Type Here to Get Search Results !

Bottom Ad

എ. ആര്‍ റഹ്മാനെതിരെ മുസ്ലിം സംഘടനയുടെ ഫത്‌വ, രജനീകാന്തിന് ഹിന്ദു മുന്നണി ഭീഷണി


ചെന്നൈ: (www.evisionews.in) ഇന്ത്യയില്‍ കലാകാരന്മാര്‍ക്കും സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ മതവ്യത്യാസങ്ങളില്ലാതെ ഭീഷണിയും മതശാസനകളും തുടരുന്നു. ഏറ്റവും ഒടുവില്‍ സംഗീത സംവിധായകന്‍ എ. ആര്‍ റഹ്മാനെതിരെയും തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ രജനികാന്തുമാണ് ചില മതനേതാക്കളുടെ ഭീഷണിയും ശാസനയും നേരിടുന്നത്. 

പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള സിനിമയ്ക്ക് സംഗീതം ഒരുക്കിയതിനാണ് വിഖ്യാത സംഗീത സംവിധായകനും ഓസ്‌കര്‍ ജേതാവുമായ എ.ആര്‍ റഹ്മാനെതിരെ മുസ്‌ലിം സംഘടനയുടെ ഫത്‌വ. മുംബൈ ആസ്ഥാനമായുള്ള സുന്നി സംഘടനയായ റസ അക്കാദമിയാണ് ഫത്‌വ പുറപ്പെടുവിച്ചത്. പ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മജീദ് മജീദി ഒരുക്കിയ മുഹമ്മദ്: ദി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന ചിത്രമാണ് ഫത്‌വയ്ക്ക് ആധാരം. 

മൈസൂര്‍ സിംഹം ടിപ്പുസുല്‍ത്താന്റെ ജീവചരിത്രം ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചലചിത്രത്തില്‍ അഭിനയിക്കരുതെന്നാണ് നടന്‍ രജനികാന്തിനോട് ചെന്നൈയിലെ ഹിന്ദു മുന്നണി ഭീഷണി മുഴക്കിയിരിക്കുന്നത്. 

ടിപ്പുസുല്‍ത്താന്‍ ഒരു തമിഴ് വിരുദ്ധഭരണാധികാരിയായിരുന്നുവെന്നും അതുകൊണ്ടുതന്നെ തമിഴകത്തുനിന്നാരും ഈ ചലചിത്രത്തില്‍ അഭിനയിക്കരുതെന്നും ഹിന്ദു മുന്നണി നേതാവ് രാമഗോപാലന്‍ ആവശ്യപ്പെട്ടു. 

ബംഗളൂരുവിലെ ആശോക് ഖേനിയാണ് ടിപ്പുസുല്‍ത്താന്‍ സിനിമ നിര്‍മ്മിക്കുന്നത്. സിനിമയില്‍ ടിപ്പുവിനെ സ്വാതന്ത്ര സമര പോരാളിയായാണ് ചിത്രീകരിക്കുന്നത്. ഇത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. രാമഗോപാലന്‍ പറയുന്നു.

പ്രവാചകനെക്കുറിച്ചുള്ള സിനിമ ബഹിഷ്‌കരിക്കണമെന്നും സുന്നി സംഘടന എല്ലാ മുസ്‌ലിങ്ങളോടും ആവശ്യപ്പെട്ടു. സംവിധായകന്‍ മജീദ് മജീദിക്കെതിരെയും ഫത്‌വയുണ്ട്. മജീദിയും റഹ്മാനും ഉള്‍പ്പടെ സിനിമ ഒരുക്കുന്നതില്‍ പങ്കാളികളായ എല്ലാ മുസ്‌ലിങ്ങളും ഇതിലൂടെ പ്രവാചക നിന്ദയാണ് നടത്തിയതെന്നും കലിമ ചൊല്ലി വിവാഹം അടക്കമുള്ള എല്ലാ ചടങ്ങുകളും അവര്‍ വീണ്ടും നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.

ആഭ്യന്തരമന്ത്രിയോടും മഹാരാഷ്ട്ര മുഖ്യമന്ത്രിയോടും സിനിമ നിരോധിക്കണമെന്ന് റസ അക്കാദമി ആവശ്യപ്പെട്ടു. മുഹമ്മദ് നബിയെ ദൃശ്യവത്കരിക്കുകയോ ചിത്രീകരിക്കുകയോ ചെയ്യരുതെന്ന കല്‍പ്പന ലംഘിച്ചിരിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. പ്രവാചകന്റെ പേരില്‍ സിനിമ എടുത്തതിലൂടെ അപമാനിക്കപ്പെടുന്നത് പ്രവാചകന്റെ പേരാണെന്നും അവര്‍ പറയുന്നു. കഴിഞ്ഞ ആഗസ്ത് 27നാണ് മുഹമ്മദ്: ദി മെസഞ്ചര്‍ ഓഫ് ഗോഡ് എന്ന സിനിമ റിലീസ് ചെയ്തത്. എന്നാല്‍ ഇന്ത്യയില്‍ ഇതുവരെ പ്രദര്‍ശനത്തിനെത്തിയിട്ടില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad