ദേലമ്പാടി:(www.evisionnews.in)രണ്ടാമൂഴം കഴിയാറായി. ഇനി ഭരണത്തിന്റെ മൂന്നാമൂഴത്തിലേക്ക് വീണ്ടും വലതുകാല്‍ വെച്ച് ചവിട്ടിക്കയറാനാണ് ദേലമ്പാടി പഞ്ചായത്തിലെ സി. പി. എം നേതൃത്വം അണിയറയില്‍ തന്ത്രങ്ങള്‍ മെനയുന്നത്. 2000-2005-ലെ യു. ഡി. എഫ് ഭരണസമിതിയില്‍നിന്നാണ് എല്‍. ഡി. എഫ് പഞ്ചായത്ത് ഭരണം പിടിച്ചെടുത്ത് ചരിത്രം സൃഷ്ടിച്ചത്. ഇപ്പോള്‍ പത്തുവര്‍ഷമായി ഇതുതുടരുന്നു. ഇനിയിതിനു മാറ്റമുണ്ടാകില്ല. പയസ്വിനിപ്പുഴ തഴുകിത്തലോടുന്ന ദേലമ്പാടിയില്‍ സി. പി. എം തന്നെ തുടരും. വൈസ്. പ്രസിഡണ്ട് എ. ചന്ദ്രശേഖരന്‍ ഉറപ്പിച്ചുപറയുന്നു.
എന്നാല്‍ മുസ്ലിംലീഗിന്റെ പഞ്ചായത്ത് സെക്രട്ടറി കെ. പി. സിറാജുദ്ദീന്‍ പറയുന്നത് നേരെ മറിച്ചാണ്. ഇത്തവണ ഞങ്ങള്‍, യു. ഡി. എഫ് ഭരണം തിരിച്ചുപിടിക്കുകതന്നെ ചെയ്യും. സി. പി. എമ്മുകാര്‍ അവരുടെ വാര്‍ഡുകളെ പാര്‍ട്ടി ഗ്രാമങ്ങളാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. വികസന കാര്യത്തില്‍ രാഷ്ട്രീയ പകപോക്കലാണ് നടത്തുനനത്. മുസ്ലിംലീഗിന്റെ പള്ളങ്കോട് വാര്‍ഡിനോട് കടുത്ത അവഗണനയാണ് തുടരുന്നത്. സിറാജുദ്ദീന്‍ പരാതിയും പരിഭവവും പറയുന്നു.
എന്നാല്‍ ചന്ദ്രശേഖരന്‍ പറയുന്നത് ഇങ്ങനെ: പഞ്ചായത്തിലാകെ 16 വാര്‍ഡുകളാണുള്ളത്. അതില്‍ ഒരെണ്ണത്തിലാണ് ലീഗിലെ വനിതാ അംഗം പ്രതിനിധീകരിക്കുന്നത്. ഈ ഒറ്റയാള്‍ പാര്‍ട്ടിക്കെങ്ങനെ പഞ്ചായത്ത് ഭരിക്കാനാകും. കോണ്‍ഗ്രസിലെ രണ്ടംഗങ്ങള്‍ പോലും ലീഗിനോട് ചേര്‍ന്ന് നില്‍ക്കാത്ത സ്ഥിതിയിലാണ് ഇവിടെ. ലീഗിനോട് ഒരു രാഷ്ട്രീയപകപോക്കലുമില്ല. ലീഗിന്റെ പള്ളങ്കോട് വാര്‍ഡില്‍ 106 കുടുംബങ്ങള്‍ക്ക് സമഗ്രകുടിവെള്ള പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാകും. വികസനത്തിലും കുടിവെള്ളത്തിലും സി. പി. എം രാഷ്ട്രീയം കലര്‍ത്തുന്നില്ലെന്നതിന്റെ തെളിവാണിത്. ചന്ദ്രശേഖരന്‍ പറഞ്ഞു.
കര്‍ണ്ണാടകയോട് നിരന്തരം ബന്ധപ്പെടുന്ന പഞ്ചായത്താണിത്. ഭാഷകള്‍ നാല്. മലയാളം, കന്നട, തുളു, മറാത്തി. ഒരു തനിനാടന്‍ കര്‍ഷക ഗ്രാമമാണിത്. പത്തുവര്‍ഷമായി തുടരുന്ന ഭരണത്തില്‍ അടിസ്ഥാന വികസന സൗകര്യങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചു.
