കാസര്‍കോട്: (www.evisionnews.in) ഉദുമ മാങ്ങാട് ആര്യടുക്കത്തെ സിപിഐഎം പ്രവര്‍ത്തകന്‍ എം ബി ബാലകൃഷ്ണനെ ഒരു വര്‍ഷം മുമ്പ് തിരുവോണ ദിവസം കുത്തിക്കൊന്നത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയാണെന്ന് പ്രതിയുടെ വെളിപ്പെടുത്തല്‍. കേസിലെ ഏഴാം പ്രതി ഷിബു കടവങ്ങാനമാണ് നിര്‍ണായക വെളിപ്പെടുത്തലുമായി ബുധനാഴ്ച പത്രസമ്മേളനം നടത്തിയത്.
പിടികിട്ടാപ്പുള്ളിയായ പ്രതി പത്രസമ്മേളനം നടത്തുന്നതറിഞ്ഞ് പ്രസ്‌ക്ലബ്ബ് പരിസരത്ത് ഡി. വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ടൗണ്‍ പോലീസ് എത്തി ഇവരെ നീക്കി ഷിബുവിനെ അറസ്റ്റുചെയ്ത് ടൗണ്‍ സ്‌റ്റേഷനിലെക്ക് മാറ്റി. ഡി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറി കടവങ്ങാനം കുഞ്ഞിക്കേളുനായരുടെ മകനാണ് ഷിബു. ഡി. സി. സി പ്രസിഡണ്ട് സി. കെ. ശ്രീധരന്‍ പ്രസിഡണ്ടായ ഉദുമ സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. സി. കെ. ശ്രീധരന്റെ ഉപദേശമനുസരിച്ചാണ് താന്‍ ഒളിവില്‍ പോയതെന്ന് ഷിബു പത്രസമ്മേളനത്തില്‍ വിധരണം ചെയ്ത വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ഒളിവില്‍ പോകാന്‍ ഉപദേശിച്ച ശേഷം കോണ്‍ഗ്‌സ് പാര്‍ട്ടിയോ നേതാക്കളോ തന്നെ സഹായിച്ചിട്ടില്ല. തന്നെ നേര്‍ച്ചക്കോഴിയെപ്പോലെയാണ് നേതൃത്വം കണക്കാക്കിയതെന്ന് ഷിബു പറയുന്നു. ഷിബുവിനെക്കൂടാതെ ഐഎന്‍ടിയുസി ഉദുമ മണ്ഡലം പ്രസിഡന്റ് മാങ്ങാട്ടെ മജീദ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ആര്യടുക്കം കോളനിയിലെ ലുട്ടാപ്പി പ്രജിത്ത് എന്നിവരാണ് മറ്റു പ്രതികള്‍.
ബാലകൃഷ്ണന്റെ രണ്ടാം രക്തസാക്ഷിദിനമാണ് ബുധനാഴ്ച. തിരുവോണദിവസം രാത്രി 8.30 മണിയോടെ ആര്യടുക്കം ബാര ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന് സമീപത്തെ ഇടവഴിയിലൂടെ സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ബാലകൃഷ്ണന് കുത്തേറ്റത്. കുത്തേറ്റ ബാലകൃഷ്ണന്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടുന്നതിനിടെ വഴിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയവര്‍ ബാലകൃഷ്ണനെ ഉടന്‍ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
നെഞ്ചിന് ആഴത്തിലേറ്റ കുത്താണ് ബാലകൃഷ്ണന്റെ മരണത്തിന് ഇടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ പറയുന്നു. ഒറ്റക്കുത്തുമാത്രമേ ബാലകൃഷ്ണന് ഏറ്റിരുന്നുള്ളു. അത് ആഴത്തില്‍ ഇറങ്ങി ഹൃദയത്തിന് മുറിവേറ്റിരുന്നു. പ്രത്യേക തരം കത്തിയാണ് കുത്താന്‍ ഉപയോഗിച്ചത്. പുറമേക്കു മുറിവ് കാണാത്ത രീതിയില്‍ കുത്താന്‍ പറ്റുന്ന രീതിയിലുള്ളതാണ് കത്തിയെന്ന് പോലീസ് പറഞ്ഞു.
പ്രസ് ക്ലബ്ബിന് മുമ്പില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ഡി. വൈ. എഫ്. ഐ ജില്ലാ സെക്രട്ടറി മണികണ്ഠന്‍, മധുമുദിയക്കാല്‍, സി. പി. എം ഏരിയാ സെക്രട്ടറി മുഹമ്മദ് ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കി.
അതേസമയം പത്രസമ്മേളനത്തിയ ഷിബുവിനെ ഡി. വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി അക്രമിക്കുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ബഹളത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകരാണ് ഷിബുവിനെ രക്ഷപ്പെടുത്തി പ്രസ്‌ക്ലബ്ബിനുള്ളിലേക്ക് കടത്തിവിട്ടത്.
keywords: balakrishnan-kill-dcc-help

Post a Comment
0 Comments