായം കേൾക്കാനായിരുന്നു യോഗം.
തിരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവച്ച് പുതിയ 28 നഗരസഭകളും കണ്ണൂർ കോർപറേഷനും കൂടി ഉൾപ്പെടുത്തണമെന്ന സർക്കാർ ആവശ്യത്തിന്മേൽ കമ്മിഷനാണു തീരുമാനമെടുക്കേണ്ടതെന്നു ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കേസ് 14നു ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നതിനാൽ അതിനു മുൻപു തീയതി പ്രഖ്യാപിക്കണം.
keywords: election-kerala-new-decision-commission

Post a Comment
0 Comments