കാസര്‍കോട്: (www.evisionnews.in) കുഡ്‌ലു ബാങ്കില്‍ അഞ്ചംഗ സംഘം കവര്‍ച്ചക്കെത്തിയത് ബൈക്കില്‍. കവര്‍ച്ച് നടത്തുമ്പോള്‍ ബാങ്കില്‍ രണ്ട് വനിതാ ജീവനക്കാരും സ്വര്‍ണ്ണം പണയം വെക്കാന്‍ വന്ന ഒരു സ്ത്രീയും മാത്രമാണ് ഉണ്ടായിരുന്നത്. ഇവരെ മൂവ്വരെയും കത്തികാട്ടി ഭീഷണിപ്പെടുത്തി ബന്ദികളാക്കിയാണ് കവര്‍ച്ച നടത്തിയത്. സ്ത്രീകള്‍ മാത്രമായതിനാല്‍ സംഘം കൊള്ള നടത്തി കണ്ണഞ്ചിപ്പിക്കുന്ന വേഗതയില്‍ സ്ഥലം വിടുകയായിരുന്നു. ഇതിനിടയില്‍ ബാങ്കിലുണ്ടായിരുന്ന സ്ത്രീയുടെ കഴുത്തിലെ സ്വര്‍ണ്ണമാലയും തട്ടിപ്പറിച്ചാണ് സംഘം രക്ഷപ്പെട്ടത്. പണ്ടവും പണവുമടക്കം അഞ്ചരക്കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം ബാങ്ക് കവര്‍ച്ചയില്‍ വൈദഗ്ദ്യമുള്ള ഏതെങ്കിലും സംഘമായിരിക്കാം കൊള്ളക്കെത്തിയതെന്നാണ് പോലീസ് നിഗമനം. ഈ അടുത്ത കാലത്ത ജയിലില്‍നിന്ന് പുറത്തിറങ്ങിയ മോഷ്ടാക്കളെ കേന്ദ്രീകരിച്ചും അവരുടെ നീക്കങ്ങളെ പിന്തുടര്‍ന്നുമാണ് അന്വേഷണം മുന്നോട്ടുനീങ്ങുന്നത്. കവര്‍ച്ചക്കേസ് അന്വേഷണം ജില്ലാ പോലീസ് സൂപ്രണ്ട് തന്നെ നേരിട്ട് ഏറ്റെടുത്തേക്കും. അദ്ദേഹത്തിന് കീഴിലുള്ള പ്രത്യേക സംഘമായിരിക്കും അന്വേഷണത്തിന് നിയോഗിക്കപ്പെടുക. കവര്‍ച്ച സംബന്ധിച്ച് ജില്ലാ പോലീസ് ആസ്ഥാനത്ത്‌നിന്ന് പോലീസ് ഉന്നതങ്ങളിലേക്ക് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
ഐജിയോ ഡി. ഐ. ജിയോ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ അവലോകനം ചെയ്യുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. മാസങ്ങള്‍ക്കുമുമ്പ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷന്‍ റോഡിലെ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ തായലങ്ങാടി ശാഖയിലും കവര്‍ച്ചാ ശ്രമം നടന്നിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് ലോക്കര്‍ തുറക്കാനുള്ള ശ്രമം വിഫലമായതിനെ തുടര്‍ന്ന് മോഷ്ടാക്കള്‍ രക്ഷപ്പെടുകയായിരുന്നു. ഈ കേസും തുമ്പായിട്ടില്ല.
ജില്ലയിലെ സഹകരണ ബാങ്കുകളില്‍ കൊള്ളയും കവര്‍ച്ചയും ആവര്‍ത്തിക്കുന്നത് നിക്ഷേപകരില്‍ ആശങ്ക പടര്‍ത്തിയിട്ടുണ്ട്. പെരിയയിലെ ഗ്രാമീണ ബാങ്കില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന കവര്‍ച്ച സംസ്ഥാനത്താകെ ചര്‍ച്ചയായിരുന്നു. തമിഴ് സംഘമാണ് തമിഴ് കവര്‍ച്ചാ കേസില്‍ പിടിയിലായത്. ഇവരില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ പിടച്ചെടുത്തിരുന്നു. പെര്‍ഡാല സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നീര്‍ച്ചാല്‍ ശാഖയിലും കവര്‍ച്ചാ ശ്രമം നടന്നിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന ബാങ്ക് വാച്ച്മാനെ കൊലപ്പെടുത്തിയ ശേഷമാണ് അന്ന് കൊള്ളക്കാര്‍ രക്ഷപ്പെട്ടത്.
കോടികള്‍ മതിക്കുന്ന സ്വര്‍ണ്ണവും പണവും സൂക്ഷിക്കുന്ന ഇത്തരം ബാങ്കുകളില്‍ കവര്‍ച്ച തടയുന്നതിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ ഫലപ്രദമായി നടപ്പാക്കാനാകാത്തതും കവര്‍ച്ചകള്‍ ആവര്‍ത്തിക്കാന്‍ കാരണമായതായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
keywords: bank-loot-kasaragod-5.5crore-lost

Post a Comment
0 Comments