കെ. എസ്. ഗോപാലകൃഷ്ണന്‍
കാസര്‍കോട്: (www.evisionnews.in) ബംഗളൂരു സ്‌ഫോടന പരമ്പര കേസില്‍ പി. ഡി. പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരെ മൊഴിപറഞ്ഞ ഒന്നാം സാക്ഷി ചൊവ്വാഴ്ച മൊഴി മാറ്റിപ്പറഞ്ഞതിനെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കാനില്ലെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും പത്രപ്രവര്‍ത്തകയുമായ കെ. കെ. ഷാഹിന ഇ-വിഷന്‍ ന്യൂസിനോട് പറഞ്ഞു.
ഒന്നാം സാക്ഷി കുടക് സ്വദേശി റഫീഖ് എന്‍. ഐ. എ കോടതിയില്‍ കൂറുമാറിയതിനെ തുടര്‍ന്ന് തന്റെ പ്രതികരണം ആരാഞ്ഞ് നിരവധി ന്യൂസ് ചാനലുകളില്‍നിന്നും വിളിച്ചതായും ഇതുസംബന്ധിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നുമാണ് ചാനലുകളെ അറിയിച്ചതെന്നും ഷാഹിന അറിയിച്ചു.
അബ്ദുല്‍ നാസര്‍ മഅ്ദനിക്കെരെ മൊഴികൊടുത്തതായി വാര്‍ത്ത പ്രചരിക്കുന്നതിനിടയിലാണ് അന്ന് തെഹല്‍ക റിപ്പോര്‍ട്ടറായിരുന്ന ഷാഹിന റഫീഖിനെ കാണാന്‍ കുടകിലെത്തിയത്. ഒപ്പം ഇവരുടെ സഹായികളായി കാസര്‍കോട്ടെ പി. ഡി. പി നേതാക്കളായിരുന്ന സുബൈര്‍ പടുപ്പും പുരുഷോത്തമന്‍ കുണ്ടംകുഴിയുമുണ്ടായിരുന്നു. കന്നഡയില്‍ സംസാരിക്കാനാണ് പുരുഷോത്തമനെ കൂട്ടിയതെന്ന് സുബൈര്‍ പടുപ്പ് പറയുന്നു. പോലീസ് തന്നെ ഭീകരമായി മര്‍ദ്ദിച്ച് ഷോക്കടിപ്പിച്ച ശേഷമാണ് മഅ്ദനിക്കെതിരെ മൊഴി പറയിപ്പിച്ചതെന്ന് റഫീഖ് ഷാഹിനയോടും സംഘത്തോടും അന്ന് പറഞ്ഞിരുന്നു. 20 ദിവസം കസ്റ്റഡില്‍ പാര്‍പ്പിച്ച ശേഷമാണ് കള്ളമൊഴി രേഖപ്പടുത്തിയത്.
ബംഗളുര്‍ സ്‌ഫോടനം ആസൂത്രണം ചെയ്യാനായി മഅ്ദനി കുടകിലെത്തിയപ്പോള്‍ അദ്ദേഹത്തെ നേരിട്ട് കണ്ടു എന്നായിരുന്നു പോലീസ് റഫീഖിന്റേതായി രേഖപ്പെടുത്തിയ കള്ളമൊഴി. ഇത് ഷാഹിന റിപ്പോര്‍ട്ട് ചെയ്തത് വന്‍ കോളിളക്കം സൃഷ്ടിച്ചു. നിരവധി അച്ചടി ദൃശ്യമാധ്യമങ്ങളും ഇത് ഏറ്റെടുത്തു. രാഷ്ട്രീയ രംഗത്തും ഇത് വമ്പിച്ച ചര്‍ച്ചയായി കത്തിക്കയറി.
അതിനിടയിലാണ് ഷാഹിനയെയും സുബൈറിനെയും പുരുഷോത്തമനെയും മടിക്കേരി ടൗണ്‍ ജുമാ മസ്ജിദ് ഇമാം ഉമര്‍ മൗലവിയെയും പ്രതി ചേര്‍ത്ത് കര്‍ണ്ണാടക പോലീസ് പകരം വീട്ടിയത്. റഫീഖിനെ സ്വാധീനിച്ച് മഅ്ദനിക്ക് അനുകൂലമാക്കിയെടുക്കാനായാണ് ഷാഹിനയും സംഘവും കേരളത്തില്‍നിന്ന് എത്തിയതെന്നായിരുന്നു കര്‍ണ്ണാടക പോലീസിന്റെ വാദം. പ്രോസിക്യൂഷന്‍ സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കുറ്റമാരോപിച്ച് ഇവര്‍ക്കെതിരെ പ്രത്യേക വകുപ്പുകളിട്ട് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസ് കുടക് കോടതികളില്‍ നടക്കുകയാണ്.
കുടകിലെ സോമാര്‍ പേട്ടയില്‍ വെച്ചാണ് റഫീഖിനോട് ഷാഹിനയും സംഘവും സംസാരിക്കുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത ഉടന്‍ മുന്‍കൂര്‍ ജാമ്യാഅപേക്ഷ സമര്‍പ്പിച്ച ശേഷം പുരുഷോത്തമന്‍ കുണ്ടംകുഴി ഒളിവില്‍ പോയി. ഒളിവിലിരിക്കെ അദ്ദേഹം ഹൃദയാഘാതം മൂലം മരണപ്പെട്ടു. കര്‍ണ്ണാടക പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനമേറ്റാണ് മുമ്പ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച പുരുഷോത്തമന്‍ മരണപ്പെടുന്നത്. കുടകില്‍ തുടരുന്ന കേസില്‍ ഹാജരാകാനായി ഷാഹിന മടിക്കേരിയിലെത്താറുണ്ട്. ഷാഹിനക്ക് വേണ്ടി ഹാജരാകുന്നത് ബംഗളൂരുവിലെ അഭിഭാഷകനാണ്.
keywords: banglore-explosion-case-madani-rafeeq-shahina

Post a Comment
0 Comments