ഉദുമ നിയോജക മണ്ഡലമായതിനാല്‍ മുന്‍ എം. എല്‍. എമാരായ പി. രാഘവനും കെ. വി. കുഞ്ഞിരാമനും ഇപ്പോള്‍ കെ. കുഞ്ഞിരാമനും ദേലമ്പാടിയോട് പ്രത്യേക മമത പുലര്‍ത്തി. അത്തനാടി പാലം യാഥാര്‍ത്ഥ്യമായത് അങ്ങനെയാണ്. കൊട്ടയാടി-അഡൂര്‍ റോഡ് പൊതുമരാമത്ത് വകുപ്പിന് കീഴിലാണ്. ഇതിന്റെ നവീകരണത്തിന് സര്‍ക്കാര്‍ അനുമതി നിഷേധിക്കുന്നു.
പഞ്ചായത്ത് പരിപൂര്‍ണ്ണമായി വൈദ്യുതീകരിക്കലാണ് മറ്റൊരു പദ്ധതി. ഇതിന് വനം വകുപ്പുമായി സഹകരിച്ച് ഭൂമിക്കടിയില്‍ കേബിള്‍ വലിച്ച് വൈദ്യൂതി എത്തിക്കാനാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. പള്ളഞ്ചിപ്പാലവും പള്ളത്തുര്‍ പാലവും ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഭവന നിര്‍മ്മാണത്തിലും വന്‍ മുന്നേറ്റമാണ്. സാക്ഷരതാ വിദ്യാഭ്യാസരംഗങ്ങളിലും മാതൃകാപരമായ മുന്നേറ്റം സൃഷ്ടിച്ചു. ചന്ദ്രശേഖരന്‍ ഭരണനേട്ടം നിരത്തി വാചാലനായി.
നവീകരണ പദ്ധതിയില്‍ കോണ്‍ഗ്രസിലേക്കും ബി. ജെ. പിയിലേക്കും കൊഴിഞ്ഞുപോക്കുണ്ടെന്നാണ് സിറാജുദ്ദീന്‍ പറയുന്നത്. ഇത് യു. ഡി. എഫ് മുതലാക്കും. ജില്ലയില്‍ ഫണ്ട് വിനിയോഗത്തില്‍ ഏറ്റവും പിന്നിലാണ് ദേലമ്പാടി. വോട്ടര്‍പട്ടികയിലും സി. പി. എം ക്രമക്കേടുകളുണ്ടാക്കിയിട്ടുണ്ട്.
മുസ്ലിംലീഗ് പഞ്ചായത്തില്‍ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട്. ബൈത്തുറഹ്മ പദ്ധതി തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ പഞ്ചായത്തിന്റെ ഗ്രാമസഭയില്‍ പോലും സി. പി. എം രാഷ്്ട്രീയം കലര്‍ത്തുന്നു. എല്ലാം പാര്‍ട്ടിക്കണ്ണിലൂടെയാണ് നോക്കിക്കാണുന്നത്. സിറാജുദ്ദീന്റെ ഈ ആരോപണം ചന്ദ്രശേഖരന്‍ നിഷേധിക്കുന്നു. ഗ്രാമസഭയുടെ നാലയലത്തുപോലും വരാതെ വികസനസംരംഭങ്ങളോട് പുറംതിരിഞ്ഞുനില്‍ക്കുകയാണ് പഞ്ചായത്തിലുണ്ടെന്ന് അവകാശപ്പെടുന്ന യു. ഡി. എഫ് ചെയ്യുന്നത്. ഇത്തരം ആരോപണങ്ങള്‍ പഞ്ചായത്തിലെ ജനം മുഖവിലക്കെടുക്കില്ലെന്നും വിജയം ഞങ്ങള്‍ക്കൊപ്പമാണെന്നും ചന്ദ്രശേഖരന്‍ ആവര്‍ത്തിച്ചു.
keywords: delambady-league-cpm-election-2015

Post a Comment
0 Comments